Covid 19 India
കൂട്ടമരണങ്ങള്‍ക്ക് മുന്നിലും ലാഭക്കച്ചവടം നടത്തുന്ന കേന്ദ്രം
ഷഫീഖ് താമരശ്ശേരി
2021 Apr 21, 02:19 pm
Wednesday, 21st April 2021, 7:49 pm

അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ തീവ്രതയില്‍ രാജ്യം പൊറുതിമുട്ടുമ്പേള്‍, ദിനം പ്രതി അനേകം മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍, പ്രധാനമന്ത്രിയുടെ ഒടുവിലത്തെ പത്രസമ്മേളനവും പതിവുപോലെ തന്നെ ദുരിതത്തിലകപ്പെട്ട മനുഷ്യരെ നോക്കി പരിഹസിക്കുന്നതായിരുന്നു. ജീവിതത്തിനും രോഗവ്യാപനത്തിനും പട്ടിണിയ്ക്കും മരണത്തിനും മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുന്ന അസംഖ്യം ജനതയോട് സര്‍ക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ല എന്നറിയിച്ചുകൊണ്ട് 20 മിനിറ്റ് പതിവ് വാചാടോപങ്ങള്‍ നടത്തി മോദി കൈമലര്‍ത്തി.

ഈ രാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ ദുരിതഘട്ടത്തില്‍ ജനങ്ങളെ നോക്കി കൈമലര്‍ത്തുക മാത്രമല്ല അതിനിടയില്‍ കൂടി ജനങ്ങളെ കുരുതികൊടുക്കുന്ന വ്യവസായക്കളികള്‍ക്ക് കൂടി കേന്ദ്രം തയ്യാറാകുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ലജ്ജാകരവുമാണ്.

ഏത് പ്രതിസന്ധി ഘട്ടത്തിലായാലും തങ്ങളുടെ ലാഭ രാഷ്ട്രീയ താത്പര്യങ്ങള്‍ വിട്ട് മറ്റൊന്നും ചെയ്യാന്‍ തയ്യാറല്ല എന്ന് ബി.ജെ.പി ഭരണകൂടം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. രാജ്യം നേരിടുന്ന ഈ ഗുരുതര സാഹചര്യങ്ങളെ മറികടക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കൂട്ടമായ വാക്‌സിനേഷനാണ് എന്നിരിക്കെയാണ് വാക്‌സിന്‍ വിതരണം സ്വകാര്യ കുത്തകള്‍ക്ക് കൈമാറുന്ന പുതിയ നയവുമായി കേന്ദ്രം രംഗത്തുവന്നത്. വാക്‌സിന്‍ വിതരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി അത് സംസ്ഥാന സര്‍ക്കാറുകളുടെ തലയിലേക്കിടുകയും ചെയ്തിരിക്കുന്നു. വാക്‌സിന്‍ വേണമെങ്കില്‍ ഇനി സംസ്ഥാന സര്‍ക്കാറുകള്‍ വില കൊടുത്ത് വാങ്ങണം.

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം പ്രകാരം മെയ് 1 മുതല്‍ 45 വയസ്സില്‍ താഴെയുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. പക്ഷേ സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ ആശുപത്രികളും വാക്‌സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വില കൊടുത്ത് വാങ്ങുകയാണ് വേണ്ടത്. വാക്‌സിന്‍ വില തീരുമാനിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നു. വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ അമ്പത് ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്നും ബാക്കി അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാങ്ങാവുന്ന തരത്തില്‍ പൊതുവിപണിയില്‍ ലഭ്യമാക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.

ഇതുപ്രകാരം വന്ന പുതിയ വില അനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന് 400 രൂപയും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വാക്‌സിന് 600 രൂപയും എന്നാണ് പുറത്തുവരുന്ന വിവരം. അതായത് 5 പേരുള്ള ഒരു കുടുംബത്തിന് ഇനിയങ്ങോട്ട് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ രണ്ടായിരവും മൂവായിരവുമൊക്കെ തുക വേണമെന്നര്‍ത്ഥം.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇതിനകം തന്നെ ജോലിയും വരുമാനവുമെല്ലാം നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വകയില്ലാതെ നില്‍ക്കുന്ന അസംഖ്യം ജനതയോട് അവരുടെ ജീവന്‍ രക്ഷാമരുന്നിന് ആയിരങ്ങള്‍ വിലയീടാക്കുന്ന പദ്ധതിയുമായാണ് സര്‍ക്കാര്‍ വന്നിരിക്കുന്നത്. കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ വാക്‌സിന്‍ ലഭ്യതയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നതുറപ്പാണ്.

രാജ്യത്ത് നേരത്തെ ഉത്പാദിപ്പിച്ചിരുന്ന വാക്‌സിനുകളെല്ലാം തന്നെ കയറ്റുമതി ചെയ്ത് ഇത്രയും രൂക്ഷമായ വാക്‌സിന്‍ ക്ഷാമം സൃഷ്ടിച്ചെടുത്തത് ഈ കച്ചവട താത്പര്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഈ മഹാമാരി കാലത്ത് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള എല്ലാ അവസരവും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത് കഴിഞ്ഞിരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള വാക്‌സിന്‍ കുത്തക മുതലാളിമാരുമായി യോഗം വിളിച്ചതിനുശേഷമാണ് രാത്രി 8.30 ന് നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തതെന്നത് കൂടി ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.

നിലവിലെ കടുത്ത വാക്‌സിന്‍ ക്ഷാമം അതേപടി നിലനിര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യം ഈ സന്ദര്‍ഭത്തിലെങ്കിലും ഉന്നയിക്കാതെ നിര്‍വാഹമില്ല. വാക്‌സിന്‍ ക്ഷാമത്തിന്റെ വാര്‍ത്തകള്‍ നിരന്തരം വരുമ്പോള്‍ തന്നെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വിവരം പുറത്തുവന്നത്. രാജ്യത്തെ നാല് പൊതുമേഖലാ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണത്. പൊതുമേഖലയിലുള്ള കമ്പനികളെ കോവാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കിയിരുന്നെങ്കില്‍ ഇന്നനുഭവപ്പെടുന്ന ക്ഷാമം വലിയൊരു പരിധി വരെ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതിന് സര്‍ക്കാര്‍ തയ്യാറായില്ല എന്ന് മാത്രമല്ല പകരം വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിനും കേന്ദ്രനീക്കം നടന്നുവരുന്നുണ്ട്.

അതായത് പൊതുമേഖലയിലുള്ള വാക്‌സിന്‍ കമ്പനികളെ കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളാക്കിയും, കയറ്റുമതി ഒഴിവാക്കിയും, സര്‍ക്കാര്‍ തലത്തില്‍ തന്നെ രാജ്യത്തെ പൗരന്മാര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ എത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അതിന് തുനിയാതെ ഇത്തരമൊരു അടിയന്തര സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചെടുത്തത് സര്‍ക്കാറിന്റെ ലാഭതാത്പര്യങ്ങള്‍ തന്നെയാണെന്ന് പറയേണ്ടി വരും.

രാജ്യത്തെ പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിലെത്തിക്കഴിഞ്ഞു. ഓക്‌സിജന്‍ ലഭ്യതയടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത മിക്ക സംസ്ഥാനങ്ങളെയും വലയ്ക്കുകയാണ്. മരണസംഖ്യ കുതിച്ചുയരുന്നു. ഇത്തരമൊരു ഗുരുതര സ്ഥിതിവിശേഷം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്.

കൊവിഡ് വ്യാപനം വലിയ വിപത്തുകള്‍ സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായ സാഹചര്യങ്ങളിലാണ് ഇന്ന് രാജ്യമുള്ളത്. മൃതദേഹങ്ങള്‍ കൂട്ടിയിട്ട മോര്‍ച്ചറികളാണ് രാജ്യത്തെ ആശുപത്രികളില്‍. ശ്മശാനങ്ങളിലെമ്പാടും കൂട്ട ശവസംസ്‌കാരങ്ങള്‍ നടക്കുന്ന കാഴ്ച. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുന്നതായി പ്രമുഖ ദേശീയ പത്രങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു. പല നഗരങ്ങളില്‍നിന്ന് തൊഴിലാളികളുടെ പലായനം ആരംഭിച്ചുകഴിഞ്ഞു. തൊഴിലും വരുമാനവും നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ ഇനി രാജ്യമെന്തുചെയ്യുന്ന ചോദ്യത്തിന് ഉത്തരങ്ങളില്ല.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ മുഖവിലയ്ക്കെടുക്കുന്നുപോലുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും ഏറ്റവും ഉയര്‍ന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സംസാരിക്കാനുള്ള മര്യാദ പോലും മോദി കാണിച്ചില്ലെന്നാണ് താക്കറേയുടെ ഓഫീസ് അറിയിച്ചത്.

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിത മരണം ആയിരം പിന്നിട്ടിരിക്കുന്ന ഈ രണ്ടാം തരംഗത്തിലും കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഈ അലംഭാവം രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്നതിനെ ഭയത്തോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Covid 19 second wave and BJP Government

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍