| Thursday, 6th May 2021, 7:04 pm

രോഗം ബാധിച്ച 99 ശതമാനത്തിലേറെ പേരും രക്ഷപ്പെടുന്നുണ്ടല്ലോ, പിന്നെയും എന്തുകൊണ്ട് കൊവിഡിനെ പേടിക്കണം ?

ഡോ: നെല്‍സണ്‍ ജോസഫ്

ഇക്കഴിഞ്ഞ ദിവസം ഒരു വീഡിയോയില്‍ ഏതോ ഒരു വിവരദോഷി പറയുന്നത് കേട്ടു കൊവിഡ് 99.6% ആളുകളും രക്ഷപ്പെടാന്‍ സാധ്യതയുള്ള അസുഖമാണ്. അതുകൊണ്ട് അതിനെ ഗൗനിക്കുകയേ വേണ്ടെന്ന്. കേള്‍ക്കുമ്പൊ ഏറെക്കുറെ ശരിയാണെന്ന് തോന്നാം.

കേരളത്തിലെ കൊവിഡിന്റെ മരണനിരക്ക് ഇപ്പോള്‍ 0.32% ആണ്. അതായത് 99.68% ആളുകളും കൊവിഡിന്റെ പിടിയില്‍ നിന്ന് മോചിതരായിട്ടുണ്ട്.
മുന്‍പ് പ്രായാധിക്യമുള്ള, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുള്ള 90 വയസിലധികമുള്ളവരെ അടക്കം നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രക്ഷിച്ചെടുത്ത വാര്‍ത്ത നമ്മള്‍ കേട്ടിട്ടുമുണ്ട്.

പിന്നെ എന്തിനാണ് സൂക്ഷിക്കണമെന്ന് പറയുന്നത്?

നേരത്തെ പറഞ്ഞ 90 വയസുകാരുടെ കാര്യമെടുക്കാം. കഴിഞ്ഞ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ ആ വാര്‍ത്ത വരുമ്പൊ കേരളത്തില്‍ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 100-200 കളിലാണ്. അതായത് അവര്‍ക്ക് അത്യധികം ശ്രദ്ധ നല്‍കാന്‍ നമുക്ക് കഴിയുന്ന അവസ്ഥയായിരുന്നു.

ഇപ്പോഴത്തെ രോഗബാധിതരുടെ എണ്ണമെടുക്കാം. ഇന്നലെ മാത്രം നാല്‍പ്പതിനായിരത്തിലേറെ. കഴിഞ്ഞ ഒരാഴ്ചകൊണ്ട് മാത്രം രണ്ടര ലക്ഷത്തിനടുത്ത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25ന് അടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. ഇത് ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സംഭവിക്കാനിടയുള്ള കുറച്ച് കാര്യങ്ങളുണ്ട്.

നമ്മള്‍ മികച്ച രീതിയിലാണ് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. പക്ഷേ ആരോഗ്യസംവിധാനങ്ങള്‍, പ്രത്യേകിച്ച് മനുഷ്യവിഭവം അടക്കമുള്ളവ അനന്തമായി അങ്ങനെ നീളുന്ന ഒരു റിസോഴ്‌സല്ല. ഇതേ നിരക്കില്‍ രോഗപ്പകര്‍ച്ച മുന്നോട്ട് പോയാല്‍ ആ സംവിധാനങ്ങള്‍ മതിയാവാതെ വന്നേക്കാം. കിടക്കകള്‍ നിറഞ്ഞേക്കാം. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കിട്ടാതെവന്നേക്കാം.

ഇപ്പൊത്തന്നെ രോഗികളായവരുണ്ട്. അവര്‍ ഒരു ദിവസം കൊണ്ടല്ലല്ലോ ആശുപത്രി വിടുന്നത്. അതിനൊപ്പം അനിയന്ത്രിതമായി വൈറസിനെ നമ്മള്‍ കെട്ടഴിച്ചുവിട്ടാല്‍ എല്ലാവരെയും ഒന്നിച്ച് നോക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാതെ വന്നേക്കാം.

ഒറ്റയടിക്ക് ഒരുപാട് പേര്‍ രോഗബാധിതരായി ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത ഉയരത്തിലെത്തിയപ്പൊ എന്താണ് സംഭവിച്ചതെന്ന് അമേരിക്കയും ഇറ്റലിയുമൊക്കെ ഉദാഹരണങ്ങളായി മുന്നിലുണ്ടല്ലോ. അന്ന് മരണനിരക്ക് ഈ 0.32% ല്‍ നില്‍ക്കണമെന്നില്ല.

അതായത് വൈറസിന്റെ മ്യൂട്ടേഷന്‍ എന്നതിനെ ഒരു വശത്തേക്ക് തല്‍ക്കാലം മാറ്റിനിര്‍ത്തിയാല്‍ പോലും പ്രശ്‌നങ്ങളുണ്ട്. മരണങ്ങള്‍ അറിഞ്ഞും അറിയിച്ചും പരിചയമുള്ളതുകൊണ്ട് പറയുകയാണ്. ഒരു മരണമെങ്കില്‍ ഒരു മരണം അറിയുന്നതും അറിയിക്കുന്നതും അത്ര സുഖമുള്ള പരിപാടിയല്ല.

ഒരൊറ്റ വഴിയേ ഉള്ളൂ. രോഗവ്യാപനം സകല വില കൊടുത്തും തടയുക.

– കഴിയുന്നവരൊക്കെ വീടിനുള്ളില്‍ത്തന്നെ തുടരുക.
– ഏതെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങണമെന്ന് തോന്നിയാല്‍ സ്വയമൊന്ന് രണ്ട് വട്ടം ചോദിക്കുക. ഇത് അത്രയ്ക്ക് അത്യാവശ്യമുള്ളതാണോ അല്ലയോ എന്ന്.
– സംസാരിക്കുമ്പൊ മാസ്‌ക് വച്ചുതന്നെ സംസാരിക്കുക. ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. മാസ്‌ക് താഴ്ത്തി ചുമയ്ക്കരുത്. തുമ്മരുത്. തുപ്പരുത്.
– ഒരു തരത്തിലുള്ള കൂട്ടം കൂടലുകളും തല്‍ക്കാലം വേണ്ട.

നമ്മളാണ് തീരുമാനിക്കുന്നത് എന്താണുണ്ടാവുകയെന്ന്. എല്ലാവരും സുരക്ഷിതരാവുന്നത് വരെ ആരും സുരക്ഷിതരാവുന്നില്ല.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Covid death rate is very low then why we should be careful about the virus, Dr. Nelson Joseph explains

ഡോ: നെല്‍സണ്‍ ജോസഫ്

We use cookies to give you the best possible experience. Learn more