| Sunday, 17th May 2020, 3:48 pm

'കുറച്ചു പേര്‍ മരിക്കും അതാണ് ജീവിതം'; ഇന്നു വരെ മരിച്ചത് 15000 ത്തിലധികം പേര്‍, കൊവിഡ് വ്യാപനത്തില്‍ ബ്രസീല്‍ നാലാം സ്ഥാനത്ത്, ഒരു പ്രസിഡന്റ് ഒരു രാജ്യത്തെ മരണക്കെണിയിലേക്ക് തള്ളിവിടുന്നതെങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,’ മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട്  പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്.

ഈ പരാമര്‍ശം കഴിഞ്ഞ് ഒന്നരമാസത്തിനിപ്പുറം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബ്രസീല്‍. 14,919 പേര്‍ക്കാണ് ശനിയാഴ്ച ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്.15562 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,33,142 ആയി. അമേരിക്ക, റഷ്യ, യു.കെ എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ബ്രസീല്‍ ഇപ്പോള്‍ കൊവിഡ് വ്യാപനത്തില്‍. നേരത്തെ കൊവിഡ് കേസുകള്‍ രൂക്ഷമായിരുന്ന ഇറ്റലിയെയും സ്പെയിനിനെയും ബ്രസീല്‍ പിന്നിലാക്കി.

ബ്രസീല്‍ ജനതയെ അപടകടത്തിലേക്ക് തള്ളി വിടുന്ന ബൊല്‍സൊനാരോ

മാര്‍ച്ചില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബ്രസീലിലെ 26 ഗവര്‍ണര്‍മാര്‍ രാജ്യത്ത് അത്യാവശ്യമല്ലാത്ത സാമ്പത്തിക പദ്ധതി പ്രവര്‍ത്തനങ്ങളും പൊതുസര്‍വീസുകളും താല്‍ക്കാലികമായി വിലക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബൊല്‍സൊനാരോ രംഗത്തു വന്നു.

കൊവിഡ്-19 വ്യാപനത്തിനെതിരെ പ്രസിഡന്റ് കൃത്യമായി നടപടി എടുക്കാത്തതിന്റെ പേരില്‍ ബ്രസീലിലെ ഗവര്‍ണര്‍മാരും ഇദ്ദേഹവും തമ്മില്‍ അസ്വാരസ്യത്തിലാണ്. കൊവിഡ് പ്രതിരോധത്തിനേക്കാളും രാജ്യത്തെ സാമ്പത്തിക രംഗത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നാരോപിച്ചാണ് ഗവര്‍ണര്‍മാര്‍ ബൊല്‍സൊനാരോയ്ക്കെതിരെ തിരിയുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ രണ്ടു ആരോഗ്യമന്ത്രിമാരാണ് ബ്രസീലില്‍ അധികാരത്തില്‍ നിന്നും പുറത്തു പോയത്. ബൊല്‍സൊനാരോയുടെ കൊവിഡ് പ്രതിരോധ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ആരോഗ്യമന്ത്രി നെല്‍സണ്‍ ടെയിക് രാജിവെച്ചത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വ്യാപകമായി ഉപയോഗിക്കാനുള്ള ബൊല്‍സൊനാരോയുടെ നിര്‍ദ്ദേശത്തിനെതിരെ ആരോഗ്യ മന്ത്രി രംഗത്തു വന്നിരുന്നു.

അര്‍ബുദ രോഗ ചികിത്സാ വിദഗ്ധന്‍ കൂടിയായ ടെയിക് ഒരു മാസം മുമ്പാണ് മന്ത്രിസഭയില്‍ അംഗമായത്. ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മണ്ടേറ്റയെ ബൊല്‍സൊനാരോ പുറത്താക്കിയതിനു പിന്നാലെയാണ് ടെയിക് തല്‍സ്ഥാനത്തേക്ക് നിയമിതനായത്. ഏപ്രില്‍ 16ന് ആയിരുന്നു അദ്ദേഹത്തിന്റെ രാജി.

കൊവിഡ്-19 ചികിത്സയ്ക്കായി ബൊല്‍സൊനാരോ മുന്നോട്ട് വെച്ച അശാസ്ത്രീയ ചികിത്സാ രീതികളെ മുന്‍ ആരോഗ്യമന്ത്രിയും എതിര്‍ത്തിരുന്നു. ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള ചികിത്സാ രീതികള്‍ മാത്രം പിന്തുടരാനായിരുന്നു ലൂയിസ് ഹെന്റിക് മണ്ടേറ്റ നിര്‍ദ്ദേശിച്ചത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ അനിയന്ത്രിത ഉപയോഗത്തെ ഇദ്ദേഹവും അംഗീകരിച്ചിരുന്നില്ല. ഗവര്‍ണര്‍മാര്‍ സ്വീകരിച്ച ലോക്ഡൗണ്‍ നടപടികളെ ഇദ്ദേഹം പ്രശംസിച്ചപ്പോള്‍ ബൊല്‍സൊനാരോ അതിനെ എതിര്‍ക്കുകയാണുണ്ടായത്.

കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിച്ച ബൊല്‍സൊനാരോ ഈ വൈറസിനെതിരെയുള്ള മുന്‍ കരുതലുകള്‍ കാല്‍പ്പനികവും ഒരു തരം ഹിസ്റ്റീരിയയുമാണെന്നായിരുന്നു ഒരു വേള പറഞ്ഞത്.

കൊവിഡിനെ വിജയകരമായി നേരിടുന്നതിന് ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ബോള്‍സോനാരോ ആണെന്നാണ് പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ആയ ദ ലാന്‍സെറ്റ് തന്റെ എഡിറ്റോറിയലിലൂടെ മെയ് ആദ്യം പ്രതികരിച്ചത്.

മാര്‍ച്ചില്‍ സാവോ പോളോയിലുള്‍പ്പെടെയുള്ള നഗരങ്ങളിലെ വീടുകളിലെ ബാല്‍ക്കണികളില്‍  ജനങ്ങള്‍ പാത്രങ്ങള്‍ തമ്മിലടിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധം നടത്തിയിരുന്നു. ബൊല്‍സൊനാരോ അധികാരത്തില്‍ നിന്ന് പുറത്തു പോവണം എന്നാണ് ഇവര്‍ ബാല്‍ക്കണികളില്‍ നിന്നും വിളിച്ചു പറഞ്ഞത്.

യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രസീലില്‍ നടത്തിയ കൊവിഡ് പരിശോധനകളും കുറവാണ്.

Latest Stories

We use cookies to give you the best possible experience. Learn more