| Tuesday, 13th October 2020, 7:50 pm

ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേരില്‍ മാത്രം; ഐ.സി.എം.ആര്‍ പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേര്‍ക്ക് മാത്രമെന്ന് ഐ.സി.എം.ആര്‍. മുംബൈയില്‍ രണ്ട് പേര്‍ക്കും അഹമ്മദാബാദില്‍ ഒരാള്‍ക്കുമാണ് രോഗം രണ്ടാമതും ബാധിച്ചതായി കണ്ടെത്തിയത്. ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം അറിയിച്ചത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗം രണ്ടാമതും സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് ഭേദമായ ഒരാള്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ വൈറസ് ബാധിക്കുമെന്നത് സംബന്ധിച്ച കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും ഭാര്‍ഗവ പറഞ്ഞു.

അതേസമയം വൈറസ് ബാധിച്ച ഒരാളുടെ ശരീരത്തില്‍ രോഗത്തെ ചെറുക്കാനുള്ള ആന്റിബോഡി രൂപപ്പെട്ടിരിക്കും.എന്നാല്‍ ഇതിന്റെ ആയുസ്സ് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

90-100 ദിവസത്തിനുള്ളില്‍ കൊവിഡ് രോഗം ഭേദമായ ഒരാള്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഐ.സി.എം.ആര്‍ന്റെ പഠനത്തില്‍ ഇത് 100 ദിവസത്തിനുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗമുക്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ ഇതുവരെ 62 ലക്ഷത്തിലധികം ആളുകള്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ അഞ്ചാം ദിവസമായ ചൊവ്വാഴ്ച രേഖപ്പെടുത്തിയ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 9 ലക്ഷത്തില്‍ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് താഴുകയാണെന്ന് ഭൂഷണ്‍ പറഞ്ഞു. പ്രതിവാര നിരക്ക് 6.24 ശതമാനവും പ്രതിദിന നിരക്ക് 5.16 ശതമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 87 ശതമാനം ആളുകളില്‍ രോഗം പൂര്‍ണ്ണമായി ഭേദമായിട്ടുണ്ട്. 11.69 ശതമാനം ആക്ടീവ് കേസുകളില്‍ ചിലര്‍ ആശുപത്രികളിലോ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരോ ആണ്. അതേസമയം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ 1.53 ശതമാനമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  3 Indians Reinfected By Covid 19 Says ICMR

Latest Stories

We use cookies to give you the best possible experience. Learn more