ന്യൂദല്‍ഹി: കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം ‘അസംബന്ധം’ എന്ന് ദല്‍ഹി ഹൈക്കോടതി.
എന്തുകൊണ്ടാണ് ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നതെന്നും സ്വന്തം കാറിലിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പറയുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് വിപിന്‍ സങ്കിയും ജസ്റ്റിസ് ജസ്മീത് സിംഗും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
കാറിനുള്ളിലിരുന്ന് ഗ്ലാസ് ഉയര്‍ത്തി ഒരാള്‍ അമ്മയ്‌ക്കൊപ്പം ചായ കുടിക്കവേ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ അടച്ച സംഭവം ദല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള കൗണ്‍സില്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
എന്നാല്‍ സമാനമായി 2021 ല്‍ പുറപ്പെടുവിച്ച ദല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സര്‍ക്കാരിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്ര ഓര്‍മിപ്പിച്ചു.
കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഒടുക്കാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച 2021 ഏപ്രില്‍ 7-ലെ ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഉത്തരവ് വളരെ നിര്‍ഭാഗ്യകരമെന്നാണ് മെഹ്ര പറഞ്ഞത്.
സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത അഭിഭാഷകരുടെ നാല് ഹരജികള്‍ തള്ളിക്കൊണ്ടുള്ള 2021-ലെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഓര്‍മിപ്പിച്ചായിരുന്നു മെഹ്രയുടെ പരാമര്‍ശം.
കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും അണുബാധ പടരാതിരിക്കാനുള്ള സംരക്ഷണ കവചമാണ് മാസ്‌ക് എന്നുമാണ് 2021 സിങ്കിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് അന്ന് ഹരജി വന്നതെന്ന കോടതിയുടെ പരാമര്‍ശത്തിന് ഏത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണെങ്കിലും അനാവശ്യമാണെങ്കില്‍ പുനപരിശേധിക്കണമെന്ന് മെഹ്ര മറുപടി നല്‍കി.
ഉത്തരവ് അനാവശ്യമെങ്കില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് തന്നെ പിന്‍വലിക്കാനാവില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
Content Highlight: covid-19-on-delhi-governments-mask-order-while-driving-alone-court-says-absurd