| Thursday, 26th March 2020, 1:10 pm

ജുമുഅയ്ക്ക് പകരം ളുഹര്‍ നിസ്‌കരിക്കണമെന്ന് സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹര്‍ നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യവകുപ്പും നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം കാരണം ശാഫിഈ മദ്ഹബില്‍ നാല്‍പതു പേര്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ നിവൃത്തിയില്ലാതെ വന്ന ദു:ഖകരമായ കാര്യം അറിഞ്ഞിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും ളുഹര്‍ നിസ്‌കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകള്‍ നിര്‍വഹിക്കാനും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്’.സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅ നടത്തേണ്ടതില്ലെന്ന് കാന്തപുരം വിഭാഗവും കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടംചേര്‍ന്നുള്ള ആരാധനകളൊന്നും നടത്താന്‍ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നിര്‍വ്വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.

അടിയന്തരഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കുക എന്ന രീതിയും ഈ സാഹചര്യത്തില്‍ പാടില്ലെന്നും നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നുണ്ടെന്നും

അതിനാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം വീടുകളില്‍ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കുകയും വേണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിശ്വാസികള്‍ വീടുകളിലിരുന്നുകൊണ്ട് ആരാധനകളില്‍ സജീവമാവുകയും കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more