| Sunday, 26th July 2020, 9:11 am

സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു; ലംഘിക്കുന്നവര്‍ക്ക് പിഴയും ഒരു വര്‍ഷം വരെ തടവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. ജില്ലാതലങ്ങളില്‍ ഇത് നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഏത് സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പങ്കെടുപ്പിക്കാമെന്നാണ് തീരുമാനം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ ഉറപ്പാക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ മാനേജ്മെന്റ് നിയമത്തിലെ 51 ബി വകുപ്പ് പ്രകാരം ശിക്ഷാനടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴയോ ഒരു വര്‍ഷം വരെ തടവോ ലഭിക്കും.

ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുമായ ഡോ.എ ജയതിലക് ആണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് സുഭിക്ഷ കേരളം പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more