| Friday, 23rd April 2021, 4:51 pm

ഇന്ത്യയ്ക്കായി 50 ആംബുലന്‍സുകളും സഹായവും വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന; പ്രധാനമന്ത്രിക്ക് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: കൊവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച ഇന്ത്യയുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ആംബുലന്‍സുകള്‍ അയക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന എധി ഫൗണ്ടേഷന്‍. ആംബുലന്‍സുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് എധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ എധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

‘നിങ്ങളുടെ രാജ്യത്ത് കൊവിഡ് മഹാമാരി കാരണം നിരവധി പേര്‍ ബുദ്ധിമുട്ടുകയാണ് എന്നറിയുന്നതില്‍ ദുഃഖമുണ്ട്. നിലവിലെ സ്ഥിതിയില്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ സേവനത്തോടൊപ്പം 50 ആംബുലന്‍സുകളും അയക്കാന്‍ ആഗ്രഹിക്കുന്നു,’ കത്തില്‍ വിശദീകരിക്കുന്നു.

ആംബുലന്‍സിനൊപ്പം, മെഡിക്കല്‍ ടെക്‌നീഷ്യന്‍സ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ടീമിനെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

‘ഇന്ത്യയിലെ ജനങ്ങളെ സഹായിക്കുന്നതിനായി എല്ലാ അവശ്യ സേവനങ്ങളും ഞങ്ങള്‍ ഒരുക്കാം. വാഹനത്തിനാവശ്യമായ ഇന്ധനം, ഭക്ഷണം, ടീമിന് ആവശ്യമായ വസ്തുക്കള്‍ എന്നിവയൊഴികെ അധികമായി ഒന്നും ഞങ്ങള്‍ നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നില്ല,’ കത്തില്‍ പറയുന്നു.

കൊവിഡ് കാരണം ഇന്ത്യയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് കാരണമാണ് ഇങ്ങനെ ഒരു വാഗ്ദാനം നടത്തുന്നതെന്ന് ഫൈസല്‍ എധി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

‘ ഇന്ത്യന്‍ ജനത ബുദ്ധിമുട്ടുകയാണ്.ഇത് ഞങ്ങളെയും ബാധിച്ചിരുന്നു. പാകിസ്ഥാനില്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്ക് പരിചയമുണ്ട്. ഇന്ത്യയില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഞങ്ങള്‍ മാനസികമായും ശാരീരികമായും സഹായത്തിനായെത്താന്‍ തയ്യാറാണ്. ഇന്ത്യന്‍ അധികാര കേന്ദ്രങ്ങളുമായി പൂര്‍ണമായും സഹകരിച്ചുകൊണ്ടായിരിക്കും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍,’ ഫൈസല്‍ പറഞ്ഞു.

എധി ഫൗണ്ടേഷന്റെ ആംബുലന്‍സിന്റെ സേവനങ്ങള്‍ പാകിസ്ഥാനിലങ്ങോളം പേരുകേട്ടവയാണ്.

നേരത്തെ ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കി സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ പാക് ജനത രംഗത്തുവന്നത്.

#IndiaNeedsOxygen പാകിസ്ഥാന്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പാക് ജനത ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid-19 Pak’s Edhi Foundation offers to send 50 ambulances to help India

We use cookies to give you the best possible experience. Learn more