ഓസ്റ്റിന്‍: അമേരിക്കയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പല നഗരങ്ങളിലും ആശുപത്രി കിടക്കകളുടെയും ഐ.സി.യു കിടക്കകളുടെയും രൂക്ഷ ക്ഷാമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടെക്‌സാസിന്റെ തലസ്ഥാന നഗരമായ ഓസ്റ്റിനില്‍ ആറ് ഐ.സി.യു കിടക്കകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. 24 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരമാണിത്.
മഹാമാരിയെ തുടര്‍ന്ന് അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് പ്രദേശം കടന്നുപോകുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആറ് ഐ.സി.യു കിടക്കകളും 313 വെന്റിലേറ്ററുകളുമാണ് നഗരത്തിലെ ആശുപത്രികളില്‍ അവശേഷിച്ചിരിക്കുന്നത്.
സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ശ്രദ്ധിച്ചില്ലെങ്കില്‍ മഹാദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ഇവര്‍ അറിയിച്ചു. ഓസ്റ്റിന്‍ നിവാസികള്‍ക്കെല്ലാം ഇതുസംബന്ധിച്ച് സന്ദേശവും അധികൃതര്‍ അയച്ചു കഴിഞ്ഞു.
‘നമ്മുടെ ആശുപത്രികളെല്ലാം വലിയ സമ്മര്‍ദത്തിലാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നമുക്ക് അവരുടെ ഭാരം കുറക്കാനായി കാര്യമായൊന്നും ചെയ്യാനുമാകുന്നില്ല,’ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡെസ്‌മെര്‍ വോക്‌സ് പറഞ്ഞു.
എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാനും മാസ്‌ക് ധരിക്കലടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍റ്റ വകഭേദം അമേരിക്കയില്‍ പടരാന്‍ തുടങ്ങിയതിന് പിന്നാലെ രാജ്യത്ത് പല നിയന്ത്രണങ്ങളും മടക്കിക്കൊണ്ടുവന്നിരുന്നു.
അതേസമയം, അമേരിക്കയില്‍ വാക്‌സിന്‍ വിരുദ്ധ വികാരം ശക്തമാകുന്നത് രോഗനിയന്ത്രണത്തിന് തിരിച്ചടിയാകുന്നുണ്ട്. കുത്തിവെയ്പ്പിന് വേണ്ടി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്‌സിനെടുക്കുന്നവര്‍ക്ക് പണം പാരിതോഷികമായി നല്‍കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.