ലോക്ക്ഡൗണ്‍ 4.0; കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി
COVID-19
ലോക്ക്ഡൗണ്‍ 4.0; കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 5:22 pm

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ദേശീയതലത്തില്‍ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍, കോളേജുകള്‍, മറ്റു ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രോത്സാഹിപ്പിക്കും.

ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ അനുവദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അതിര്‍ത്തി ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാല്‍ തിരിച്ചറിയല്‍ രേഖ വേണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമയം നിയന്ത്രമണം ബാധകമല്ല. ഇലക്ട്രീഷന്‍മാരും മറ്റു ടെക്‌നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സ് കോപ്പി കൈയില്‍ കരുതണം.

സമീപജില്ലകള്‍ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ കൈപ്പറ്റണം. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളിലെ പ്രവേശനത്തിന് കര്‍ശനനിയന്ത്രണം ബാധകമാണ്.

ലോക്ക് ഡൗണ്‍ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നല്‍കും. സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.

കുടുംബാംഗമാണെങ്കില്‍ മൂന്ന് പേര്‍. ഓട്ടോറിക്ഷകളില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. കുടുബാംഗമാണെങ്കില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടൂ. എന്നാല്‍ കുടുംബാംഗമാണെങ്കില്‍ ഒരാള്‍ക്ക് ഒപ്പംസഞ്ചരിക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

DoolNews Video