കൊവിഡില്‍ തിരിച്ചടി നേരിട്ട് മലയാളസിനിമ; പോസ്റ്ററൊട്ടിക്കുന്നവര്‍ മുതല്‍ സൂപ്പര്‍താരങ്ങള്‍ വരെ പ്രതിസന്ധിയില്‍
labour issue
കൊവിഡില്‍ തിരിച്ചടി നേരിട്ട് മലയാളസിനിമ; പോസ്റ്ററൊട്ടിക്കുന്നവര്‍ മുതല്‍ സൂപ്പര്‍താരങ്ങള്‍ വരെ പ്രതിസന്ധിയില്‍
ജിതിന്‍ ടി പി
Thursday, 23rd April 2020, 4:36 pm

ഒരുപാട് പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2020ലേക്ക് നടന്നു കയറിയത്. ആദ്യ രണ്ട് മാസങ്ങള്‍ മലയാളസിനിമാ വ്യവസായത്തെ സംബന്ധിച്ച് നല്ല നാളുകളായിരുന്നു. ഇക്കാലയളവില്‍ റിലീസ് ചെയ്ത 40 സിനിമകളില്‍ അഞ്ചെണ്ണവും സൂപ്പര്‍ഹിറ്റ്.

നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ തുടര്‍ച്ചയായി ആളുകള്‍ കയറുന്ന ചിത്രവുമായാണ് മോളിവുഡ് പുതുവര്‍ഷത്തെ വരവേറ്റത്. എന്നാല്‍ സ്വപ്നസമാനം എന്നു വിശേഷിപ്പിക്കാവുന്ന തുടക്കത്തില്‍നിന്ന് ചലച്ചിത്രമേഖല ഇപ്പോള്‍ നഷ്ടത്തിന്റെ കരകാണാക്കയത്തിലേക്ക് കുപ്പുകുത്തിയിരിക്കുകയാണ്.

ലോകത്തെയാകമാനം നിശ്ചലമാക്കിയ കൊവിഡ് 19 എന്ന മഹാമാരി മലയാള സിനിമയെയും തകര്‍ത്തു കളഞ്ഞു. തിയേറ്ററുകളില്‍ നിന്ന് മലയാളസിനിമയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന കാലമാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍. ഏപ്രില്‍ വരെ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ നീട്ടിയതോടെ വേനലവധി, വിഷു, ഈസ്റ്റര്‍ ഉത്സവങ്ങള്‍ ലക്ഷ്യമിട്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ നിരവധി സിനിമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

കൊവിഡ് ഭീതി ഒഴിഞ്ഞാലും തിയേറ്ററുകളിലെത്തി ആളുകള്‍ സിനിമ കാണാന്‍ ഇനിയും സമയമെടുത്തേക്കുമെന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘മലയാളസിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതീക്ഷവെക്കുന്ന കാലമാണ് മാര്‍ച്ച് മുതല്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ വരെയുള്ള കാലങ്ങള്‍. ഈ കാലത്തിലെ വരുമാനം കൊണ്ടാണ് ഒരുവര്‍ഷത്തെ തിയേറ്റര്‍ ചെലവുകള്‍ നടന്നുപോകുന്നത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ സമയങ്ങളിലാണ് വരാറുള്ളത്’, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അവധിക്കാല റിലീസുകളും ഉത്സവ കാലവും ഇല്ലാതെയായതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിഷു, ഈസ്റ്റര്‍ റിലീസുകള്‍ മുടങ്ങിയത് കൊണ്ട് മാത്രം മലയാള സിനിമയ്ക്കുളള നഷ്ടം 300 കോടി വരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചിത്രീകരണം കഴിഞ്ഞ 9 ചിത്രങ്ങളാണ് റിലീസ് ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്നത്.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 26 ആണ്. ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിപ്പോയിരിക്കുന്നത് ഇരുപത് ചിത്രങ്ങളുടേതാണ്. ഇവയുടെ നഷ്ടം കൂടെ കണക്കാക്കിയാല്‍ അത് 600 കോടിക്കും മുകളില്‍ വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിത്രീകരണം പൂര്‍ണ്ണമായും മുടങ്ങിയതിനാല്‍ സിനിമാ മേഖലയിലെ ദിവസവേതനക്കാരുടെ ജീവിതവും ഇരുട്ടിലാണ്. ചലച്ചിത്ര മേഖലയില്‍ 500 മുതല്‍ 550 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ലോക്ക് ഡൗണും നിയന്ത്രണങ്ങളും പിന്‍വലിച്ചാലും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ സജീവമായി തിരിച്ചെത്താന്‍ പിന്നെയും സമയമെടുത്തേക്കുമെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

ബിഗ് ബഡജറ്റ് ചിത്രങ്ങളും ബഡജറ്റ് കുറഞ്ഞ ചിത്രങ്ങളും ഒരേ പോലെ ആശങ്കയിലാണ്. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കൂട്ടത്തില്‍ ഏറ്റവും മുടക്കുമുതലുള്ള ചിത്രം. 100 കോടിക്കടുത്താണ് ചിത്രത്തിന്റെ ബഡജറ്റ്.

മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം ‘വണ്‍’, ആസിഫ് അലിയുടെ ‘കുഞ്ഞേല്‍ദോ’, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം ‘മാലിക്’, ടോവിനോ തോമസിന്റെ ‘കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ’, ഇന്ദ്രജിത് നായകനായ ‘ഹലാല്‍ ലൗ സ്റ്റോറി’, കുഞ്ചാക്കോ ബോബന്റെ ‘മോഹന്‍ കുമാര്‍ ഫാന്‍സ്.’, ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥന്‍’ തുടങ്ങിയവയെല്ലാം ഈ അവധിക്കാലത്ത് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രങ്ങളായിരുന്നു.

നിലവിലെ കൊവിഡ് ഭീതിയില്‍ ഇനി എന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കളും അണിയറ പ്രവര്‍ത്തകരും.

ചിത്രീകരണം മുടങ്ങിയവര്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി

റിലീസ് തടസപ്പെട്ട ചിത്രങ്ങളുടേത് പോലെ തന്നെ ചിത്രീകരണം പാതി വഴിയില്‍ മുടങ്ങിയ ചിത്രങ്ങളും ഗുരുതരമായ പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും വലിയ രീതിയില്‍ ആശയക്കുഴപ്പങ്ങളും സാമ്പത്തികബാധ്യതയും നേരിടാന്‍ പോകുന്നതും ഇക്കൂട്ടരാകും.

ഓണം-പെരുന്നാള്‍-ക്രിസ്തുമസ് ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് തയ്യാറെടുത്തിരുന്ന പല ചിത്രങ്ങളും ഷൂട്ടിംഗ് ഈ കാലത്തിലാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ സെറ്റുകളൊരുക്കി കാത്തിരുന്ന അണിയറപ്രവര്‍ത്തകര്‍ക്കും ശാരീരികമായി തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്ന ആര്‍ട്ടിസ്റ്റുകള്‍ക്കും കൊവിഡ് 19 നും ലോക്ക് ഡൗണും വലിയ തിരിച്ചടിയാണ് നല്‍കിയത്.

വി.സി അഭിലാഷ്

ലക്ഷങ്ങള്‍ മുടക്കി സെറ്റിട്ട തന്റെ പുതിയ ചിത്രമായ ‘സബാഷ് ചന്ദ്രബോസ്’ ഇത്തരത്തില്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് സംവിധായകന്‍ വി.സി അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘മാര്‍ച്ച് രണ്ടാം തിയതി ചിത്രീകരണം ആരംഭിച്ച് 10 ദിവസത്തോളം ഷൂട്ട് ചെയ്തിട്ട് ഞങ്ങള്‍ക്ക് നിര്‍ത്തിവെക്കേണ്ടിവന്നു. ഏകദേശം 50 ലക്ഷം രൂപയ്ക്ക് അകത്ത് ഒരു സെറ്റിട്ടിട്ടുണ്ടായിരുന്നു. സെറ്റില്‍ കുറച്ചുഭാഗം ഷൂട്ട് ചെയ്തു. ഇനിയും കുറച്ച് ഭാഗം ഷൂട്ട് ചെയ്യാനുണ്ട്. ഈ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ രണ്ട് വീടുകളാണുള്ളത്. അതില്‍ ഒരു വീടാണ് ഞങ്ങള്‍ സെറ്റിട്ടത്. ഈ രണ്ട് വീടിനും മധ്യത്തിലായിട്ട് രണ്ട് വയലാണ്. ആ വയല്‍ അതുപോലെ തന്നെ കിട്ടണമായിരുന്നു’, അഭിലാഷ് പറയുന്നു.

എന്നാല്‍ ആ വയലില്‍ ഇപ്പോള്‍ കൊയ്ത്ത് കഴിഞ്ഞിരിക്കുകയാണെന്നും അതിന്റെ കണ്ടിന്യൂറ്റി പ്രധാനമായിരുന്നു എന്നാല്‍ അത് നഷ്ടപ്പെട്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഫാക്ടറിയുടെ മതിലിന്റെ ഒരു സെറ്റിട്ടിരുന്നു. അത് ചാക്കൊക്കെ വെച്ച് കവര്‍ ചെയ്തിട്ടാണ് ഞങ്ങള്‍ പോന്നത്. അതൊക്കെ അതുപോലെ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഷൂട്ടിംഗ് പകുതിയ്ക്ക് വെച്ച് മുടങ്ങിയ പല സിനിമകളുടേയും അവസ്ഥയാണിത്. ഈ തരത്തില്‍ നിര്‍മാതാവ് വലിയ സാമ്പത്തികബാധ്യതയാണ് നേരിടേണ്ടിവരുന്നത്.

ലോക്ക് ഡൗണ്‍ കാലം എന്ന് തീരുമെന്ന ആശങ്ക നിലനില്‍ക്കുന്നത് കൊണ്ടുതന്നെ സെറ്റ് എത്രകാലം അവിടെ ഉണ്ടാകും എന്നതൊരു പ്രശ്നമാണ്. രണ്ട് മാസങ്ങള്‍ക്ക് ശേഷം വര്‍ഷകാലം കൂടി തുടങ്ങുന്നതോടെ ഇത്തരം സെറ്റുകളുടെ ‘നിലനില്‍പ്പ്’ ഭീഷണിയാണ്.

മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി സെറ്റിടുമ്പോഴാണ് കൊവിഡ് 19 നും ലോക്ക് ഡൗണും ആരംഭിക്കുന്നത്. അതോടെ അണിയറപ്രവര്‍ത്തകര്‍ സെറ്റ് മുഴുവനായി ഉപേക്ഷിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും വി.സി അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വലിയ പ്രതീക്ഷയോടെയാണ് ഈ വര്‍ഷം തുടങ്ങിയത്. ഈ വര്‍ഷത്തെ സംബന്ധിച്ച് തുടക്കത്തില്‍തന്നെ തിയേറ്ററുകളില്‍ ആളുകയറുന്ന സിനിമകളായിരുന്നു ഓടിയത്. എന്നാല്‍ എല്ലാം തകിടം മറിഞ്ഞു. കേരളത്തെ സംബന്ധിച്ച് തിയേറ്ററുകള്‍ ലോക്ക് ഡൗണിന്റെ 10 ദിവസം മുന്‍പ് തന്നെ പൂട്ടിയിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന സിനിമകള്‍ നിര്‍ത്തിയത് കൂടാതെ തിയേറ്റര്‍ ഉടമകളെ സംബന്ധിച്ച് തിയേറ്റര്‍ അടച്ചിടുകയാണെങ്കിലും പ്രദര്‍ശനമില്ലെങ്കിലും കറന്റ് ചാര്‍ജ്ജ് കൊടുക്കണം. സര്‍ക്കാര്‍ അത് പിന്‍വലിച്ചിട്ടില്ല. പിന്നെ മുനിസിപ്പാലിറ്റി ടാക്‌സ്, ജീവനക്കാര്‍ക്കുള്ള ശമ്പളം ഇതെല്ലാം വലിയ ഭാരമാണ് വരുത്തിവെക്കുന്നത്. ഇക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ ഇടപെടല്‍ കുറച്ചുകൂടി കാര്യക്ഷമമാകണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ലിബര്‍ട്ടി ബഷീര്‍

പോസ്‌റ്റൊട്ടിക്കുന്നവര്‍ മുതല്‍ സൂപ്പര്‍സ്റ്റാറുകള്‍ വരെ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. പ്രൊഡ്യൂസേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ സംബന്ധിച്ചിടത്തോളം കൊവിഡ് 19 കഴിഞ്ഞാലും ഇനി എത്ര തിയേറ്റര്‍ ലഭിക്കുമെന്നതിനെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല. കേരളത്തില്‍ മാത്രം കൊവിഡ് 19 ശരിയായാലും പ്രതിസന്ധി മാറില്ല.

ലോകം മുഴുവന്‍ പഴയ സ്ഥിതിയിലാകണം. മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍ ലോകത്ത് പലയിടത്തും റിലീസിംഗ് നിശ്ചയിച്ചിരുന്നതാണ്. അന്യഭാഷാ ചിത്രങ്ങള്‍ ഇറങ്ങണമെങ്കില്‍ ലോകം മുഴുവന്‍ കൊവിഡ് മുക്തമാകണം. കേരളത്തില്‍ നിന്ന് മാത്രമോ അല്ലെങ്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് മാത്രമോ വരുമാനം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓണത്തിന് മുന്‍പെങ്കിലും ഈ പ്രതിസന്ധി മാറിയില്ലെങ്കില്‍ രക്ഷപ്പെടാന്‍ പറ്റില്ല. 100 കോടി ബഡ്ജ്റ്റുള്ള പടമാണ് മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍. അത് ഇറങ്ങിയില്ലെങ്കില്‍ അതില്‍ നിന്നുള്ള എല്ലാ വരുമാനവും നഷ്ടപ്പെടുമല്ലോ. തിയേറ്ററില്‍ നിന്ന് ആള്‍ക്കാര്‍ വിട്ടുപോയി. ഇനി അത് തിരിച്ചുവരണമെങ്കില്‍ കുറെകാലം പിടിക്കും’, ലിബര്‍ട്ടി ബഷീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്ത് ദുരന്തം വന്നാലും ആദ്യം ബാധിക്കുന്ന ഒരു മേഖല സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന് ബദലായിട്ടുള്ള ഒരു സമാശ്വാസപ്രവര്‍ത്തനം മറുഭാഗത്ത് നടക്കുന്നില്ല.

‘ തിയേറ്റര്‍ പൂട്ടിയാലും ഇല്ലെങ്കിലും എന്റെ തിയേറ്റര്‍ കോപ്ലംക്‌സിന് 1,90000 രൂപ ഒരു മാസം ഞാന്‍ ഏറ്റവും കുറഞ്ഞത് അടക്കണം. തുറന്ന് കഴിഞ്ഞാല്‍ 5-6 ലക്ഷം രൂപ അടക്കണം. എന്നാല്‍ അത് പോലും ഈ ദുരിതകാലത്ത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടില്ല. ഈ മഹാമാരിയുടെ സമയത്ത് സര്‍ക്കാര്‍ അതിനുള്ള സന്മനസ് പോലും കാണിച്ചിട്ടില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതിചാര്‍ജിലെങ്കിലും സബ്സിഡി നല്‍കിയില്ലെങ്കില്‍ വായ്പയില്‍ താങ്ങിനിര്‍ത്തിയ തിയറ്ററുകളില്‍ പലതും അടച്ചുപൂട്ടേണ്ടിവരുെമന്ന് ഉടമകള്‍ തുറന്നുപറയുന്നു.

തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാനിറ്റൈസ് ചെയ്യുന്നതുള്‍പ്പെടെ വലിയ ചെലവും വേണ്ടിവരും. കേരളത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങള്‍ സാധാരണ അവസ്ഥയിലെത്താതെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയില്ല.

വിനോദോപാധി മാത്രമല്ല, ജീവിതമാണ് സിനിമ

ഒരു സാധാരണക്കാരനെ സംബന്ധിച്ച് സിനിമ അവശ്യ സര്‍വീസല്ല. ഭൂരിപക്ഷത്തിനും അതു വെറും വിനോദോപാധി മാത്രമാണ്. എന്നാല്‍ സിനിമ ജീവിതമാര്‍ഗമാക്കിയ ലക്ഷക്കണക്കിന് ആളുകളുണ്ട്. അവരുടെയും കുടുംബത്തിന്റെയും ഉപജീവനവും നിലനില്‍പ്പുമെല്ലാം സിനിമയാണ്.

പ്രീപ്രൊഡക്ഷനില്‍ തുടങ്ങി ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും തിയറ്റര്‍ റിലീസും ഡിജിറ്റല്‍, സാറ്റലൈറ്റ് റിലീസുകളും വരെ നീളുന്ന ആ ചങ്ങല മുറിയുമ്പോള്‍ തകരുന്നത് ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ്. മറ്റ് മേഖലകളില്‍ നടക്കുന്നത് പോലെ വര്‍ക്ക് ഫ്രം ഹോമും സിനിമയില്‍ നടക്കില്ല.

തിരക്കഥാ രചന, ഗാനരചന, സംഗീത സംവിധാനം എന്നിവ മാത്രമാണിതിനൊരപവാദം.മലയാളസിനിമയിലെ പതിനായിരത്തില്‍പരം സാങ്കേതികപ്രവര്‍ത്തകരില്‍ നാലായിരത്തോളം ദിവസവേതനക്കാരും ഇക്കാലത്ത് പ്രതിസന്ധിയിലാണ്. മോഹന്‍ലാലും മഞ്ജുവാര്യരുമടക്കമുള്ള താരങ്ങളുടെ ധനസഹായം ഈ വിഭാഗത്തിന് ലഭ്യമാക്കാന്‍ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കഴിഞ്ഞെങ്കിലും എത്രനാള്‍ ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നതാണ് ചോദ്യം.

ജൂണ്‍-ജൂലായ് ആകാതെ സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കഴിയുമോയെന്ന് പോലും ഉറപ്പില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ബി. ഉണ്ണികൃഷ്ണന്‍

വലിയ തകര്‍ച്ചയാണ് നേരിടുന്നതെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി. എന്‍. കരുണ്‍ പറയുന്നു. ചിത്രാജ്ഞലി സ്റ്റുഡിയോയും കോര്‍പ്പറേഷന് കീഴിലുള്ള 18 തിയറ്ററുകളും പൂട്ടിയതോടെ എല്ലാ വരുമാനവും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നോട്ടേക്ക് എന്ത് എന്ന കാര്യത്തില്‍ വലിയ ആശങ്കയോടെയാണ് സിനിമാ ലോകം നില്‍ക്കുന്നതെന്ന് പി.ആര്‍.ഒ ആതിര ദില്‍ജിത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ നേരിട്ട തിരിച്ചടി എല്ലാം തകിടം മറിച്ചെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

‘നമ്മളിപ്പോ ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാത്തിലേക്കുമുള്ള ബ്രാന്‍ഡിംഗ് എന്നത് ഫോക്കസ് ചെയ്താണ് ചെയ്യുന്നത്. ഒരു തിയതി മുന്നില്‍ കണ്ടാണല്ലോ ഇതെല്ലാം പ്ലാന്‍ ചെയ്യുന്നത്’, ആതിര പറയുന്നു.

ഉദാഹരണത്തിന് മരക്കാര്‍ എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ എല്ലാ ജോലികളും പൂര്‍ത്തിയായി ട്രൈലറടക്കം പുറത്തുവിട്ടതാണ്. ആളുകളിലേക്കെത്തിക്കാന്‍ ഇനി ഇതെല്ലാം വീണ്ടും ചെയ്യേണ്ടിവരും. മരക്കാര്‍ മാത്രമല്ല എല്ലാ സിനിമകളും ഇത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

ആതിര ദില്‍ജിത്

‘ആദ്യം കരുതിയത് കൊവിഡ് പ്രതിസന്ധി ചെറിയ സമയത്തിനുള്ളില്‍ മറികടക്കാമെന്നാണ്. പിന്നീടാണ് ഇത് വലുതായത്. മുന്നോട്ടുനോക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്. ഇത് നന്നായി ബാധിച്ചിട്ടുണ്ട്. ഇനി എവിടെനിന്ന് തുടങ്ങുമെന്നറിയില്ല.’

മേയ്ക്ക് ഓവര്‍ നടത്തിയ അഭിനേതാക്കള്‍

ബ്ലെസി ചിത്രം ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ മേയ്ക്ക് ഓവറുകള്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശരീരം മെലിഞ്ഞ് താടി നീട്ടിവളര്‍ത്തിയ പൃഥ്വി കൊവിഡും പിന്നാലെ വന്ന ലോക്ക് ഡൗണും കാരണം ശരിക്കും ‘പെട്ടിരിക്കുകയാണെന്ന’ തരത്തിലുള്ള സോഷ്യല്‍മീഡിയോ ട്രോളുകളും വന്നിരുന്നു.

എന്നാല്‍ കേവലം ട്രോളുകള്‍ക്കപ്പുറം ഇത്തരത്തില്‍ അഭിനേതാക്കള്‍ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. താരങ്ങളുടെ ആരോഗ്യം, ഡേറ്റുകള്‍ എന്നിവയെല്ലാം തിരിച്ചടി തരാന്‍ പോകുന്ന കാലമായിരിക്കും വരാന്‍ പോകുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു.

പൃഥ്വിരാജ്

ചിത്രീകരണം തുടങ്ങിയ സിനിമകള്‍ക്കായി എടുത്ത ശാരീരികമായ തയ്യാറെടുപ്പുകള്‍ ഇനിയും തുടരേണ്ടി വരും. അത് ചിത്രീകരണം തുടങ്ങിയ സിനിമകളേയും കരാറായ മറ്റ് സിനിമകളേയും ബാധിക്കുമെന്ന് സംവിധായകന്‍ വി.സി അഭിലാഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എന്റെ സിനിമ സബാഷ് ചന്ദ്രബോസ് 80 കളിലെ കഥ പറയുന്ന ഒരു സിനിമയാണ്. അതിന് വേണ്ട സാങ്കേതികമായ തയ്യാറെടുപ്പും ആളുകള്‍ക്ക് അതിന് വേണ്ട തയ്യാറെടുപ്പും ഒക്കെ ഉണ്ട്. അത് ഒന്നേയെന്ന് വീണ്ടും പിടിക്കുക എന്ന് പറയുന്നത് ഒരു വലിയ ശ്രമമാണ്. കാരണം ഈ ആളുകളൊക്കെ നേരത്തെ ഡേറ്റ് കൊടുത്തിട്ടുള്ള സിനിമകളുണ്ട്’, വി.സി അഭിലാഷ് പറയുന്നു.

‘സബാഷ് ചന്ദ്രബോസില്‍’ പ്രധാന വേഷം ചെയ്യുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. വിഷ്ണു ഈ സിനിമയ്ക്ക് വേണ്ടി അയാളുടെ താടിയും മുടിയും ഒരുപാട് കാലമായിട്ട് വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അത് പക്ഷെ അദ്ദേഹത്തിന്റെ മറ്റ് സിനിമകളേയും ബാധിക്കാം.

വിഷ്ണു ഉണ്ണികൃഷ്ണന്‍

സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ഇത്തരത്തിലുള്ള ചെറിയ വിഷയങ്ങള്‍പോലും സിനിമയെ ഇക്കാലയളവില്‍ ദോഷകരമായി ബാധിക്കാമെന്നും വി.സി അഭിലാഷ് പറഞ്ഞു. തുടങ്ങാന്‍ പോകുന്ന സിനിമകളേക്കാള്‍ ചിത്രീകരണം പാതി തുടങ്ങി മുടങ്ങിപ്പോയ സിനിമകള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയെന്നതാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരത്തില്‍ ഒരു തീരുമാനം ഈ വിഷയത്തില്‍ മുന്നോട്ടുവെക്കണം. അക്കാര്യത്തില്‍ ഒരു പൊതുധാരണ ഉണ്ടാക്കിയ ശേഷം മുന്നോട്ടുപോകണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതിജീവനത്തില്‍ കലയെ മാറ്റിനിര്‍ത്തരുത്

കൊവിഡ് പ്രതിരോധത്തിലാണ് നാടുമുഴുവന്‍. സര്‍ക്കാരും വിവിധ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഒരേപോലെ കൈകോര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്.

സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും കൊവിഡ് പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ശക്തമായി പിന്തുണയുമായി എത്തിയിട്ടുണ്ട്. സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതോടെ ജോലിയില്ലാതെയായ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ഫെഫ്ക്ക സഹായമെത്തിച്ചിരുന്നു.

സിനിമ അനുബന്ധ സംഘടനകളില്‍ നിന്നും അംഗങ്ങളില്‍ നിന്നും താരങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുകയാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

‘എത്രയോ കലാകാരന്‍മാര്‍ ജോലിയില്ലാതെ നില്‍ക്കുകയാണ്. ഓണത്തോടെയെങ്കിലും എല്ലാം ശരിയാകും എന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത് എല്ലാ പ്രതിസന്ധികളേയും മറികടക്കാനാകുമെന്ന പ്രതീക്ഷയുണ്ട്’, ആതിര ദില്‍ജിത് പറയുന്നു.

മുന്‍പത്തെ സ്ഥിതിയിലേക്ക് മടങ്ങിപ്പോകാനാകുമെന്ന ശുഭാപ്തി വിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. അതേസമയം ദുരന്തമുഖത്തെ അതിജീവനങ്ങളില്‍ കല പലപ്പോഴും മാറ്റിനിര്‍ത്തപ്പെടാറുണ്ടെന്ന ആശങ്കയും ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

‘സിനിമ എന്ന കലയുടെ പ്രസക്തി വലിയ പ്രാധാന്യമുള്ളതാണ്. ആദ്യ പ്രളയത്തിന്റെ സമയത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേള വേണ്ട എന്ന തീരുമാനമെടുത്തു. കലയെ മാറ്റിനിര്‍ത്തി അതിജീവനം എന്ന പദ്ധതി നടപ്പിലാകില്ല, അങ്ങനെ ചിന്തിക്കുന്നത് മണ്ടത്തരമാണ്. നമുക്ക് മാറ്റിവെക്കാന്‍ പറ്റുന്നത് കലാപ്രവര്‍ത്തനമാണ്, അല്ലെങ്കില്‍ കായികമേളയാണ് എന്ന് പറഞ്ഞുള്ള അതിജീവനം സാധ്യമല്ല’, സംവിധായകന്‍ വി.സി അഭിലാഷ് പറയുന്നു.

85 വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ഒരു പ്രവര്‍ത്തനമാണ് മലയാള സിനിമാ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 5000 ത്തില്‍ മേലേ തൊഴിലാളികള്‍ ഇവിടെ ദിവസവേതനക്കാരായിട്ടുള്ളവര്‍ ഉണ്ട്. നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കൊടുക്കുന്ന പ്രസക്തി പോലും സിനിമയിലെ ഈ തൊഴിലാളികള്‍ക്ക് കൊടുക്കാറില്ലെന്ന് അഭിലാഷ് പറയുന്നു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമാശ്വാസപ്രവര്‍ത്തനം വേണമെന്ന് ലിബര്‍ട്ടി ബഷീറും ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഏറ്റവും ഗ്ലാമറുള്ള കലയെന്നാണ് സിനിമയെ വിശേഷിപ്പിക്കുന്നത്. വ്യവസായം എന്നതിലുപരി വിവിധ കലകളുടെ സങ്കരരൂപമാണ് സിനിമ. അതേസമയം വിനോദോപാധി എന്ന നിലയില്‍ സിനിമ ഉള്‍പ്പടെയുള്ള കലാരംഗത്തെ മാറ്റിനിര്‍ത്തിയുള്ള അതിജീവനം സാധ്യമല്ലെന്നാണ് കലാകാരന്‍മാര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.