| Tuesday, 6th October 2020, 11:17 am

കൊവിഡ് 19 വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ച് യു.എസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ച് യു.എസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ (സി.ഡി.സി). ചിലപ്പോള്‍ മണിക്കൂറുകളോളം വൈറസ് വായുവില്‍ തങ്ങി നില്‍ക്കുമെന്നും സി.ഡി.സി പറഞ്ഞു.

വൈറസ് വായുവിലൂടെ പകരുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും വന്നതിനാലാണ് തങ്ങള്‍ വിശദ പരിശോധന നടത്തിയതെന്നും സി.ഡി.സി പറഞ്ഞു. നേരത്തേയും വൈറസ് വായുവിലൂടെ പകരുമെന്ന് സി.ഡി.സി പറഞ്ഞിരുന്നു.

കൊവിഡ് ബാധിതനായ ആളില്‍ നിന്നും ആറടിയില്‍ കൂടുതല്‍ അകലത്തില്‍ നിന്നാലും വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്നും വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് അടുത്ത ആളിലെത്തുമെന്നും സി.ഡി.സി പറഞ്ഞു.

വൈറസ് കണികകള്‍ വായുവില്‍ തങ്ങിനിന്ന് ഗാഢത കൂടുന്നതായും പടരാനുള്ള ശേഷി വര്‍ധിക്കുന്നതായും സി.ഡി.സിയിലെ ശാസ്ത്രജ്ഞര്‍ പഠനത്തില്‍ കണ്ടെത്തി. വൈറസ് കണികകള്‍ വളരെ ചെറുതായതിനാല്‍ പുക പോലെ വായുവില്‍ ലയിക്കുമെന്നും പഠനത്തില്‍ പറയുന്നു.

കൊറോണ വൈറസ് വ്യാപനം പ്രധാനമായും സംഭവിക്കുന്നത് വായുവിലൂടെയാണെന്ന് മെഡിക്കല്‍ ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു സംഘം യു.എസ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരുന്നു.

ആളുകള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും മനസ്സിലാകുമെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകത്ത് കൊവിഡ് 19 വ്യാപനം അതിരൂക്ഷമായിത്തന്നെ തുടരുകയാണ്. ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണെന്ന് സ്വിറ്റ്സര്‍ലന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന വിലയിരുത്തുകയായിരുന്നു.

കൊവിഡിനോടുള്ള ലോകത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നത്. ഇതിനകം മൂന്നര കോടി ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്.

എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 80 കോടിയോളം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: covid 19 spread virus air us cdc transmission

We use cookies to give you the best possible experience. Learn more