| Monday, 20th July 2020, 8:14 am

കൊവിഡ് രോഗികളുടെ വീടിനു മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ്: സാമൂഹ്യ വിഭജനവും തൊട്ടുകൂടായ്മയും തിരികെക്കൊണ്ടുവരും; എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കൊവിഡ് രോഗികളുടെ വീടിനുമുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനെതിരെ ജനതാദള്‍(സെക്കുലാര്‍)നേതാവ് എച്ച്.ഡി കുമാരസ്വാമി. ബോര്‍ഡ് സ്ഥാപിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം സമൂഹത്തില്‍ അയിത്ത വിഭജനത്തിന് തുല്യമായ സ്ഥിതി കൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കൊവിഡ് രോഗികളുടെ വീടിനു മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്ന തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ല. അത് അവരോട് കാണിക്കുന്ന സാമൂഹ്യ വിവേചനമാണ്. ഒരു തരം തൊട്ടു കൂടായ്മ എന്ന സന്ദേശമാണ് സമൂഹത്തിലെത്തുക- കുമാരസ്വാമി പറഞ്ഞു.

ഇത്തരത്തില്‍ ബോര്‍ഡ് വെയ്ക്കുന്നതിലൂടെ രോഗികളുടെ കുടുംബത്തിന്റ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നതെന്നും അത് സമകാലിക സമൂഹത്തില്‍ പുതിയൊരു തരം അയിത്ത മനോഭാവം കൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നിലവില്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഈ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ തന്നെ നീക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ മതിയാകും. അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് അത് പകര്‍ന്നു നല്‍കപ്പെടും. ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാരണം രോഗം ഭേദമായാല്‍ പോലും സ്വന്തം വീട്ടിലേക്ക് വരാന്‍ പലരും മടിക്കും. ചിലയിടങ്ങളില്‍ രോഗം ഭേദമായവര്‍ വീട് വിട്ട്‌പോകുന്ന സ്ഥിതിവരെയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം രോഗികള്‍ക്ക് ചികിത്സ നല്‍കാത്ത മെഡിക്കല്‍ കോളേജുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുകയല്ല വേണ്ടത്. അവരെ ചികിത്സ ചെയ്യാന്‍ ബോധവല്‍ക്കരിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പടുത്തിയിരുന്നു. സംസ്ഥാനത്ത് ഞായറാഴ്ചയോടെ കൊവിഡ് രോഗികളുടെ എണ്ണം 63772 ആയി വര്‍ധിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more