തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെയും മാത്രമേ ഇനി മാളുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാവൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനുള്ള പരിശോധനയുടെ ചുമതല പൊലീസിന് നല്‍കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 30,900 ഓളം പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം തേടാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും ധാരണയായി.
ഒരു ദിവസം രണ്ടര ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്‌സിന്‍ വിതരണം ത്വരിതഗതിയിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്‌സിനേഷന്‍ വഴി ആര്‍ജിതപ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക