| Monday, 19th October 2020, 7:40 am

സെപ്റ്റംബറില്‍ മൂര്‍ധന്യാവസ്ഥ പിന്നിട്ടു; കൊവിഡ് വ്യാപനം ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നതായും വിദഗ്ധ സംഘം പറഞ്ഞു.

നിലവിലെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ സാമൂഹിക അകലവും, മാസ്‌കും കൃത്യമായി പാലിച്ചാല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെതാണ് ഈ കണ്ടെത്തല്‍.

ഹൈദരാബാദ് ഐ.ഐ.ടി പ്രൊഫസര്‍ വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ നിയോഗിച്ച കമ്മിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്.

സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി. ആ സമയത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 10.17 ലക്ഷം ആയിരുന്നു.

എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം കുറയുകയായിരുന്നു. അടുത്ത മാസങ്ങളില്‍ ശൈത്യകാലമായതു കൊണ്ടോ, ഉത്സവകാലമായതിനാലോ രോഗികളുടെ എണ്ണം വര്‍ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍.

ഫെബ്രുവരിയോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം ഒരു കോടി ആറ് ലക്ഷമായിരിക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 75 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

‘ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഉത്സവ സീസണ്‍ ആണ് വരാനിരിക്കുന്നത്. എല്ലാവരും ജാഗ്രത പാലിക്കേണ്ട സമയമാണ്. നിലവിലെ നിയന്ത്രണങ്ങള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിച്ച് മാത്രമേ പൊതുസ്ഥലങ്ങളില്‍ എത്താന്‍ പാടുള്ളു. എന്നാല്‍ മാത്രമേ ഫെബ്രുവരിയോടെ രോഗം നിയന്ത്രണത്തിലാക്കാന്‍ പറ്റുകയുള്ളു’- കമ്മിറ്റി അംഗമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

അതേസമയം മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിലും മരണം നിയന്ത്രിക്കുന്നതിലും ഫലപ്രദമായിരുന്നുവെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ജൂണ്‍ മാസത്തില്‍ രോഗികളുടെ എണ്ണം 1.4 കോടിയും മരണസംഖ്യ ഇതിനകം 26 ലക്ഷവുമായി മാറിയേനെയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Covid 19 Run Its Course By February

We use cookies to give you the best possible experience. Learn more