| Friday, 26th June 2020, 8:51 pm

വഴിയോരക്കടകളില്‍ കെട്ടിക്കിടക്കുന്ന ബാഗും കുടയും, ആളൊഴിഞ്ഞ മാളുകള്‍; വ്യാപാരികള്‍ ദുരിതക്കഥ പറയുന്നു

രോഷ്‌നി രാജന്‍.എ

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നിട്ടും വിപണിയില്‍ ആളില്ലാതെ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിലെ മിക്ക വ്യാപാരസ്ഥാപനങ്ങളും. കച്ചവടം കുത്തനെ കുറഞ്ഞതുമൂലം ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും മിക്ക വ്യാപാരികളും കട കാലിയാക്കല്‍ പദ്ധതികളുമായി മുന്നോട്ട് പോവുകയുമാണ്. സ്ഥാപനങ്ങളില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെയും കെട്ടിടവാടകപോലും അടക്കാന്‍ കഴിയാതെയും പൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരുന്നു. കുറച്ചെങ്കിലും ലാഭകരമായ രീതിയില്‍ വ്യാപാരം മുന്നോട്ട് കൊണ്ട്‌പോവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം എങ്ങനെ തള്ളിനീക്കുമെന്നാണ് പല വ്യാപാരികളും ചോദിക്കുന്നത്. കൊവിഡും അതിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുമെല്ലാം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതിന് തെളിവാകുകയാണ് വ്യത്യസ്ത വ്യാപാരമേഖകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധി.

സ്‌കൂള്‍ തുറക്കുന്നതും കാത്തിരുന്ന കുട, ബാഗ്, യൂണിഫോം വ്യാപാരികള്‍

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാതെ വന്നത് കുട, ബാഗ്, യൂണിഫോം തുടങ്ങിയവ വ്യാപാരം നടത്തുന്നവരെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. സ്‌കൂള്‍ സാമഗ്രികളുടെ വിപണിയില്‍ വന്ന കുറവിനെപ്പറ്റി ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ്് കോഴിക്കോട് ഫാന്‍സി കട നടത്തുന്ന അന്‍വര്‍
‘മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്റ്റോക്ക് ഇറക്കിയതാണ്. ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോഴേക്കും ആവശ്യമായ ബാഗുകളും കുടകളും പാത്രങ്ങളുമെല്ലാം കടയില്‍ കരുതിയിരുന്നു. അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. നിലവില്‍ ഇളവുകളോടെ കടകള്‍ തുറക്കാന്‍ കഴിയുന്നുണ്ടെങ്കിലും വിപണി വളരെ കുറവാണ്. ഇറക്കിയ സ്റ്റോക്കെല്ലാം ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.’ 30 വര്‍ഷത്തിലേറെയായി കോഴിക്കോട് നഗരത്തില്‍ കട നടത്തുന്നയാളാണ് അന്‍വര്‍. മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കരകയറിവരാന്‍ ശ്രമിക്കുന്നതിനിടക്കാണ് ഈ മഹാമാരിയെത്തിയതെന്ന് അന്‍വര്‍ പറയുന്നു. കടകളില്‍ നിന്നും കൂടുതലായി സാധനങ്ങള്‍ വാങ്ങിയിരുന്നത് അതിഥി സംസ്ഥാനത്തൊഴിലാളികളായിരുന്നുവെന്നും അവരുടെ അഭാവം വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ നഗരങ്ങളിലേക്ക് വരാതെ സ്വന്തം പ്രദേശങ്ങളില്‍ നിന്നുതന്നെ വാങ്ങുകയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അതുമാത്രമല്ല ഈയൊരു സമയത്ത് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും ആവശ്യം വരുന്നില്ലെന്നും മറ്റൊരു വ്യാപാരിയായ ഡേവിസ് പറഞ്ഞു.

യൂണിഫോം വിപണിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പങ്കുവെച്ചത് ടെക്‌സ്റ്റെയ്ല്‍സ് വ്യാപാരികളും തുന്നല്‍ക്കാരുമാണ്.

‘സ്‌കൂള്‍ തുറക്കുന്ന സമയത്ത് യൂണിഫോമിനും മറ്റുമായി കടയില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇതിപ്പോ യൂണിഫോമിന്റെ ആവശ്യം വരുന്നില്ലല്ലോ, അതിനാല്‍ത്തന്നെ ഞങ്ങളുടെ വിപണി പകുതിയും തകര്‍ന്ന അവസ്ഥയിലാണ്. കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനുള്ള കാശ് പോലും കച്ചവടത്തില്‍ നിന്നും ലഭിക്കുന്നില്ല. മാത്രമല്ല കെട്ടിട വാടക കൊടുക്കുന്നത് കടം വാങ്ങിയാണ്. വാടക കൊടുത്തില്ലെങ്കില്‍ ഇറക്കിവിടുമെന്ന ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ടെക്‌സ്റ്റൈല്‍യ്‌സ് തൊഴിലാളികളായ ഞങ്ങള്‍ക്ക് മാത്രമല്ല തുന്നല്‍ക്കാരെയും ഇത് ബാധിച്ചിട്ടുണ്ട്.’ ടെക്സ്റ്റയില്‍സ് വ്യാപാരിയായ മമ്മദ്‌കോയ പറഞ്ഞു.

കോഴിക്കോട് മിഠായിത്തെരുവിനുള്ളില്‍ തുന്നല്‍ക്കട നടത്തുന്ന സക്കീനയും വിനീതയും അവര്‍ നേരിട്ടുവരുന്ന പ്രതിസന്ധികളെക്കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിച്ചു. കല്ല്യാണങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളുമൊന്നും ഇല്ലാത്തത് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് വലിയ വിനയായി. വസ്ത്രങ്ങള്‍ തുന്നാനായി ആരും വരുന്നില്ല. സ്‌കൂള്‍ യൂണിഫോമിന്റെ ആവശ്യം വരുന്നില്ലെന്ന കാര്യമാണ് ജൂണ്‍ മാസത്തിലെ ഞങ്ങളുടെ കച്ചവട സാധ്യതയെ ഇല്ലാതാക്കിയത്. ഒരു ദിവസം രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കടയില്‍ എത്തുന്നത്. വാടക കൊടുക്കാന്‍ കഴിയുന്നില്ലെന്നത് മറ്റൊരു കാര്യം. 15000 രൂപയാണ് ഈ കെട്ടിടത്തിന്റെ വാടക. ഈ മാസങ്ങളില്‍ അത് പകുതിയാക്കിയെങ്കിലും തരണമെന്ന് ഞങ്ങള്‍ ഉടമയോട് പറഞ്ഞു. എന്നാല്‍ അവര്‍ അതിനൊന്നും തയ്യാറാവുന്നില്ല. ഒരു ദിവസം നൂറു രൂപപോലും വരുമാനം ലഭിക്കാത്ത ഞങ്ങള്‍ ഇത്രയും തുക എങ്ങനെയാണ് വാടക നല്‍കുന്നത്?സക്കീന ചോദിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ കടയിലെ മറ്റ് തൊഴിലാളികളെ വിളിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. എന്നാല്‍ കടയിലേക്ക് വിളിക്കണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഉച്ച ഭക്ഷണം കഴിക്കാതെ ആ കാശ്കൂടി മിച്ചം വച്ചാണ് ഇപ്പോള്‍ ഞങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും വിനീത പറയുന്നു.

സ്വിഗ്ഗിയിലും പൊട്ടാഫോയിലുമൊന്നും പെടാത്ത ഹോട്ടലുകള്‍

ലോക്ക്ഡൗണില്‍ ഹോട്ടലുകള്‍ക്കകത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നെങ്കിലും പല ഹോട്ടല്‍വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടെ പാര്‍സല്‍ നടത്താനും മറ്റും കഴിഞ്ഞിരുന്നു. സ്വിഗ്ഗി പൊട്ടാഫോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്ത ഹോട്ടലുകള്‍ക്കെല്ലാം വലിയ പ്രതിസന്ധികളിലേക്ക് വീഴാതെ പിടിച്ചുനില്‍ക്കാനും സാധിച്ചിരുന്നു. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ശ്യംഖലകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകളാണ് ദുരിതക്കയത്തിലായിരിക്കുന്നത്. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് ദിവസത്തില്‍ രണ്ടോ മൂന്നോ പാര്‍സലല്‍ ഓര്‍ഡറുകള്‍ മാത്രമാണ് ഇത്തരം ഹോട്ടലുകള്‍ക്ക് ലഭിക്കുന്നത്.

ലോക്ക്ഡൗണിന് രണ്ട് മാസം മുമ്പ് പുതിയതായി ആരംഭിച്ച ഹോട്ടലിലെ തൊഴിലാളി ഉഷ പറയുന്നു. ഹോട്ടല്‍ തുടങ്ങാനായി ചിലവായ കാശിന്റെ ചെറിയൊരു ഭാഗം പോലും ലഭിച്ചിട്ടില്ല. വലിയ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. സ്വിഗ്ഗിയിലും പൊട്ടാഫോയിലും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന പാര്‍സല്‍ ഓര്‍ഡറുകളും വളരെ കുറവാണ്. ചെറിയ ഹോട്ടലുകളുടെ കച്ചവടസാധ്യത
മുടങ്ങിക്കിടക്കുകയാണെന്നു തന്നെ വേണമെങ്കില്‍ പറയാം.

ഹോം ഡെലിവറിയും, പാര്‍സ്സല്‍ സംവിധാനവും നടത്താന്‍ കഴിയാതെ ഇത്തരത്തില്‍ നിരവധി ഹോട്ടലുകളാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.

ഒഴിഞ്ഞു കിടക്കുന്ന മാളിലെ കടകള്‍

വ്യവസായങ്ങളുടെയും കച്ചവടസ്ഥാപനങ്ങളുടെയും വിപണിയിലെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് നഗരത്തിലെ ഒഴിഞ്ഞു കിടക്കുന്ന മാളുകളിലെ കാഴ്ച. സാധനങ്ങള്‍ വാങ്ങുന്നതിനായി മാളുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

മാളുകള്‍ക്കുള്ളിലെ മിക്ക കടകളിലും തൊഴിലാളികളില്ല. വാടക കൊടുക്കാനുള്ള ബുദ്ധിമുട്ടുമൂലം ട്രെന്റ്‌സ് പോലുള്ള വ്യാപാരസ്ഥാപനങ്ങള്‍ വരെ തുറന്നിട്ടില്ലെന്ന് മാളില്‍ ബേബി ഷോപ്പ് നടത്തുന്ന സരിത പറയുന്നു. എല്ലാ കടകളുടെയും അവസ്ഥ ഇത്തരത്തിലാണ്. തൊഴിലാളികളെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ജോലിക്ക് നിര്‍ത്തുന്നത്. അവര്‍ക്കും ജീവിക്കണ്ടേ. തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള ശമ്പളം സ്വന്തം കയ്യില്‍ നിന്നെടുത്താണ് ഉടമകള്‍ നല്‍കുന്നത്. ചെറിയൊരു ലാഭമെങ്കിലും വ്യാപാരത്തില്‍ നിന്നുണ്ടായിട്ട് കാലങ്ങളായി. സരിത കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ നിന്നുള്ള വ്യവസായികള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും സമാനമായ അനുഭവങ്ങള്‍ തന്നെയാണ് പറയാനുണ്ടായിരുന്നത്. കെട്ടിടഉടമകള്‍ നിര്‍ബന്ധപൂര്‍വ്വം നടത്തുന്ന വാടകപിരിവിനെക്കുറിച്ചും ഇറക്കിവിടുമെന്ന രൂക്ഷമായ ഭീഷണികളെക്കുറിച്ചും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചില വ്യാപാരികള്‍ ഡൂള്‍ ന്യൂസിനോട് അനുഭവങ്ങള്‍ പറയുകയുണ്ടായി.

കൊവിഡും ലോക്ക്ഡൗണുമെല്ലാം വ്യാപാരികള്‍ക്ക് മേല്‍ തീര്‍ത്ത പരിക്കുകളില്‍ നിന്നുള്ള അതിജീവനം കടുപ്പമായ ഒന്നുതന്നെയായിരിക്കുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. പ്രതിസന്ധികള്‍ക്കൊടുക്കം വിവിധ വ്യാപാരമേഖകള്‍ പുനരുജ്ജീവനത്തിന്റെ പാതയിലേക്ക് എത്തരത്തിലായിരിക്കും മടങ്ങിയെത്തുകയെന്ന ചോദ്യവും വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more