കൊവിഡ് 19; സുരക്ഷാ കരുതല്‍ മുന്‍ നിര്‍ത്തി കോഴിക്കോട് മുഹ്‌യുദ്ധീന്‍ പള്ളിയും ഉടനെ തുറക്കില്ല
COVID-19
കൊവിഡ് 19; സുരക്ഷാ കരുതല്‍ മുന്‍ നിര്‍ത്തി കോഴിക്കോട് മുഹ്‌യുദ്ധീന്‍ പള്ളിയും ഉടനെ തുറക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2020, 12:54 pm

കോഴിക്കോട്: അനുമതി ലഭിച്ചെങ്കിലും സുരക്ഷാ കരുതല്‍ മുന്‍ നിര്‍ത്തി കോഴിക്കോട് മുഹ്‌യുദ്ധീന്‍ പള്ളി ഉടനെ തുറക്കില്ലെന്ന് തീരുമാനം. പാളയം മുഹ്‌യുദ്ദീന്‍ പള്ളി പരിപാലന കമ്മറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിനാല്‍ പള്ളി അനിശ്ചിത കാലത്തേക്ക് തുറക്കുന്നില്ലെന്ന് പാളയം മുഹ്‌യുദ്ദീന്‍ പള്ളി പരിപാലന കമ്മറ്റി അറിയിച്ചു.

നേരത്തെ തിരുവനന്തപുരം പാളയം പള്ളിയും ഉടനെ തുറക്കുന്നില്ലെന്ന് തീരുമാനം എടുത്തിരുന്നു. ഇവിടെ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ജമ അത്ത് പരിപാലന സമിതി പറഞ്ഞിരുന്നു.

നേരത്തെ സംസ്ഥാനത്ത് ജൂണ്‍ 8 ന് ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ നടപ്പിലാക്കേണ്ട നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായം ചെന്നവരും കുട്ടികളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ എത്തരുതെന്ന കേന്ദ്ര നിര്‍ദ്ദേശവും ആരാധനാലയങ്ങള്‍ നടപ്പാക്കണം ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. ആറടി അകലം പാലിക്കണം, കൈകള്‍ സോപ്പിട്ട് കഴുകണം. പൊതുവായ സ്ഥലത്തുനിന്ന് വെള്ളം എടുക്കരുത്.

വെള്ളമെടുക്കാന്‍ ടാപ്പുകള്‍ തന്നെ ഉപയോഗിക്കണം. പൊതു സ്ഥലത്ത് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. കൊവിഡ് മുന്‍കരുതല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തി വക്കുകയും ചെയ്യണം.

വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. പായ വിരിപ്പ് എന്നിവ പ്രാര്‍ത്ഥനക്ക് എത്തുന്നവര്‍ കൊണ്ടുവരണം. ഭക്തിഗാനങ്ങള്‍ പാടുന്നതിന് പകരം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. അസുഖമുള്ള വ്യക്തി ആരാധനാലയത്തിലെത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം അതേപടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പ്രവേശനം വെര്‍ച്ചല്‍ ക്യൂ വഴി നിയന്ത്രിക്കുമെന്നും ഒരുസമയം 50 പേരില്‍ അധികം ആളുകള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യഭിഷേകത്തിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ദേവസ്വം ജീവനക്കാര്‍ക്ക് മാസ്‌കും കൈയ്യുറകളും നിര്‍ബന്ധമായിരിക്കും.

10 വയസിന് താഴേ പ്രായമുള്ളവരും 65 വയസിന് മുകളിലുള്ളവരും ആരാധനാലയത്തില്‍ എത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാന്തിക്കാര്‍ പ്രസാദം വിതരണം ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ