തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ, മന്ത്രി എ.സി മോയ്ദീന്‍ തുടങ്ങിയവരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആന്റിജന്‍ പരിശോധനയില്‍ ഇന്നാണ് മലപ്പുറം കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ കളക്ട്രറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
കൊവിഡ് കേസുകളില്‍ ദിനംപ്രതി വലിയ വര്‍ധനവാണ് മലപ്പുറത്ത് രേഖപ്പെടുത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ കൂടി രോഗത്തിന്റെ പിടിയിലാകുന്നത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.