| Tuesday, 24th March 2020, 5:45 pm

കൊവിഡ് 19; പുതിയ ചിത്രങ്ങള്‍ക്ക് സെപ്തംബര്‍ 30 വരെ തിയേറ്ററുകള്‍ നല്‍കില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന ചിത്രീകരണം നിര്‍ത്തി വെച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ തിയേറ്ററുകള്‍ നല്‍കേണ്ടെന്ന് തീരുമാനം.

തിയേറ്റര്‍ ഉടമകളും നിര്‍മ്മതാക്കളും വിതരണക്കാരും സംയുക്തമായി ഇങ്ങനെയൊരു തീരുമാനം എടുക്കുകയയിരുന്നു. അതേസമയം കൊവിഡ് പ്രതിസന്ധി തുടരുകയാണെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 30 ന് മുമ്പായി റിലീസ് ചെയ്യാനും കഴിയാതെ വന്നാല്‍ നിയന്ത്രണം വീണ്ടും നീളും.

നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍ കൊവിഡ് നിയന്ത്രണം കഴിഞ്ഞ ശേഷം റിലീസ് തിയ്യതികള്‍ നിശ്ചയിക്കും. പന്ത്രണ്ടിലധികം ചിത്രങ്ങളാണ് ഇത്തരത്തില്‍ റിലീസ് നീണ്ടു നില്‍ക്കുന്നത്.

ഏകദേശം 300 കോടിയിലധികം നഷ്ടമാണ് സിനിമാ രംഗത്ത് മലയാളത്തില്‍ മാത്രം സംഭവിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
നിലവില്‍ ബോക്‌സോഫീസില്‍ മികച്ച രീതിയില്‍ ഓടി കൊണ്ടിരുന്ന പല ചിത്രങ്ങളും തിയേറ്ററുകള്‍ പുട്ടിയതോടെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ കുറവാണ്.

സിനിമാ മേഖലയില്‍ പ്രത്യേകിച്ച് മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്ന കാലഘട്ടമാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍.അവധികാലമായത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ എത്തുന്ന സമയമാണിത്. എന്നാല്‍ കൊവിഡ് വ്യാപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് ഇതോടെ നീളും.

DoolNews video

We use cookies to give you the best possible experience. Learn more