| Monday, 23rd March 2020, 12:28 pm

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് 19 നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വാട്‌സ് ആപ്പ് സന്ദേശം; മുന്‍ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കാസര്‍ഗോഡ് ബേഡകം പൊലീസ് കേസെടുത്തു.

ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുന്‍ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ.വി വിജയനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യവകുപ്പിനെയും അവഹേളിച്ചുകൊണ്ട് ഇയാള്‍ വാട്‌സ്അപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രചരിപ്പിക്കുയായിരുന്നു എന്നാണ് ആരോപണം.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ അവഗണിക്കണമെന്നും കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ സാധ്യതയുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ ഇ. മധുസൂദനന്‍ നായര്‍ എന്നയാള്‍ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, കേരളത്തില്‍ ഇന്നലെ പതിനഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 59,295 പേര്‍ നിരീക്ഷണത്തിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്.

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഏഴു ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ജില്ലകള്‍ അടച്ചിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

എന്നാല്‍ കൊവിഡ് 19 ല്‍ അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more