തിരുവനന്തപുരം: കൊവിഡ് 19 നെ തടയുന്നതിനുള്ള കൂട്ടായ്മ പരിശ്രമത്തിലാണ് കേരളം ഒന്നടങ്കം. വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിനും സര്‍ക്കാര്‍ അരംഭിച്ചിരുന്നു.
ഇപ്പോഴിതാ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിനില്‍ ബോധവല്‍ക്കരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസും. പാട്ടും പാടി ഡാന്‍സ് കളിച്ചാണ് പൊലീസുകാരുടെ ബോധവല്‍ക്കരണ വീഡിയോ.
കൈകള്‍ വൃത്തിയായി കഴുകേണ്ട രീതിയാണ് ഡാന്‍സ് രൂപത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ കലക്കാത്ത എന്ന ഗാനത്തിനാണ് ഇത്തരത്തിലൊരു നൃത്ത രൂപം അവതരിപ്പിച്ചിരിക്കുന്നത്.
കൈകള്‍ ശുദ്ധമാക്കാനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടിയാണ് ബ്രേക്ക് ദ ചെയ്ന്‍. ബ്രേക്ക് ദ ചെയ്ന്‍ എന്നത് കൊവിഡിനെ തടയാനുള്ള മരുന്നല്ലെന്നും മുമ്പ് പറഞ്ഞിട്ടുള്ള മറ്റു നിര്‍ദേശങ്ങളും ഇതിനൊപ്പം പാലിച്ചു പോകണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.
കൊവിഡ് വൈറസ് ബാധയുള്ളയാള്‍ മറ്റൊരാള്‍ക്ക് കൈകൊടുക്കുകയോ ഏതെങ്കിലും പ്രതലത്തില്‍ തൊടുകയോ ചെയ്താല്‍ അത് അവിടെ കടന്നുകൂടും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ‘ബ്രേക്ക് ദ ചെയിന്‍’ അവതരിപ്പിക്കുന്നത്.