ന്യൂദല്‍ഹി: മൃഗങ്ങളില്‍ നിന്നും കൊവിഡ് 19 പകരുമെന്ന് വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ചന്ദ്രകാന്ത് പാണ്ഡവ്.
ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
തീര്‍ത്തും തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകളെ വളച്ചൊടിക്കുന്നതുമായ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.എന്‍.ഐയോടായിരുന്നു ഡോക്ടറുടെ പ്രതികരണം.
പട്ടികളും പൂച്ചകളും വഴി കൊവിഡ് പകരുമെന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വ്യാജവിവരങ്ങള്‍ പങ്കുവെക്കുന്നത് തീര്‍ത്തും കുറ്റകരമാണെന്നും ഗുരുതരമായ പിഴവാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മനുഷ്യരാണ് കൊവിഡ് വൈറസിനെ വഹിക്കുന്നത് അങ്ങനെ നോക്കുകയാണെങ്കില്‍ മൃഗങ്ങളാണ് മനുഷ്യനെ ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എവിടെ നിന്നാണ് പടരുന്നതെന്ന് മനസ്സിലാവാത്ത അദൃശ്യമായ വാഹകരെക്കുറിച്ചാണ് തനിക്ക് ഉത്കണ്ഠ ഉള്ളതെന്നും അത്തരത്തിലുള്ളവയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികളില്‍ നിന്നും പൂച്ചകളില്‍ നിന്നുമൊക്കെ കൊവിഡ് പടരുമെന്ന് സോഷ്യല്‍ മീഡിയകളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.