തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ സന്ദര്‍ശനത്തിന് എത്തരുതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.വാസു അറിയിച്ചു. ഈ മാസം 13ാം തിയതി വൈകുന്നേരമാണ് നട തുറക്കുക.
സര്‍ക്കാറും ആരോഗ്യവകുപ്പും ഒത്തു ചേര്‍ന്നെടുത്ത നടപടിയുമായി സഹകരിക്കണമെന്നും ശബരിമലയിലേക്ക് മാസപൂജയ്ക്ക് എത്തരുതെന്ന അഭ്യര്‍ത്ഥനയാണ് ദേവസ്വം ബോര്‍ഡിന് മുന്നോട്ട് വെക്കാനുള്ളതെന്നും അഭ്യര്‍ത്ഥന ഭക്തജനങ്ങള്‍ കേള്‍ക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്കും കോട്ടയത്ത് നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് പേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാല് പേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ് 8 പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.