| Monday, 15th November 2021, 3:05 pm

കൊവിഡ് വ്യാപന കേന്ദ്രമായി യൂറോപ്പ്; തീവ്രപരിചരണ വിഭാഗങ്ങള്‍ നിറയുന്നു, രണ്ടാഴ്ച നിര്‍ണായകം; വാക്സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രേലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്ട്രേലിയ: രണ്ട് ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്ട്രേലിയ. കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഭക്ഷണം വാങ്ങാനോ ജോലിസംബന്ധമായതോ ആയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ പുറത്തിറങ്ങാവൂ.

നിയന്ത്രണങ്ങളെ നിസാരമായി കാണരുതെന്നും അനിവാര്യമായതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് പറഞ്ഞു.

പശ്ചിമ യൂറോപ്പില്‍ ഏറ്റവും കുറവ് വാക്സിന്‍ വിതരണം നടത്തിയ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 65% ആളുകള്‍ മാത്രമാണ് ഇവിടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചത്. അതേസമയം യൂറോപ്പില്‍ കൊവിഡ് വ്യാപന നിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യങ്ങളിലൊന്നും ഓസ്ട്രേലിയ തന്നെയാണ്. ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 100,000 ല്‍ 800 പേര്‍ക്കെന്ന നിരക്കിലാണ് ഇവിടെ രോഗ വ്യാപനം.

യൂറോപ്പ് വീണ്ടും രോഗവ്യാപനത്തിന്റെ കേന്ദ്രമാവുന്നു എന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന. കൊവിഡ് വ്യാപനം ഉയര്‍ന്ന നിരക്കിലുള്ള ബ്രിട്ടനില്‍ തിരക്കേറിയ ഇടങ്ങളില്‍ മുഖാവരണം പോലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് വിദഗ്ദര്‍ ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം ഇത് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

അതേസമയം രോഗികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയയില്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കുന്ന നിയന്ത്രങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും, അടുത്തിടെ രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും ഇളവുകളുണ്ടാവുക.

ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ നിറയുകയാണെന്നും രണ്ടാഴ്ചക്കകം കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും വിയന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ഇവാ ഷെറണ്‍ഹാമര്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു തീയറ്ററുകളും, ഹോട്ടലുകളും പോലുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതിയില്ല.

ചുരുക്കത്തില്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരോടും വീട്ടിലിരിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പൊലീസ് പരിശോധന ശക്തമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ നടപടി രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കുമെന്നാണ് തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി പറയുന്നത്.

‘ഞങ്ങളുടെ ശരീരം, ഞങ്ങളുടെ സ്വാതന്ത്യം’ എന്ന ബോര്‍ഡ് ഉയര്‍ത്തി പിടിച്ച് നിരവധി പേരാണ് വിയന്നയിലെ ചാന്‍സലറിക്ക് പുറത്ത് തടിച്ച് കൂടിയത്.

ഓസ്ട്രേലിയയില്‍ നിന്നും വരുന്നവര്‍ ക്വറന്റൈനില്‍ പ്രവേശിക്കണമെന്ന് 67.3% ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജര്‍മനി നിര്‍ദേശിച്ചിട്ടുണ്ട്. കടകളും ഹോട്ടലുകളും നേരത്തെ അടക്കുന്നതുള്‍പ്പെടെയുള്ള ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡും.

50% ജനങ്ങള്‍ മാത്രം പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ച ലാത്വിയയില്‍ കഴിഞ്ഞ മാസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച നിയമനിര്‍മ്മാതാക്കളെ വോട്ടിംങ്ങില്‍ നിന്നും സംവാദങ്ങളില്‍ നിന്നും അടുത്ത വര്‍ഷം പകുതി വരെ വിലക്കുകയും ചെയ്തിട്ടുണ്ട്.

35% ശതമാനം മാത്രം വാക്സിനേഷന്‍ നിരക്കുള്ള റഷ്യയിലെ മോസ്‌കോയില്‍ ഒക്ടോബര്‍ അവസാനത്തോടെ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിരുന്നു. സിംഗപൂരില്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഡിസംബറോടെ ചികിത്സാ ചിലവുകള്‍ സ്വയം വഹിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more