| Friday, 3rd April 2020, 3:40 pm

കേരളത്തിന് ആശ്വാസം; കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ല; അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടണമെന്നും സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി. അത്യാവശ്യവാഹനങ്ങള്‍ കടത്തിവിടേണ്ടി വരുമെന്നും എല്ലാ വാഹനങ്ങളും തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി വേണമെന്നും ജസ്റ്റീസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ ആണെങ്കിലും  അത്യാവശ്യവാഹനങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതി രൂപികരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.   കേരളത്തിന്റെയും കര്‍ണാടകയുടെയും ചീഫ് സെക്രട്ടറിമാര്‍ സമിതിയിലംഗങ്ങളായിരിക്കണം.

അതേസമയം മംഗലാപുരത്തെ എട്ടോളം ആശുപത്രിയികളില്‍ കാസര്‍ഗോഡ് നിന്നുള്ള രോഗികളെ ഒരു തരത്തിലും പ്രവേശിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. അതിര്‍ത്തി തുറന്നാലും ഈ ഉത്തരവ് നിലനില്‍ക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കാസര്‍ഗോഡ്- മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ വിന്യസിച്ച പൊലീസുകാര്‍ പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കൂടുതല്‍ പൊലീസിനേയും കര്‍ണാടക അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.

കേരളത്തിന്റേയും കര്‍ണാടകയുടേയും വാദം കേട്ടശേഷമായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്. ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിനാണ്. ഈ പാതകള്‍ തടസപ്പെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാം.

ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് കര്‍ണാടകം മനസിലാക്കണം.

കര്‍ണാടക സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണെന്നും ഇന്നലെ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകള്‍ തുറക്കാന്‍ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more