കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗമാണ് ഫോട്ടോഗ്രഫര്‍മാര്‍. വിവാഹങ്ങളുടേയും ഉത്സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും സീസണുകളായ മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങള്‍ കൊവിഡ് കവര്‍ന്നപ്പോള്‍ ജീവനോപാധി നഷ്ടപ്പെട്ടിരിക്കുകയാണ് ഇവര്‍ക്ക്. വിവാഹങ്ങള്‍ ഉള്‍പ്പെടെ വെറും ചടങ്ങില്‍ ഒതുങ്ങിയപ്പോള്‍ ഏറ്റവും എളുപ്പത്തില്‍ ഒഴിവാക്കുന്ന ഒരു വിഭാഗമായി ക്യാമറാമാന്‍മാര്‍ മാറി.
ഇപ്പോള്‍ നടക്കുന്ന വിവാഹങ്ങള്‍ക്കെല്ലാം ഒരു ക്യാമറാമാന്‍ ഉണ്ടായാലായി. അതുതന്നെ പലര്‍ക്കും ആല്‍ബം പോലും വേണ്ടെന്നുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. വരന്റേയും വധുവിന്റേയും ഭാഗത്തുനിന്നായി ഒരാളെയാണ് ക്യാമറ ചെയ്യാന്‍ വിളിക്കുന്നത്. നേരത്തെ നല്ലൊരു വിവാഹ വര്‍ക്കിന് നാലും അഞ്ചും ആളുകള്‍ വരെ പോയി ചെയ്തുകൊടുത്തിരുന്നിടത്താണ് ഒരാളെ പോലും വിളിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയത്. എത്രയോ ആളുകള്‍ക്കാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെടുന്നതെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.
ഇത് മാത്രമല്ല ആഘോഷപരിപാടികള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പൂര്‍ണമായും തൊഴില്‍ ഇല്ലാതാകുകയായിരുന്നു ഇവര്‍ക്ക്.
ജോലിയില്ലാതായതോടെ ക്യാമറയുടേയും അനുബന്ധ ഉപകരണങ്ങളുടേയും മെയിന്റന്‍സ് ഉള്‍പ്പെടെ വലിയൊരു തുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആവശ്യമായി വരുന്നത്. സ്റ്റുഡിയോ ഒന്നുമില്ലാതെ ഫ്രീലാന്‍സ് ആയി ഫോട്ടോഗ്രാഫി ചെയ്യുന്നവര്‍ പോലും ലക്ഷങ്ങളാണ് ക്യാമറക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി മുടക്കിയിരിക്കുന്നത്.
രണ്ടര ലക്ഷം രൂപയെങ്കിലും വേണം അത്യാവശ്യം ഒരു ക്യാമറയും നിത്യോപയോഗത്തിനുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സും മാത്രം വാങ്ങാനെന്ന് ഫ്രൊഷണല്‍ ഫോട്ടോഗ്രാഫറായ ഹക്‌സര്‍ ആര്‍.കെ ഡൂള്‍ന്യൂസിനോട് പറയുന്നത്.
‘ഫ്‌ളാഷുകള്, കൂടുതല്‍ ലെന്‍സുകള്‍, അധിക ബാറ്ററികള്‍, അനുബന്ധ ഉപകരണങ്ങള്‍ ഒക്കെ ചേരുമ്പോള്‍ അഞ്ചു ലക്ഷത്തിന് പുറത്താവുമത്. ഇതൊക്കെ ശരാശരി സംവിധാനങ്ങളുടെ മാത്രം ചിലവാണ്. ക്യാമറ മാത്രം അഞ്ചു ലക്ഷത്തിനടുത്ത് വിലവരുന്നത് ഉപയോഗിക്കുന്ന ധാരാളം ക്യാമറാമാന്‍മാരുണ്ട്. പരമാവധി മൂന്ന് വര്‍ഷമൊക്കെയാണ് ഇവയുടെ ഉപയോഗപരിധി. അപ്പോഴേക്കും പലവിധ പ്രശ്‌നങ്ങള്‍ കാണിച്ചുതുടങ്ങും. പിന്നീട് ഇത് മാറ്റേണ്ടി വരും. മിക്കവരും ലോണിനെയൊക്കെ ആശ്രയിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. മാസം നല്ലൊരു തുക തിരിച്ചടവില്ലാത്ത ക്യാമറാമാന്‍മാരും ചുരുക്കമായിരിക്കുമെന്നും ‘ഇദ്ദേഹം പറയുന്നു.
ഒരു തൊഴിലിനുപരി ഫോട്ടോഗ്രാഫിയെ ആത്മാംശമായി കൊണ്ടു നടന്നവരായിരുന്നു ഞങ്ങളൊക്കെ. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയാണെന്നുപോലും അറിയില്ല. പുതിയ മേഖലകള്‍ എന്ന് പറയാന്‍ ഈ പ്രതിസന്ധി കാലത്ത് അങ്ങനെ ഒന്നും കാര്യമായി മുന്നിലില്ല. എങ്കിലും അതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.
ക്യാമറാമാന്‍മാര്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഒരു കോടി പത്തുലക്ഷം രൂപ കേരളത്തിലെ 16000 വരുന്ന മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രഡിഡന്റ് പ്രസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
ഫോട്ടോഗ്രാഫിയെ ഈ ഘട്ടത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ‘വിവാഹത്തിന് ഫോട്ടോയെടുക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ല. വിവാഹം ജീവിതത്തില്‍ ഒരിക്കല്‍ നടക്കുന്ന ഒന്നാണ്. അത് ഓര്‍ത്തുവെക്കാന്‍ കൂടിയാണ് നമ്മള്‍ ഫോട്ടോയെടുക്കുന്നത്. ഇത് ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരില്‍ വലിയൊരു വിഭാഗവും ഒരുപാട് ക്യാമറാ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നുണ്ട്. മാര്‍ക്കറ്റിങ്ങില്‍ പുതിയ ക്യാമറകള്‍ ഇറങ്ങുന്നുണ്ട്. അവ വാങ്ങിവെക്കും. വാങ്ങിയില്ലെങ്കില്‍ ഈ ഫീല്‍ഡില്‍ നില നില്‍ക്കാന്‍ കഴിയില്ലെന്നതുകൊണ്ട് കൂടിയാണ് അത്. അതുകൊണ്ട് തന്നെ നേരിടുന്ന പ്രതിസന്ധിയുമുണ്ട്. എന്നിരുന്നാല്‍ പോലും എല്ലാം അതിജീവിച്ചപോലെ നമ്മള്‍ ഇതിനേയും അതിജീവിക്കുമെന്നുമാണ്’ പ്രസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
മാത്രമല്ല ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം സ്റ്റുഡിയോയിലും മറ്റും വന്ന് ഫോട്ടോ എടുക്കുന്നവരുടെ എണ്ണവും വലിയ രീതിയില്‍ കുറഞ്ഞെന്നും ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു.
‘സ്റ്റുഡിയോയില്‍ വന്ന് ഫോട്ടോയെടുക്കുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറവാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള സ്റ്റുഡിയോ ഫോട്ടോകള്‍ മാത്രമായിരുന്നു കുറച്ചുകാലമായിട്ട് ലഭിച്ചത്. അല്ലാതെ വെറുതെ ഒരു കൗതുകത്തിന് സ്റ്റുഡിയോയില്‍ വന്ന്് ഫോട്ടോ എടുക്കുന്നവരൊക്കെ വളരെ കുറവാണ്.എന്നാല്‍ മൊബൈല്‍ ക്യാമറകളുടെ വരവോടെ തന്നെ ഔദ്യോഗിക ആവശ്യത്തിനായി ഫോട്ടോ എടുക്കാന്‍ വരുന്നവരുടെ എണ്ണം തന്നെ കുറഞ്ഞു. മൊബൈലില്‍ ഫോട്ടോ എടുത്തിട്ട് അത് പ്രിന്റ് ചെയ്യാന്‍ കൊടുക്കുകയാണ് ഇപ്പോള്‍ പലരും’, ഫോട്ടോഗ്രാഫറായ ഹക്‌സര്‍ ആര്‍.കെ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് തുടങ്ങി സ്റ്റുഡിയോയിലെ ഉപകരണങ്ങള്‍ പലതും അടച്ചിട്ടപ്പോള്‍ കേടായി. ഇന്‍വെര്‍ട്ടര്‍, ബാറ്ററി പോലുള്ളവയും പോയി. ഉപയോഗിക്കാത്തതുകൊണ്ട് തന്നെ ക്യാമറയ്ക്ക് പ്രശ്‌നം വന്നവരും ഉണ്ട്. അത് നന്നാക്കിയെടുക്കാന്‍ പണമില്ലാത്തതുകൊണ്ട് തന്നെ സ്റ്റുഡിയോ ഒഴിവാക്കിയ നിരവധി പേരുണ്ട്. പകരം പലരും പല ജോലികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. രണ്ടും മൂന്നും ലക്ഷത്തിന്റെ ലെന്‍സ് വിറ്റ് ആ പണം കൊണ്ട് ജീവിതം കഴിക്കാന്‍ ശ്രമിക്കുന്നവര്‍ വരെയുണ്ടെന്നാണ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. ജ്യോതിഷ് കുമാര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് അത്യാവശ്യം വര്‍ക്കുകള്‍ ലഭിച്ചിരുന്ന സമയമായിരുന്നു. ആ സമയത്തുള്ള ചെറിയ നീക്കിയിരിപ്പുകൊണ്ടാണ് ഈ നാല് മാസം കുടുംബമൊക്കെ മുന്നോട്ടുപോയതെന്നാണ് പലരും പറയുന്നത്. ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തവര്‍ക്ക് മറ്റൊരു ജോലിയിലേക്ക് കടക്കുക എളുപ്പമല്ല. ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കൊണ്ട് മറ്റേത് ജോലി ചെയ്യാനും മാനസികമായി പ്രയാസവും ഉണ്ട്. എന്നിരുന്നാല്‍ പോലും മറ്റൊരു ജോലി കണ്ടെത്തിയേ തീരൂ എന്ന അവസ്ഥയിലാണ് തങ്ങളുള്ളതെന്ന് ഇവര്‍ പറയുന്നു.
മറ്റൊരുകാര്യം മിക്ക ഫോട്ടോഗ്രാഫര്‍മാരും കുറഞ്ഞ സംഖ്യയെങ്കിലും വായ്പാ തിരിച്ചടവ് ഉള്ളവരായിരിക്കും. 10000 രൂപയെങ്കിലും തിരിച്ചടവ് ഇല്ലാത്ത ആരും ഉണ്ടാവില്ല. ക്യാമറ മെയിന്റനന്‍സിനും വാങ്ങാനുമായി നിരന്തരം ലോണുകള്‍ എടുക്കുന്നവരാണ് പലരും. ഇത്തരത്തില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയ നിരവധി പേരുണ്ടെന്നും ഇവര്‍ പറയുന്നു.
സീസണെ ആശ്രയിച്ചാണ് ഒരു വര്‍ഷം മുഴുവന്‍ മുന്നോട്ടുപോയിരുന്നതെന്നും അതില്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായെന്നുമാണ് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സജീഷ് മണി പ്രതികരിച്ചത്. ഓഗസ്റ്റ് മാസം കഴിയുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ