| Monday, 20th July 2020, 9:18 am

രാജാക്കാട് സാമൂഹിക വ്യാപനത്തിന്റെ വക്കില്‍; സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: രാജ്യത്ത് ആദ്യം സാമൂഹിക വ്യാപനം സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ധിക്കുന്നത് സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നുണ്ട്.

ഇത്തരത്തില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇടുക്കി രാജാക്കാട് നിന്നും പുറത്തുവരുന്നത്. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് രാജാക്കാട് എന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ഇവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. പരിശോധനകള്‍ വര്‍ധിപ്പിച്ച് ആള്‍ക്കാരെ ഉടന്‍ നിരീക്ഷണത്തിലാക്കണമെന്നാവശ്യം വര്‍ധിക്കുകയാണിവിടെ.

ഇന്നലെ വന്ന കണക്കുകള്‍ പ്രകാരം രാജാക്കാട് അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 36 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം അതിര്‍ത്തി മേഖലയായ രാജാക്കാട് തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പേര്‍ വന്നുപോയിരുന്നു. ഇവരില്‍ പലരും പ്രദേശത്ത് ഇപ്പോഴും താമസിക്കുന്നുമുണ്ട്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റ് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇനിയും രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയുള്ളതിനാല്‍ പരിശോധനകള്‍ വ്യാപകമാക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more