തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിലേക്ക് കടന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പില്‍ വരും.
മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്ഡ എന്നിവ ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന വ്യാപകമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനായിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ച നിരീക്ഷണം തുടരും. രോഗബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധനകളും നടത്തും. ഇതിനൊപ്പം പി.സി.ആര്‍ പരിശോധനയും വ്യാപകമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരടക്കമുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
വാക്‌സീന്‍ നടപടികളും അതിവേഗത്തിലാക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കുമാണ് ഈ ചുമതല നല്‍കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 3502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍കോട് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യു.കെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 105 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,14,740 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 530, എറണാകുളം 488, തിരുവനന്തപുരം 228, കോട്ടയം 279, കണ്ണൂര്‍ 227, തൃശൂര്‍ 268, മലപ്പുറം 263, കൊല്ലം 234, പാലക്കാട് 73, ആലപ്പുഴ 148, കാസര്‍ഗോഡ് 103, പത്തനംതിട്ട 95, ഇടുക്കി 87, വയനാട് 74 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക