സംസ്ഥാനത്ത് പുതുതായി സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 35 പേര്‍ക്ക്; ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിച്ചവരില്‍ 35 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പുതുതായി 193 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.ഇതില്‍ 92 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
മലപ്പുറം 35,കൊല്ലം 11, ആലപ്പുഴ11, തൃശൂര്‍14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തുനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്നലെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിരുന്നു. വെള്ളി-27, വ്യാഴം – 14 എന്നിങ്ങനെയാണ് മുന്‍ ദിനങ്ങളിലെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം.
സംസ്ഥാനത്ത് ഇതുവരെ 674 സമ്പര്‍ക്ക കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 109 സമ്പര്‍ക്ക കേസുകള്‍ കണ്ണൂരിലും 93 എണ്ണം കാസര്‍കോടും 72 എണ്ണം തൃശ്ശൂരിലും 68 എണ്ണം മലപ്പുറത്തും 62 എണ്ണം തിരുവനന്തപുരത്തും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം അറിയാത്ത 41 കേസുകളാണ് ജൂണ്‍ 30 വരെയുണ്ടായത്. ഇതില്‍ 23 കേസുകളില്‍ അന്വേഷണം തുടരുന്നു. 18 കേസുകളുടെ ഉറവിടം ഇപ്പോള്‍ അജ്ഞാതമാണെന്നും അദ്ദേഹം പറഞ്ഞു.
അവയില്‍ 3 കേസ് വീതം തിരുവനന്തപുരം, പാലക്കാട് കോട്ടയം മലപ്പുറം ജില്ലകളിലാണ്. രണ്ട് കൊല്ലം ഇടുക്കി ജില്ലകളിലാണ്. അന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്. മൂന്നെണ്ണം ഇടുക്കിയിലാണ്. പത്തനംതിട്ടയിലും കണ്ണൂരിലും രണ്ട് കേസുകള്‍ വീതം. ഇങ്ങനെ നോക്കുമ്പോള്‍ മൊത്തം കേസുകളിലെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് നമ്മുക്ക് ഉറവിടം കണ്ടെത്താനാക്കാത്തത്. ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണവകുപ്പിന്റേയും കൂട്ടായപ്രവര്‍ത്തനം മൂലമാണ് നമ്മുക്കിത് സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേസുകള്‍ കൂടുന്നതിനാല്‍ ജനങ്ങളുടെ പിന്തുണ കൂടി ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വേണം. പോയ സ്ഥലവും എത്തിയ സമയവും എല്ലവരും എഴുതി സൂക്ഷിച്ചാല്‍ സമൂഹവ്യാപനം തടയുന്ന അവസ്ഥ സൃഷ്ടിക്കാം. അക്കാര്യത്തില്‍ എല്ലാവരും നല്ല ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.