തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആന്റിജന്‍ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം വന്നത്.
ഫലം നെഗറ്റീവായെങ്കിലും മന്ത്രിമാര്‍ നിരീക്ഷണത്തില്‍ തുടരും. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുറമെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, മന്ത്രി എ.സി മൊയ്ദീന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയത്.
കരിപ്പൂര്‍ വിമാന ദുരന്തത്തിന് ശേഷം വിമാനത്താവളവും കോഴിക്കോട് മെഡിക്കല്‍ കോളെജും സന്ദര്‍ശിച്ചിരുന്നു. അന്നേദിവസം അവിടെയുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
സ്വയം നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ ആഗസ്റ്റ് 15ന് തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തുക മന്ത്രി കടകം പള്ളി സുരേന്ദ്രനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1354 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 1304 പേരുടെ പരിശോധനാഫലം നെഗറ്റീവായി.