ബെംഗളൂരു: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കര്‍ണാടകയിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇദ്ദേഹം ഈ മാസം ആദ്യം ദല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അതേസമയം എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാര്‍ച്ച് അഞ്ചിന് ട്രെയിനില്‍ ദല്‍ഹിയിലേക്ക് പോയ ഇദ്ദേഹം മാര്‍ച്ച് 11 നാണ് തിരിച്ചെത്തിയത്.
മാര്‍ച്ച് 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇദ്ദേഹത്തിനൊപ്പം അതേദിവസം ട്രെയിനില്‍ യാത്ര ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു.
31000 പേരാണ് നിലവില്‍ കര്‍ണാടകയില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവില്‍ 24000 പേരും ബെംഗളൂരുവിലാണ്. അതേസമയം കര്‍ണാടകയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയില്‍ ഇതുവരെ 17 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുമ്പോഴും മഹാരാഷ്ട്രയില്‍ സമൂഹവ്യാപനം ഉണ്ടായെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.