ന്യൂദല്‍ഹി: ലോക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പോലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം കൊവിഡ് പ്രതിരോധ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് മുമ്പേ ഈ പദ്ധതി പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാനാവുമെന്നും ജില്ലാ തല പദ്ധതികള്‍ രൂപികരിക്കാന്‍ സഹായകമാകുമെന്നും പാര്‍ട്ടി പറഞ്ഞു.
‘കൊവിഡ് 19 മെയ് മൂന്നിന് അപ്രത്യക്ഷമാകില്ല. വൈറസ് ഇവിടെത്തന്നെയുണ്ടാകും. അതുകൊണ്ട് വൈറസിനൊപ്പം ജീവിക്കുന്ന നമ്മള്‍ സ്വയം സജ്ജരാവുകയാണ് വേണ്ടത്. മഹാമാരിയെ നേരിടാന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മികച്ച തന്ത്രമാണ് ഇത്’, കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഒരു ദേശീയ പദ്ധതി കൂടിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്താനുള്ള ശേഷിയാണ് രാജ്യത്തുള്ളതെങ്കില്‍, എന്തുകൊണ്ടാണ് അത് 39,000ല്‍ ഒതുക്കി നിര്‍ത്തുന്നതെന്നും മനിഷ് തിവാരി ചോദിച്ചു. രോഗത്തിന്റെ വ്യാപ്തി കുറച്ച് കാണിക്കാനുള്ള ശ്രമമാണോ നടക്കുന്നത്? അതോ മുഴുവന്‍ ശേഷിയുമുപയോഗിച്ച് പരിശോധന നടത്തുന്നത് നെഗറ്റീവ് ഫലങ്ങളിലേക്ക് നയിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ പക്കല്‍ മൂന്ന് ലക്ഷം ആര്‍.എന്‍.എ കിറ്റുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധന പ്രക്രിയകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആര്‍.എന്‍.എ കിറ്റ്. ആ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നമ്മുടെ പരിശോധനാ ശേഷി അവസാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 36 ദിവസങ്ങളിലായി എത്ര കിറ്റുകള്‍ ഇറക്കുമതി ചെയ്തു, അല്ലെങ്കില്‍ നിര്‍മ്മിച്ചു?, എത്ര സംസ്ഥാനങ്ങളിലേക്ക് ഇത് വിതരണം ചെയ്തു? വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ്? പി.പി.ഇ കിറ്റുകളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്നടക്കമുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളും തിവാരി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്ങും സമാന അഭിപ്രായം പങ്കുവെച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്താതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലവത്താവില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: