| Tuesday, 22nd December 2020, 8:51 am

കൊറോണയുടെ പുതിയ രൂപം; വിമാന സര്‍വ്വീസുകള്‍ നിലച്ചു; ലോകം സ്തംഭനത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ലണ്ടന്‍: ബ്രിട്ടണില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ ലോകത്തിന്റെ ചലനങ്ങള്‍ വീണ്ടും മാറുന്നു. മാസങ്ങള്‍ നീണ്ടു നിന്ന ലോക്ക് ഡൗണിനും യാത്രാ നിയന്ത്രണങ്ങള്‍ക്കും പിന്നാലെയാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്.

ഇപ്പോള്‍ ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ് ലോകം നോക്കി കാണുന്നത്.

നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു. പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.

വൈറസിന്റെ അപകടകരമായ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സൗദി അറേബ്യ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചുകഴിഞ്ഞു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം സൗദി അടച്ചു. വിമാന സര്‍വ്വീസുകളെല്ലാം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ് സൗദി അറേബ്യയില്‍.

ഡെന്‍മാര്‍ക്കില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ സ്വീഡനും ഡെന്‍മാര്‍ക്കില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ കൊറോണ വൈറസ് വകഭേദം പെട്ടെന്ന് പകരുമെന്ന് തെളിയിക്കപ്പെട്ടെങ്കിലും കൂടുതല്‍ മാരകമാണ് എന്ന് പറയാനാകില്ല.

അതേസമയം വൈറസിന്റെ പുതിയ സ്‌ട്രെയിനില്‍ കൂടുതല്‍ ആശങ്ക വേണ്ടെന്നും ഇത്തരം മ്യൂട്ടേഷന്‍സ് സ്വാഭാവികമാണെന്നും ലോകാരോഗ്യ സംഘടനയുടെ മൈക്ക് റയാന്‍ പറഞ്ഞു.

എന്നാല്‍ സ്ഥിതി ആശങ്കാജനകമാണെന്നാണ് യു.കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് പറയുന്നത്. നിലവില്‍ ഇന്ത്യ, ഫ്രാന്‍സ്, ഇറാന്‍, കാനഡ തുടങ്ങി 44 ഓളം രാജ്യങ്ങള്‍ ബ്രിട്ടണില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രങ്ങള്‍ക്കും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്.

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കടുപ്പിച്ചിരുന്നു.

ക്രിസ്തുമസ് പ്രമാണിച്ച് ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വൈറ്റിയാണ് വൈറസിന്റെ പുതിയ സ്‌ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യം പങ്കുവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid-19 pandemic: International alarm grows over new variant

We use cookies to give you the best possible experience. Learn more