ന്യൂദല്‍ഹി: വലിയ രോഗലക്ഷണങ്ങളില്ലാതെ വീട്ടില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖ പുറത്തിറങ്ങി. ഇത്തരക്കാര്‍ക്ക് റെംഡിസിവര്‍ ഇന്‍ജക്ഷന്‍ വാങ്ങുകയോ നല്‍കുകയോ ചെയ്യരുതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. വീട്ടില്‍ കഴിയുന്ന രോഗികള്‍ മൂന്നുലെയറുകളുള്ള മെഡിക്കല്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം വീട്ടില്‍ കഴിയുന്ന രോഗികളുമായി ബന്ധപ്പെടുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും ഡോക്ടറുടെ നിര്‍ദേശാനുസരണം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രോഫിലാക്‌സിസ് നല്‍കാം.
കാര്യമായി രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് വായിലൂടെയുള്ള സ്റ്റിറോയ്ഡുകള്‍ നല്‍കേണ്ടതില്ല. ഏഴു ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം വായിലൂടെയുള്ള സ്റ്റിറോയ്ഡ് ചെറിയ ഡോസില്‍ നല്‍കാം. തുടങ്ങിയ നിര്‍ദേശങ്ങളും മാര്‍ഗരേഖയില്‍ പറയുന്നു.