ന്യൂദല്‍ഹി: രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന കൊവിഡ് രണ്ടാംതരംഗം വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് പഠനം. നിലവിലത്തേതിനെക്കാള്‍ മരണനിരക്ക് ഉയരുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് കൊവിഡ് മരണനിരക്ക് ഇനിയും ഉയരുമെന്ന കണ്ടെത്തല്‍. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജൂണ്‍ 11 ഓടെ 404000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.
രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കേണ്ട സാഹചര്യമാണിതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3780 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 34 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വാക്സിന്‍ കാലാകാലങ്ങളില്‍ പുതുക്കേണ്ടിവരുമെന്നും കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്ന് കേന്ദ്രം നിരീക്ഷിച്ചു. കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയ്ക്കും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Covid Forecasters Warn India Deaths May Double In Coming Weeks