മാസ്‌കുകള്‍, തെറ്റിദ്ധാരണകള്‍
Notification
മാസ്‌കുകള്‍, തെറ്റിദ്ധാരണകള്‍
വൈശാഖന്‍ തമ്പി
Friday, 24th July 2020, 2:28 pm

രോഗാണുബാധയും അതിന്റെ പകര്‍ച്ചയും തടയാന്‍ നിലവിലുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമെന്ന നിലയില്‍ മാസ്‌കുകള്‍ ഇന്ന് ഹീറോ പരിവേഷത്തിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അവയുടെ ലാളിത്യം നമ്മളെ കബളിപ്പിക്കാന്‍ സാധ്യതയുണ്ട്.

ഒറ്റനോട്ടത്തില്‍, രോഗാണുക്കളെ തടഞ്ഞ് വായുവിനെ മാത്രം അകത്തേയ്‌ക്കെടുക്കുന്ന (അല്ലെങ്കില്‍ പുറത്തേയ്ക്ക് വിടുന്ന) ഒരു അരിപ്പ പോലെയാണ് മാസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷേ സത്യത്തില്‍ അത്ര ലളിതമല്ല കാര്യങ്ങള്‍.

ഒരു അരിപ്പ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? അതില്‍ നിശ്ചിത വലിപ്പമുള്ള അസംഖ്യം ദ്വാരങ്ങളുടെ ഒരു നിരയാണ് ഉള്ളത്. അതിലൂടെ പല വലിപ്പമുള്ള കണികകള്‍ കടത്തിവിടാന്‍ നോക്കിയാല്‍ അരിപ്പയിലെ ദ്വാരത്തിനെക്കാള്‍ ചെറിയ കണികകളെ മാത്രം കടത്തിവിടുകയും, അതിനെക്കാള്‍ വലിപ്പമുള്ളവയെ തടയുകയും ചെയ്യും.

ഇനി വൈറസുകളെ ഇതുപോലെ അരിയ്ക്കണമെങ്കില്‍ അരിപ്പയിലെ ദ്വാരത്തിന് എന്ത് വലിപ്പം വേണം? നാം ഭയക്കുന്ന കൊവിഡ് വൈറസിന്റെ വലിപ്പം കഷ്ടിച്ച് 150 നാനോമീറ്ററാണ്. ഒരു തലമുടിനാരിന് ഇതിന്റെ 700 മടങ്ങ് വലിപ്പം വരുമെന്ന് ഓര്‍ക്കണം. ഈ വലിപ്പമുള്ള വൈറസിനെ തടയാന്‍ മാത്രം ചെറിയ ദ്വാരമുള്ള ഒരു അരിപ്പ ഉണ്ടാക്കുക തീരെ എളുപ്പമല്ല.

അത്രയും അടുത്തടുത്ത ഇഴകള്‍ സാധിച്ചെടുക്കാന്‍ പാടുപെടും. അഥവാ ഇനി സാധിച്ചെടുത്താല്‍ തന്നെ, അത്രേം ഞെരുക്കമുള്ളയൊരു മാസ്‌ക്കിലൂടെ മതിയായ അളവില്‍ പ്രാണവായു എടുക്കാന്‍ നമ്മുടെ ശ്വാസകോശത്തിന്റെ വലിവ് (pull) പോരാതെവരും.

അതായത്, അരിപ്പ പോലെ പ്രവര്‍ത്തിക്കുന്ന ഒരു മാസ്‌ക് ഉണ്ടാക്കാനാവില്ല. അപ്പോ എന്ത് ചെയ്യും? അരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന കണികകളെ മാസ്‌കിന്റെ ഇഴകളില്‍ ഒപ്പിയെടുക്കുക എന്നതാണ് പ്രായോഗിക മാര്‍ഗം. അതായത് വായു അതിലൂടെ കടന്നുപോകുമ്പോള്‍ അതിലെ കണികകള്‍ മാസ്‌കിന്റെ നാരുകളില്‍ ഒട്ടിപ്പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുക.

നാരുകള്‍ എന്ന് പറയാന്‍ കാരണം, അവിടെ ഉപയോഗിക്കുന്നത് ഇഴകള്‍ നെയ്തുചേര്‍ത്തുണ്ടാക്കുന്ന തുണിയല്ല എന്നതാണ്. Melt-blowing എന്നൊരു രീതിയില്‍ സവിശേഷമായി ഉണ്ടാക്കുന്ന ഒരുതരം തുണിയാണ് സര്‍ജിക്കല്‍ മാസ്‌ക് പോലുള്ള പ്രൊഫഷണല്‍ മാസ്‌കുകളില്‍ ഉപയോഗിക്കുന്നത്. നെയ്‌തെടുക്കുന്ന തുണികളില്‍ സാധിച്ചെടുക്കാവുന്ന പരമാവധി ഇഴയടുപ്പത്തെക്കാള്‍ ചെറിയ ദ്വാരങ്ങളാകും ഇത്തരം melt-blown fabric ല്‍ ഉള്ളത്.

തീര്‍ന്നില്ല. ഇവിടെയും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. കണികകള്‍ എങ്ങനെ മാസ്‌കില്‍ ഒട്ടിപ്പിടിക്കും എന്നതാണ് ചോദ്യമെങ്കില്‍, അതൊരു തടസ്സമല്ല. വളരെ ചെറിയ വലിപ്പമുള്ള വസ്തുക്കളുടെ കാര്യത്തില്‍ ഫാന്‍ഡര്‍ വാല്‍സ് (Van Der Waals) ബലം എന്നൊക്കെ പേരുള്ള, തന്മാത്രകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സവിശേഷതരം ബലങ്ങള്‍ പ്രബലമാണ്. മാസ്‌കിന്റെ നാരുകളില്‍ ഒന്ന് മുട്ടിക്കിട്ടിയാല്‍ കണികകള്‍ അതില്‍ ഒട്ടിപ്പിടിച്ചോളും. പ്രശ്‌നം കണികകള്‍ എങ്ങനെയാണ് അതുവഴി കടന്നുപോകുന്നത് എന്നതാണ്.

എളുപ്പത്തിന്, മാസ്‌കിന്റെ നാരുകളിലൂടെ കടന്നുപോകുന്ന വായുവിനെ അടുത്തടുത്ത പാറകളുള്ള സ്ഥലത്തുകൂടെ ഒഴുകുന്ന വെള്ളവുമായി ഒന്ന് താരതമ്യം ചെയ്യാം. വെള്ളം പാറകളെ ചുറ്റിവളഞ്ഞ് ഒഴുകുമെന്നറിയാമല്ലോ. വെള്ളത്തില്‍ ഒഴുകിവരുന്ന വലിയ വസ്തുക്കള്‍ നേരേ വന്ന് പാറയില്‍ ഇടിക്കുന്നത് പോലെ, സാമാന്യം വലിയ കണികകള്‍ (ഏതാണ്ട് ഒരു മൈക്രോണിന് മുകളില്‍ വലിപ്പമുള്ള പൊടി പോലുള്ളവ) താരതമ്യേന നേര്‍രേഖയില്‍ സഞ്ചരിച്ച് നാരുകളില്‍ വന്നിടിക്കും, ഒട്ടിപ്പിടിക്കുകയും ചെയ്യും.

കാരണം മാസ്സ് കൂടുതലായതിനാല്‍ അവയ്ക്ക് ജഡത്വം (inertia) കൂടുതലാണ്, അതുകൊണ്ട് വായു മാറിയൊഴുകുന്നത് പോലെ എളുപ്പത്തില്‍ അവ ദിശമാറിയൊഴുകില്ല. ഒന്നിലധികം പാളികള്‍ (layers) ഉള്ള മാസ്‌കാണെങ്കില്‍ അവ ഏതെങ്കിലും ഒരു പാളിയിലെ നാരില്‍ ഒട്ടിപ്പിടിക്കാന്‍ സാധ്യത കൂടുതലാണ്.

വളരെ ചെറിയ കണികകളുടെ കാര്യത്തില്‍ (0.1 മൈക്രോണില്‍ താഴെ) വായുതന്മാത്രകളുടെ നിരന്തര കൂട്ടിയിടി കാരണം വളരെ zig-zag ആയ ഒരു സഞ്ചാരപാതയാകും ഉണ്ടാകുക (ഇതിനെ Brownian motion എന്ന് വിളിക്കും). അതായത് കുഞ്ഞ് കണികകള്‍ ലക്കില്ലാതെ നടക്കുന്ന ഒരു കുടിയനെപ്പോലെ തെക്കുവടക്ക് തട്ടിത്തടഞ്ഞ് വരുന്നതിനാല്‍ മിക്കവാറും വന്ന് മാസ്‌കിലെ നാരുകളില്‍ ഇടിക്കുക തന്നെ ചെയ്യും. അങ്ങനെ അവയും കുടുങ്ങും.

ഇതിനിടയില്‍ വലിപ്പമുള്ള കണികകളാണ് പ്രശ്‌നക്കാര്‍. അവ വലിയ കണികകളെപ്പോലെ നേര്‍രേഖയില്‍ വരില്ല, തീരെ ചെറിയ കണികകളെപ്പോലെ തട്ടിത്തടഞ്ഞും വരില്ല. പകരം വായു ഒഴുകുന്നതുപോലെ നാരുകളെ കവച്ചുവെച്ച് പോകും. അതുകൊണ്ട്, പല പാളികള്‍ ഉണ്ടായാലും അവ അകത്തേയ്ക്ക് നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ട്.

N95 ഗണത്തില്‍ പെടുന്ന മാസ്‌കുകള്‍ ഇതിനെ നേരിടാന്‍ മറ്റൊരു കനത്ത പ്രയോഗം കൂടി നടത്താറുണ്ട്. ചാര്‍ജ് ചെയ്യപ്പെട്ട നാരുകള്‍ കൊണ്ടൊരു പാളി കൂടി വെക്കുക. ഒരു ഇരുമ്പുകാന്തം കാന്തികത വഹിക്കുന്നത് പോലെ, സ്ഥിരമായി വൈദ്യുതചാര്‍ജ് വഹിക്കുന്ന ഒരുതരം സെറ്റപ്പാണത്.

Electret എന്ന് വിളിക്കും (Magnet എന്ന് വിളിക്കുന്നത് പോലെ). സ്ഥിതവൈദ്യുതി എന്ന പ്രതിഭാസം കാരണം പോളിസ്റ്റര്‍ തുണികളൊക്കെ ഇസ്തിരിയിടുമ്പോള്‍ രോമങ്ങള്‍ അതിലേയ്ക്ക് ആകര്‍ഷിക്കപ്പടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ കണികകളെ ഈ ഇലക്ട്രെറ്റ് പാളിയിലേയ്ക്ക് ആകര്‍ഷിച്ചുവരുത്തി കുടുക്കുകയാണ് അവിടെ ചെയ്യുക.

ഇത്രയൊക്കെ ചെയ്താല്‍ പോലും ചില കണികകള്‍ അകത്തേയ്ക്ക് കടക്കുക തന്നെ ചെയ്യും. N95-ലെ 95 സൂചിപ്പിക്കുന്നത് കടന്നുപോകുന്ന വായുവിലെ 95 ശതമാനം കണികകളെയെങ്കിലും അത് തടയും എന്നാണ്.

ഇത്രയും മനസിലായിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്:

1. ഇതൊക്കെ വായു മാസ്‌കിലൂടെ കടന്നുപോകുമ്പോള്‍ ഉള്ള കാര്യമാണ്. താടിയിലിരിക്കുന്ന മാസ്‌കിന് ഇതൊന്നും ബാധകമല്ല! മാസ്‌ക് ജപിച്ച ഏലസ് പോലെ ‘പ്രവര്‍ത്തിക്കുന്ന’ ഐറ്റമല്ല.

2. മാസ്‌ക് കണികകളെ അതിലേയ്ക്ക് ഒട്ടിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതിനാല്‍, അത് അകത്തേയ്ക്ക് കടക്കാതെ തടഞ്ഞ എല്ലാ വില്ലന്‍മാരും അതില്‍ തന്നെ ഇരിപ്പുണ്ടാകും. അവര്‍ മടങ്ങിപ്പോകുന്നില്ല. അതുകൊണ്ട് ഇടക്കിടെ മാസ്‌കില്‍ പിടിച്ചിട്ട് അതേ കൈ കൊണ്ട് മൂക്കും കണ്ണുമൊക്കെ ചൊറിയുന്നത്, സെക്യൂരിറ്റി തടഞ്ഞുനിര്‍ത്തിയ കള്ളനെ സ്‌പെഷ്യല്‍ പാസ്സ് കൊടുത്ത് അകത്തേയ്ക്ക് കയറ്റുന്നത് പോലെയാണ്.

3. മിക്ക രോഗാണുക്കളും സ്വന്തം നിലയ്ക്കല്ല സഞ്ചരിക്കുന്നത്. പകരം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ പുറത്തേയ്ക്ക് തെറിക്കുന്ന സ്രവകണങ്ങളില്‍ കയറിയാണ് അവ വരുന്നത്. അതുകൊണ്ട് വൈറസിന്റേയോ ബാക്ടീരിയയുടേയോ വലിപ്പത്തിന് ഇവിടെ വലിയ പ്രസക്തിയില്ല. സ്രവകണങ്ങളുടെ വലിപ്പമാകട്ടെ തീരെ ചെറുത് മുതല്‍ വളരെ വലുത് വരെയാകാം.

4. N95 മാസ്‌കുകള്‍ (വ്യാജനല്ലെങ്കില്‍ പോലും) സാധാരണഗതിയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാനാവില്ല. അവ disposable ആണ്. കാരണം, കഴുകുമ്പോള്‍ അവയുടെ electret പാളിയുടെ ക്ഷമത കുറയുമെന്നതിനാല്‍ മാസ്‌കിന്റെ ഫലപ്രാപ്തിയും കുറയും.

5. ഏത് മാസ്‌കും അതിന്റെ ഉപയോഗരീതി കൊണ്ട് രോഗാണു-സൗഹൃദ (germ-friendly) സ്വഭാവമുള്ളതായി മാറിയേക്കും. മാസ്‌ക് മുഖത്ത് ടൈറ്റായി ഇരുന്നില്ല എങ്കില്‍ ഇടയിലെ പ്രതിരോധം കുറഞ്ഞ വിടവിലൂടെ വായു സുഖമായി അകത്ത് കടക്കും. പിന്നെ മാസ്‌കുണ്ടല്ലോ എന്നൊരു വിശ്വാസമായിരിക്കും എല്ലാം!

ഇത്രയും മാസ്‌കിനെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ്. ഇനി ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ പ്രസക്തമായ ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കാനുണ്ട്.

പുറത്തുനിന്ന് വരുന്ന രോഗാണുക്കളെ പ്രതിരോധിക്കാന്‍ വേണ്ടി മാസ്‌ക് ഉപയോഗിക്കുന്നതിന് പിന്നിലെ ശാസ്ത്രമാണ് നാം ഇതുവരെ പറഞ്ഞ്. ഇത് മിക്കവാറും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബാധകമായ കാര്യമാണ്.

പൊതുജനത്തോട് മാസ്‌ക് ഉപയോഗിക്കാന്‍ സര്‍ക്കാരുകള്‍ പറയുന്നത് ആ ലോജിക്കിലല്ല. നിങ്ങളില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്ന്, സമൂഹത്തിലെ രോഗികളുടെ എണ്ണം ലഭ്യമായ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറത്തേയ്ക്ക് പോകാതിരിക്കാനാണ്.

അഞ്ച് പേര്‍ക്ക് കേറാവുന്ന വള്ളത്തില്‍ ഇരുപത് പേര്‍ കയറുമ്പോള്‍, അധികം കയറുന്ന പതിനഞ്ച് പേര്‍ക്ക് മാത്രമല്ല അപകടമുണ്ടാകുന്നത്. ഇരുപത് പേര്‍ക്കും കൂടിയാണ്. അതായത്, സാധാരണഗതിയില്‍ സുരക്ഷിതരായി പോകുമായിരുന്ന അഞ്ച് പേര്‍ കൂടി അതില്‍ പെട്ടുപോകും. കൊവിഡ് ഇന്നീ കാണുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്, അതുണ്ടാക്കുന്ന രോഗാവസ്ഥയുടെ കാഠിന്യം കൊണ്ടല്ല, മറിച്ച് അത് ബാധിക്കുന്ന ആളുകളുടെ എണ്ണം കൊണ്ടാണ്.

സാധാരണഗതിയില്‍ സുരക്ഷിതരാകുമായിരുന്ന ആളുകള്‍ കൂടി എണ്ണം കൂടുമ്പോള്‍ ഇരകളാകും. രോഗികളുടെ എണ്ണം കൂടുന്നതിനെയാണ് അതുകൊണ്ട് നാം ഭയക്കേണ്ടത്. ലോക്ഡൗണുകളുടെ പ്രാഥമിക ഉദ്ദേശ്യവും അത് തന്നെ. അല്ലാതെ ലോക്ഡൗണ്‍ വൈറസിനെ ഇല്ലാതാക്കുന്നൊന്നുമില്ല.

ഒരേസമയം രോഗികളാകുന്ന ആളുകളുടെ എണ്ണം കുറച്ചുനിര്‍ത്തുക എന്നതാണ് അടിസ്ഥാനലക്ഷ്യം. അതിനാണ് ഓരോരുത്തരും അവരവരില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്ന കണികകളെ തടഞ്ഞുനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നത്. അതിന് പല വില കൂടിയ മാസ്‌കുകള്‍ ഒരുപക്ഷേ വാങ്ങാനായില്ലെങ്കില്‍ കൂടി, തുണികൊണ്ടുള്ള മാസ്‌ക്കെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. സംസാരിക്കാന്‍ നേരത്ത് അത് താഴ്ത്തി താടിയിലോട്ട് വെക്കുന്നത്, പകല്‍ മുഴുവന്‍ വീട് പൂട്ടിയിട്ടിട്ട് രാത്രി ഉറങ്ങുന്നതിന് മുന്‍പ് കതക് തുറന്നിടുന്നത് പോലെയാണ്.

അവസാനമായി ഒരു കാര്യം കൂടി. അനാവശ്യമായി N95 മാസ്‌ക് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. കാരണം, വാള്‍വുകള്‍ പിടിപ്പിച്ച N95 മാസ്‌കുകള്‍ അകത്തേയ്ക്കുള്ള വായുപ്രവാഹത്തെ മാത്രമേ ഫില്‍ട്ടര്‍ ചെയ്യുന്നുള്ളൂ. പുറത്തേയ്ക്കുള്ള വായു സ്വതന്ത്രമായാണ് വരുന്നത്. ഇത് ഒരു രീതിയിലും രോഗപ്പകര്‍ച്ചയെ തടയുന്നില്ല. ഓര്‍ക്കുക, നാം രോഗബാധിതരാകാതെ ഇരിക്കുന്നതിനൊപ്പമോ, അതിലധികമോ പ്രധാനമാണ് രോഗം പകരാതെ നോക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക