തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
സംസ്ഥാന സമിതിയായിരുന്നു ഇതുവരെ കൊവിഡ് മരണം നിശ്ചയിച്ചിരുന്നത്. ഈ രീതി മാറ്റി ജില്ലാ തലത്തില്‍ തന്നെ മരണം സ്ഥിരീകരിക്കാനാണ് തീരുമാനം.
കൊവിഡ് മരണമാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മാനദണ്ഡം മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കവെയായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ തുറക്കാന്‍ അനുമതിയില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. 15 ശതമാനത്തിന് താഴേക്ക് ടി.പി.ആര്‍ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഏഴാം തിയതി മുതല്‍ എത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിര്‍ദേശപ്രകാരം 10-ാം തിയതി മുതലാണ് ജീവനക്കാരോട് സ്ഥാപനങ്ങളിലെത്താന്‍ പറഞ്ഞിട്ടുള്ളത്.