തുടര്‍ച്ചയായ 14 ദിവസത്തോളം എല്ലാ ദിവസവും ആയിരത്തിലധികം പുതിയ കൊവിഡ് രോഗികള്‍, നിരന്തരമായി സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകള്‍, കൃത്യമായി നടപ്പിലാകാത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ഇതുവരെ 435 കൊവിഡ് മരണങ്ങള്‍, ഒടുവില്‍ ആരോഗ്യ സെക്രട്ടറിയെ തന്നെ തല്‍സ്ഥാനത്ത് നിന്ന് മാറ്റേണ്ട സ്ഥിതി വിശേഷം, ഒറ്റ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം, കൊവിഡ് കാലത്ത് തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന ഒരോ വാര്‍ത്തകളും ഭയപ്പെടുത്തുന്നതാണ്. എങ്ങിനെയാണ് തമിഴ്‌നാട് കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു ഗുരുതരാവസ്ഥയിലെത്തിയത്? ഡൂള്‍ എക്‌സ്പ്ലയിനര്‍ പരിശോധിക്കുന്നു
തമിഴ്നാട്ടില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 44661 പേര്‍ക്കാണ് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. നിലവില്‍ 19676 പേര്‍ ചികിത്സയിലുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ദിനംപ്രതിയെന്നോണം ആയിരത്തിലധികം കൊവിഡ് കേസ്സുകളും കൂടുതലായുള്ള മരണങ്ങളും തമിഴ്നാട്ടില്‍ സംഭവിക്കുന്നുണ്ട്.
ഇതുവരെ 435 പേരാണ് കൊവിഡ് മൂലം തമിഴ്നാട്ടില്‍ മരണപ്പെട്ടത്. കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച ഗൗരവമായ വീഴ്ചകളാണ് സംസ്ഥാനത്തെ ഇത്തരമൊരു ഭീകരാവസ്ഥയിലേക്ക് എത്തിച്ചത്. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിപക്ഷവും ചെന്നെയിലാണ്. 31896 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് ഏഴിനാണ് സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടക്കം മുതലേ സമൂഹവ്യാപനത്തിന്റെ നിഴലിലുണ്ടായിരുന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. കൃത്യമായ പരിശോധനകള്‍ നടത്താത്തതും സാമൂഹ്യ അകലമടക്കം യാതൊരു സുരക്ഷാ മുന്‍കരുതലുകളും എടുക്കാതിരുന്നതും സമൂഹ വ്യാപന സാധ്യതയ്ക്ക് ആക്കം കൂട്ടി.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിരന്തര വീഴ്ചകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കൊവിഡ് ബാധിച്ച മരിച്ച വ്യക്തികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിലും രോഗം നിര്‍ണയിക്കുന്നതിലുമെല്ലാം ഈ വീഴ്ച സംഭവിച്ചു.
ലോക്ക്ഡൗണ്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് തമിഴനാട്ടിലെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണമായത്. തമിഴ്നാടിലെ കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ കൊവിഡ് കേസുകളാണ് ചെന്നൈയെ ഇത്രയും മോശം അവസ്ഥയിലേക്ക് എത്തിച്ച കാരണങ്ങളില്‍ ഒന്ന്.
മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടും, മാര്‍ച്ച് അവസാനത്തോടു കൂടി രാജ്യം ലോക്ക് ഡൗണിലായിട്ടും കോയമ്പേടു മാര്‍ക്കറ്റില്‍ കച്ചവടം തകൃതിയായി നടന്നു. മാര്‍ക്കറ്റ് അടച്ചില്ല. ആരും സാമൂഹ്യ അകലം പാലിച്ചില്ല, എല്ലാം എല്ലാവരും തൊട്ടും തലോടിയും കടന്നുപോയി. സര്‍ക്കാരും മൗനം പാലിച്ചു.
ഏപ്രില്‍ 27നാണ് മാര്‍ക്കറ്റിലെ രണ്ടു കച്ചവടക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കോയമ്പേടില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നയാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും പഴങ്ങള്‍ എത്തിച്ച ലോറി ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് അടക്കണമെന്നും കച്ചവടം മാറ്റണമെന്നുമുള്ള ആവശ്യവുമായി പൊലീസ് മാര്‍ക്കറ്റിലെത്തി. പക്ഷെ ഫലമുണ്ടായില്ല. ആരും തന്നെ മാറാനോ മാര്‍ക്കറ്റ് അടച്ചിടാനോ തയ്യാറായില്ല.
തൊട്ടടുത്ത ദിവസമാണ് കൂടുതല്‍ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങി തമിഴ്‌നാട്ടിലെ അമ്പത്തൂരില്‍ വില്‍പന നടത്തിയ കച്ചവടക്കാരനില്‍ നിന്നും പ്രദേശത്തെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നു.
അതിന് ശേഷം മാര്‍ക്കറ്റില്‍ നിന്നും ഉന്തു വണ്ടികളില്‍ പഴങ്ങളും പച്ചക്കറികളുമായി എത്തിയ കച്ചവടക്കാരില്‍ നിന്നും നഗരത്തിന്റെ പലഭാഗങ്ങളിലേക്ക് വൈറസ് പടരുകയായിരുന്നു. തുടര്‍ന്ന് മെയ് മൂന്നാം തീയ്യതിയോടു കൂടി കോയമ്പേടിനെ ഹോട്ട്‌സ്‌പോട്ടാക്കി പ്രഖ്യാപിച്ചു. ദക്ഷിണ ചെന്നൈയിലെ തിരുവണ്‍മിയൂര്‍ മാര്‍ക്കറ്റും അടച്ചുപൂട്ടി.
ഇതിനെല്ലാം ഉപരിയായി തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തിവെക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു ചെന്നൈ കോര്‍പ്പറേഷന്റെ മരണ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്റെ കൊവിഡ് കണക്കുകളില്‍ ഇല്ല.
സംഭവം വിവാദമായതിന് പിന്നാലെ ഇക്കാര്യം പരിശോധിക്കാന്‍ ഒന്‍പതംഗ പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടങ്ങിയ സമിതിക്കാണ് ചുമതല നല്‍കിയത്. ആശുപത്രികള്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതേ ആശുപത്രികള്‍ തന്നെയാണ് കോര്‍പ്പറേഷന് വിവരങ്ങള്‍ കൈമാറുന്നതും മരണ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതുമെന്നതാണ് മറ്റൊരു വസ്തുത.
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ ഒരു ആശുപത്രിയില്‍ മാത്രം കൊവിഡ് ലക്ഷണങ്ങളോടെ മരിച്ച 70ല്‍ അധികം പേരെ ന്യൂമോണിയ ബാധിച്ചുള്ള മരണമായി കാണിച്ച് സംസ്‌ക്കാരം നടത്തിയെന്ന് തുടക്കത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ഏറ്റവും ഒടുവിലായി തമിഴ്നാട്ടില്‍ ആരോഗ്യ സെക്രട്ടറിയായ ഡോ. ബീലാ രാജേഷ് ഐ.എ.എസിനെ തല്‍സ്ഥാനത്ത് നിന്ന് തന്നെ സര്‍ക്കാരിന് മാറ്റേണ്ടി വന്നു. പകരം ചുമതല ജെ. രാധാകൃഷ്ണന്‍ ഐ.എ.എസിനാണ്.
അതേസമയം തന്നെയാണ് തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ സെക്രട്ടേറിയേറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ റദ്ധാക്കണമെന്നും തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നും ഇതിനോടകം ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക