| Wednesday, 13th May 2020, 12:07 pm

മദ്യത്തിന് വിലകൂടും; 10 മുതല്‍ 35 ശതമാനം നികുതി കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദേശ മദ്യത്തിന് 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. 10 മുതല്‍ 35 ശതമാനം നികുതി കൂട്ടാനാണ് തീരുമാനം.

വിലകുറഞ്ഞ മദ്യത്തിന് 10 മുതല്‍ 15 ശതമാനം വരെയും വിലകൂടിയ മദ്യത്തിന് 35 ശതമാനം വരേയും നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ബിയറിനും വൈനിനും പത്ത് ശതമാനം നികുതി കൂട്ടും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതാത് വകുപ്പുകള്‍ ഉത്തരവ് ഇറക്കുമെന്നാണ് അറിയുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത്.

ബാറുകളില്‍ നിന്ന് മദ്യം പാഴ്‌സലായി കൊടുക്കുന്നതിലൂടെയും കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്‌സലായി നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മദ്യത്തിന് ഈ ഘട്ടത്തിന് വിലകൂട്ടുന്നത് സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വ്യാജ മദ്യം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

കൂടിയാലോചന നടത്തി ഇത്തരമൊരു തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും നിലവില്‍ തന്നെ മദ്യത്തിന് ഏറ്റവും കൂടുതല്‍ ടാക്‌സ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിത്യവരുമാനക്കാരാണ് മദ്യം കൂടുതല്‍ ഉപയോഗിക്കുക. വില കൂട്ടിയതുകൊണ്ട് ദിവസവേതനക്കാര്‍ വീട്ടില്‍ കൊടുക്കുന്ന പണത്തിന് കുറവുവരും. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്‌നത്തിന് ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more