| Sunday, 24th May 2020, 4:16 pm

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും കൂടും; മുന്നറിയിപ്പുമായി കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് കേസുകളിലെ വര്‍ധന പ്രതീക്ഷിച്ചിരുന്നതാണ്. പുറത്തുനിന്ന് വരുന്നവരില്‍ പോസിറ്റീവ് കേസുകളും ഉണ്ടാകാം. അവരില്‍നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത് നിയന്ത്രിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പുറത്തുനിന്ന് വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടാകും. വരുന്നയാളുകളെ കൃത്യമായി ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കുകയും അവര്‍ കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവരില്‍നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയാന്‍ സാധിക്കും. അങ്ങനെയാണ് എണ്ണം താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുക. കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാകുമെന്നും മന്ത്രി പറഞ്ഞു.

വരുന്നവരില്‍നിന്നുള്ള പോസിറ്റീവ് കേസുകള്‍ കൃത്യമായി മാനേജ് ചെയ്യാനാകും. പക്ഷെ ആ ആളുകള്‍ കൃത്യമായി ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണം. ഇവിടെയുള്ളവരും കൃത്യമായി ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണം.

പ്രായം ചെന്നവരും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള റിവേഴ്സ് ക്വാറന്റീന്‍ പാലിക്കണം. ഇവര്‍ ആരും പുറത്തുനിന്ന് വന്നവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കവും പാടില്ല. ഇവ കൃത്യമായി പാലിച്ചാല്‍ കേരളത്തിന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മരണം കുറച്ചുനിര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാകുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. അത് അല്‍പം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും അവര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more