| Thursday, 9th July 2020, 7:11 pm

തലസ്ഥാനത്ത് സ്ഥിതി ഗുരുതരമാവുന്നു; മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 213 പേര്‍ക്ക്; 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി ഗുരുതരമാവുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്ന് 95 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചെന്നും അവിടെ  ഇതേ രീതി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത്. സെന്റിനല്‍ സര്‍വൈലന്‍സ് ഊര്‍ജ്ജിതപ്പെടുത്തി. ആന്റിജന്‍ പരിശോധന വ്യാപകമാക്കും. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്ടാക്ട് ട്രേസിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും. അനാവശ്യ സഞ്ചാരം ഒഴിവാക്കാന്‍ പൊലീസ് ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദൈനംദിന റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്‌സ്, റവന്യു, ഭക്ഷണശാലകള്‍ തുടങ്ങിയവയുമായി ഏകോപനം ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. ആരോഗ്യവകുപ്പ് ഇതിന്റെ മാര്‍ഗനിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്താല്‍ പ്രത്യാഘാതം വലുതായിരിക്കും. കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണാണ് നടപ്പാക്കുന്നത്.

ജനം പുറത്തിറങ്ങാതിരിക്കാന്‍ പൊലീസ് കമാന്റോകളുടെ സേവനം വരെ ഉപയോഗിക്കുന്നു. 500 പൊലീസുകാരെ പൂന്തുറയില്‍ മാത്രം വിന്യസിച്ചു. ക്രമസമാധാനപാലന ചുമതലയുള്ള പൊലീസിന്റെ മാത്രം ചുമതലയല്ല. സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണിത്. സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ പ്രശ്‌നത്തില്‍ ആരോഗ്യകരമായി ഇടപെടണം

മതനേതാക്കള്‍, സാമൂഹിക നേതാക്കള്‍, തുടങ്ങി ജനങ്ങളില്‍ സ്വാധീനമുള്ളവര്‍ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. നല്ല രീതിയില്‍ ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകള്‍ കടലിലൂടെ തമിഴ്നാട്ടിലേക്ക് പോകുന്നതും വരുന്നതും തടഞ്ഞിട്ടുണ്ട്. ഇത് പ്രയാസമുണ്ടാക്കുമെന്ന് നല്ല നിശ്ചയമുണ്ട്. പക്ഷെ രോഗവ്യാപനത്തിന് ഇടയാക്കും വിധം പരസ്പര ബന്ധവും യാത്രയും ഇപ്പോള്‍ അനുവദിക്കാനാവില്ല. ചിലത് അനുഭവത്തില്‍ നിന്ന് പഠിക്കണം. ഒരാള്‍ സംസ്ഥാനത്തിന് പുറത്തുപോയി മത്സ്യം വാങ്ങി തിരിച്ച് വന്ന് ഇവിടെ കച്ചവടം ചെയ്തു. അദ്ദേഹത്തിലൂടെ മാത്രം 21 പേര്‍ക്ക് രോഗം ലഭിച്ചു. ഇത്തരം കാര്യങ്ങള്‍ അനുഭവത്തില്‍ വന്നു. ആ സാഹചര്യത്തില്‍ ഈ പറയുന്ന യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നാളെ ദു:ഖിക്കാതിരിക്കാനാണ്. എല്ലാവരും സഹകരിക്കണം. തമിഴ്‌നാട് പൊലീസുമായി സഹകരണം തുടരും. പൂന്തുറയില്‍ ഒരു ലക്ഷം മാസ്‌ക് പൊലീസ് സൗജന്യമായി വിതരണം ചെയ്തു. തിരുവനന്തപുരത്ത് ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കായി പൊലീസ് സഹായം എത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സ്തംഭനത്തിലേക്ക് നയിക്കും. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരും കാണിക്കണം. അതൊഴിവാക്കാന്‍ നല്ല ജാഗ്രതയില്‍ ജീവിതം തുടരാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more