| Thursday, 30th April 2020, 3:24 pm

കാർഷിക മേഖലയിലെ നയം മാറ്റം; കോവിഡ് കാലം കേരളത്തെ പുതിയ പാഠങ്ങൾ പഠിപ്പിക്കുമ്പോൾ

ശ്രിന്‍ഷ രാമകൃഷ്ണന്‍

കൊവിഡിനു മുൻപുണ്ടായിരുന്ന ചർച്ചകളും സംവാദങ്ങളും പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്  ഭീമൻ വാണിജ്യ വ്യാവസായിക വികസന മേഖലകൾക്ക് ചുറ്റുമായിരുന്നെങ്കിൽ വൈറസ് മഹാമാരിയെ നേരിടാനുള്ള ലോക് ഡൗൺ ആഴ്ചകൾ പിന്നിടുമ്പോൾ കാര്യഗൗരവമായ ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തേക്ക് കാർഷിക മേഖല കൂടി കടന്നു വരുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഭക്ഷ്യക്ഷാമം നേരിടലും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കലും ഒക്കെ ചർച്ചകളുടെ മർമ്മമായി മാറിയിരിക്കുന്നു.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയും 14.72 മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനവും നടത്തുമെന്നും കാർഷികമേഖലയിൽ സമ​ഗ്രമാറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ പറഞ്ഞിരുന്നു. കൊവിഡ് കാരണം സാമ്പത്തിക രംഗം താറുമാറായെങ്കിലും അടുത്ത വർഷം മൂന്ന് ശതമാനത്തിനുമുകളിൽ കാർഷിക മേഖലയിൽ വളർച്ച ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാരും പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ പകുതിയിലധികം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരാണ്. ലോക്ക് ഡൗണില്‍ നിന്ന് കാര്‍ഷിക മേഖലയെ ഒഴിവാക്കിയിരുന്നെങ്കിലും അടച്ചിടൽ ചെറുതായൊന്നുമല്ല ഈ മേഖലയെ ബാധിച്ചത്. ഏക്കറ് കണക്കിന് കാര്‍ഷിക ഭൂമി വിളവെടുപ്പിനും വിത്തിറക്കലിനും തൊഴിലാളികളെ കിട്ടാതെയും സൗകര്യങ്ങള്‍ ലഭിക്കാതെയും വെറുതെ കിടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാജ്യത്തെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ മാസങ്ങളാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ.

ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളിലെ കാര്‍ഷിക പ്രതിസന്ധി കേരളത്തെയും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളിലേക്ക് തള്ളിവിടുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ ചെറിയ പ്രതിസന്ധികള്‍ പോലും കേരളത്തിന്റെ മാര്‍ക്കറ്റുകളില്‍ വലിയ രീതിയിലുള്ള വില വ്യത്യാസവും ഭക്ഷ്യ ഉത്പന്നങ്ങളുടെ ക്ഷാമവും ഉണ്ടാക്കാറുണ്ട് എന്നിരിക്കെ കേരളവും വലിയ രീതിയിലുള്ള ഭക്ഷ്യ പ്രതിസന്ധി, വിലവര്‍ദ്ധന, ക്ഷാമം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്നാണ് പൂര്‍വ്വകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

കൃഷിയിൽ ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തത നേടാതെ തീർത്തും ഉപഭോക്തൃ സംസ്ഥാനമായി മാത്രം നിലകൊണ്ട് പുതിയകാല സാഹചര്യങ്ങളിൽ കേരളത്തിന് അധികകാലം മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

കൊവിഡ് കാലം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് പറയാനാകാത്തതിനാല്‍ കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുന്ന വിധത്തില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയേണ്ടതുണ്ടെന്നാണ് കര്‍ഷകന്‍ കൂടിയായ ഇടതുപക്ഷ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറയുന്നത്.

”ജൈവ പച്ചക്കറി കൃഷി വലിയ രീതിയില്‍ നമ്മുടെ നാട്ടില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത അതത് പ്രദേശങ്ങളില്‍ ഉറപ്പാക്കുക എന്ന സാഹചര്യമാണ് കടന്നു വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ചോ എട്ടോ മാസങ്ങള്‍ കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന തലത്തില്‍ പ്രൊജക്ടുകള്‍ തദ്ദേശീയ തലത്തില്‍ തന്നെ രൂപപ്പെടുത്തി ഭൂമി പരമാവധി കൃഷിയ്ക്ക് ഉപയോഗപ്പെടുത്തുന്ന വിധത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് ശ്രമം’, സി.കെ ശശീന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഭൂപരിഷ്‌കരണം നടപ്പിലാക്കിയ കേരളത്തില്‍ കൂടുതലും നാമമാത്ര കര്‍ഷകരും ചെറുകിട കര്‍ഷകരുമാണ് എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കര്‍ഷകരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി കൃഷി എന്ന ആശയത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സി.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധി കേരളത്തിലെ കാര്‍ഷിക വര്‍ധനയ്ക്കും കാര്‍ഷിക വിപണന സംവിധാനം പരിഷ്‌കരിക്കുന്നതിനുമുള്ള പാഠമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെടുന്നത്. കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പും കൃഷി വകുപ്പും യോജിച്ചുള്ള പദ്ധതികളാണ് ഇതിന് വേണ്ടി നടപ്പിലാക്കുക എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരിടത്തും ഭൂമി തരിശിടില്ല എന്നതാണ് ഇനി നാം അനുവര്‍ത്തിക്കുന്ന നയമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

”നെല്‍കൃഷി വ്യാപകമാക്കുന്നതിനൊപ്പം മറ്റ് ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കൃഷിക്ക് പ്രോത്സാഹനം നല്‍കും. കിഴങ്ങുവര്‍ഗങ്ങള്‍ ഒരു ഘട്ടത്തില്‍ നമ്മുടെ നാട്ടിന്‍പുറത്ത് നന്നായി കൃഷി ചെയ്തിരുന്നു. അത്തരമൊരു അവസ്ഥ തിരിച്ചുകൊണ്ടുവരും. സാമ്പ്രദായികമായി കൃഷിചെയ്യുന്ന വിളകള്‍ക്കൊപ്പം ഫലവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളില്‍ പലതും കാര്‍ഷിക കേരളം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിലേക്ക് വിരല്‍ ചുണ്ടുന്നതാണ്. ഇത് മനസിലാക്കുന്നതില്‍ മാറി മാറി വരുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് ഇത്രയും കാലമെടുത്തു എന്നതാണ് ദൗര്‍ഭാഗ്യകരമെന്ന് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

വരവിനേക്കാള്‍ കൂടുതല്‍ തുക ചിലവ് വരുന്ന നെല്‍കര്‍ഷരുടെ പ്രതിസന്ധി കേരളം ഇന്നോ ഇന്നലയോ ചര്‍ച്ച ചെയ്യുന്നതല്ല. നെല്‍ കര്‍ഷകരെ വിഷമത്തിലാക്കുന്ന ഈ സ്ഥിതി കേരളത്തില്‍ വര്‍ഷങ്ങളായുണ്ട്. കേരളത്തിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഏറ്റവും വലുത് കൃഷി ലാഭകരമല്ല എന്നതാണ് എന്ന് പലവട്ടം കര്‍ഷകര്‍ തന്നെ വ്യക്തമാക്കിയതാണ്.

കാര്‍ഷിക മേഖലയില്‍ ഒരു പരിധിവരെ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തണമെന്ന് തന്നെയാണ് മുഖ്യമന്ത്രി സമഗ്രമായ മാറ്റം എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത്. അതേസമയം കാര്‍ഷിക മേഖലയില്‍ സമഗ്രമാറ്റത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനൊപ്പം കേരളത്തിന്റെ കാര്‍ഷിക മേഖല ഇന്ന് എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് പരിശോധിക്കുക കൂടി വേണം.

കേരളത്തിന്റെ കാര്‍ഷിക രംഗം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു

കേരളത്തിലെ കാര്‍ഷിക മേഖല വളര്‍ച്ചയുടെ കാര്യത്തില്‍ അനേകം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാര്‍ഷിക അനുബന്ധ മേഖലകളിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഗണ്യമായ തോതിലാണ് കുറയുന്നത്. 2017-2018 വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് ചെറിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും 2018-2019 വര്‍ഷത്തില്‍ വീണ്ടും -0.52 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തം ജി.എസ്.വി.എയില്‍ നിന്ന് കാര്‍ഷിക അനുബന്ധ മേഖലയുടെ വിഹിതം തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്.

കാലം തെറ്റിയുള്ള കാലവര്‍ഷം, കാലാവസ്ഥ വ്യതിയാനം, അപ്രതീക്ഷിതമായ രണ്ട് പ്രളയങ്ങള്‍ തുടങ്ങിയവ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നിട്ടും 2018ലെ പ്രളയത്തിന് ശേഷം മുന്‍വര്‍ഷത്തേക്കാള്‍ ചെറിയ തോതിലുള്ള വളര്‍ച്ച കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും ഇനിയുമുണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുള്‍പ്പെടെ പറയുന്നത്. ഇതിനുപരിയായി കേരളത്തിന്റെ ഭൂവിനിയോഗത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ വര്‍ദ്ധനവും ഭക്ഷ്യവിളകളില്‍ നിന്ന് ഭക്ഷ്യേതര വിളവിലേക്കുള്ള മാറ്റവും ഇതിന്റെ ഉദാഹരണമാണ്. 2018-2019 വര്‍ഷത്തിലെ ഭൂവിനിയോഗ കണക്കനുസരിച്ച് മൊത്തം വിസ്തൃതിയുടെ 66 ശതമാനം വിളയിറക്കിയിട്ടുള്ള പ്രദേശമാണ്. ഇതില്‍ യഥാര്‍ത്ഥ കൃഷിഭൂമിയുടെ വിസ്തൃതി 53 ശതമാനമാണ്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി 12 ശതമാനവും വനഭൂമി 28 ശതമാനവുമാണ്. കൃഷിയ്ക്ക് അനുയോജ്യമായ പാഴ് ഭൂമി തരിശുഭൂമി എന്നിവ രണ്ടും മൂന്നും ശതമാനമാണ്-(കേരളപ്ലാനിങ്ങ് ബോര്‍ഡ്, 2019)

ഇതാണ് കാര്‍ഷിക ഭൂവിനിയോഗത്തില്‍പ്പെടുന്ന പ്രധാന കണക്കുകള്‍. മറ്റൊരു വിഷയം കാര്‍ഷിക മേഖല ലാഭകരമല്ലാത്തതിനാല്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ അകന്നു പോകുന്നതാണ്. സര്‍ക്കാര്‍ തലത്തില്‍ നിരവധി ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഇത് ലഭിക്കാന്‍ ഇടയാകുന്ന കാലതാമസവും ഉദ്യോഗസ്ഥ തലത്തിലെ മുഷ്‌കും കര്‍ഷകരെ ഏറെ വലയ്ക്കുന്നു എന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

നെല്‍കൃഷിയും കേരളവും

കേരളത്തിന്റെ മുഖ്യ ഭക്ഷണമായ നെല്ല് സംസ്ഥാനത്തിന്റെ കൃഷി വിസ്തൃതിയുടെ 7.7 ശതമാനമാണെന്നാണ് കേരള സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് സംസ്ഥാനത്ത് 2009-2010 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ നെല്‍കൃഷിയും ഉത്പാദനവും നടന്നത് എന്നാണ്. ഈ കാലയളവില്‍ 2.34 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷി ചെയ്തതിലൂടെ 5.98 ലക്ഷം ടണ്‍ അരിയാണ് ഉത്പാദിപ്പിച്ചെടുത്ത്.

പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉത്പാദനം ഇതിലും കുറവായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018-2019 വര്‍ഷമാകുമ്പോഴേക്കും നെല്ലിന്റെ ആകെ ഉത്പാദനത്തില്‍ 3.5 ശതമാനവും കൃഷി ഭൂമിയുടെ വിസ്തൃതിയില്‍ 15 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. ഇത് നല്‍കുന്നത് നെല്‍കര്‍ഷകര്‍ കൂട്ടമായി ഈ മേഖലയില്‍ നിന്ന് പിന്നോട്ട് പോകുന്നതിന്റെ സൂചനകള്‍ കൂടിയാണ്. കൃഷി ലാഭമല്ല എന്ന വസ്തുത കേരളത്തിലെ നെല്‍ കര്‍ഷകര്‍ നിരവധി തവണ ആവര്‍ത്തിച്ച പ്രശ്‌നം കൂടിയാണ്.

സംസ്ഥാനത്തെ നെല്‍കൃഷിയുടെ വിസ്തൃതിയുടെ 80 ശതമാനവും പാലക്കാട് (39 ശതമാനം), ആലപ്പുഴ (19.5 ശതമാനം), തൃശ്ശൂര്‍ (11.1 ശതമാനം), കോട്ടയം (11.2 ശതമാനം) ജില്ലകളിലായാണ് നടക്കുന്നത്. സംസ്ഥാനത്തെ ഉത്പാദനത്തിന്റെ 82 ശതമാനവും ഈ ജില്ലകളില്‍ നിന്നാണ് നടക്കുന്നത് എന്നാണ് കണക്കുള്‍ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ ഉത്പാദനത്തിലും, കൃഷി ഭൂമിയുടെ വിസ്തൃതിയുടെ കാര്യത്തിലും പാലക്കാട്, ആലപ്പുഴ ജില്ലകള്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നവയാണ്. മറ്റ് ജില്ലകളില്‍ വിപുലമായ തോതില്‍ നെല്‍കൃഷി ഇല്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് കേരളത്തില്‍ നെല്‍കൃഷിയുടെ കാര്യത്തില്‍ പൂര്‍ണമായും സ്വയംപര്യാപ്തത സാധ്യമല്ല എന്നതാണ്. തരിശായി കിടക്കുന്ന പാടങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ നെല്‍കൃഷിയില്‍ വര്‍ദ്ധന ഉണ്ടാക്കാമെന്ന അഭിപ്രായം കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോഴും സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് എത്തുക കേരളത്തിന് സാധ്യമല്ല എന്നാണ് ഉത്പാദനത്തിന്റെയും ഭൂവിസ്തൃതിയുടെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ നിലവിലുള്ള നെല്‍കര്‍ഷകരെ ഈ മേഖലയിലേക്ക് തന്നെ പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ആവശ്യമാണെന്ന് ജൈവ കര്‍ഷകനായ ഇല്യാസ് കെ.പി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”കന്നിമാസത്തിലെ കൊയ്ത്തിന്റെ ബുദ്ധിമുട്ട്, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വിത്ത് നെല്‍കൃഷി ഇപ്പോള്‍ കാര്യമായി നടക്കുന്നില്ല. കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ നെല്‍കൃഷി വിപുലമായ തോതില്‍ നടക്കുന്നത്. മറ്റ് ജില്ലകളില്‍ നെല്‍കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുക എന്നത് പ്രയാസകരമാണ്. ചുരുങ്ങിയത് അഞ്ച് ഏക്കറിലെങ്കിലും നെല്‍കൃഷി ചെയ്താല്‍ മാത്രമേ ലാഭം ഉണ്ടാക്കാന്‍ സാധിക്കൂ’, കെ.പി ഇല്യസ് പറുന്നു.

നെല്ലിന്റെ സംഭരണ വിലയില്‍ വര്‍ഷങ്ങളായി വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാസവളം ഉപയോഗിച്ച് ഉത്പാദനം കൂട്ടുക എന്നതല്ല ഇതിനു പരിഹാരം. നെല്‍കൃഷി ലാഭകരമല്ലാത്തതിന് പ്രധാന കാരണം നെല്‍കൃഷിയുടെ 80 ശതമാനവും കൂലിയാണ് എന്നുള്ളതാണെന്നും ഇല്യാസ് പറയുന്നു.

”കൃഷിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടേ പരാജയമാണ്. ലളിതമായ സംവിധാനങ്ങളുടെ അപര്യാപ്തത തന്നെയാണ് ഇതിന് കാരണം. കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ധാരാളം സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമെല്ലാമുണ്ട്. പക്ഷേ കൃഷിയുടെ കാര്യത്തില്‍ വളര്‍ച്ച കുത്തനെ താഴോട്ടാണ്.’

നെല്‍കൃഷി എന്നതിനെ ടാക്‌സ് വരുമാനം എന്ന രീതിയിലല്ല സര്‍ക്കാര്‍ സമീപിക്കേണ്ടത്. നെല്‍കൃഷിയില്‍ നിന്ന് സര്‍ക്കാരിന് വലിയ രീതിയിലുള്ള വരുമാനമൊന്നും ലഭിക്കില്ലായിരിക്കാം. പക്ഷേ നെല്‍കൃഷിയ്ക്ക് ഒരു പാരിസ്ഥിതിക മൂല്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാലാവസ്ഥ നിയന്ത്രണം, വെള്ളപ്പൊക്കം തടയുക തുടങ്ങി പരിസ്ഥിതിയ്ക്ക് ഏറെ സഹായകമായ കൃഷി രീതിയാണ് നെല്‍കൃഷി. ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മൂല്യം നാടിന് പരോക്ഷമായി ലഭിക്കുന്നുണ്ട്. ഈ രീതിയിലാണ് നെല്‍കൃഷിയെ സമീപിക്കേണ്ടത്”-അദ്ദേഹം അഭിപ്രായപ്പെട്ടു.

പച്ചക്കറിയില്‍ സ്വയംപര്യാപ്തത കേരളത്തിന് സാധ്യം

കാര്‍ഷിക മേഖലയില്‍ പുതിയ നയരൂപീകരണത്തിലേക്ക് സര്‍ക്കാര്‍ കടക്കുമ്പോള്‍ അത് പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതും ഭക്ഷ്യ ഉത്പന്നങ്ങള്‍ സംഭരിക്കാനും വിതരണം ചെയ്യാനും തദ്ദേശീയമായ സംവിധാനങ്ങള്‍ ഒരുക്കുന്നതു കൂടിയാകണമെന്ന് ഇല്യാസ് കെ.പി അഭിപ്രായപ്പെട്ടു. ക്ഷീരകര്‍ഷകര്‍ക്ക് നിലവില്‍ പ്രാദേശികമായി പാല്‍ ശേഖരിച്ച് വില്‍ക്കാനുള്ള സംവിധാനം ഉണ്ട് ഇത് പച്ചക്കറിയിലും ചെയ്യാവുന്നതേ ഉള്ളൂവെന്നും ഇല്യാസ് പറയുന്നു.

പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിന് സാധ്യമാണെന്നാണ് ഇല്യാസ് കെ.പി അഭിപ്രായപ്പെടുന്നത്. കേരളത്തിന് ആവശ്യത്തിന് ജലസേചന സൗകര്യം, വെളിച്ചം തുടങ്ങിയവ ഉണ്ട്. ആധുനിക രീതിയിലുള്ള കൃഷി സംവിധാനങ്ങളും ലഭ്യമാണ്. ആളുകള്‍ക്ക് മത്സ്യകൃഷി, പച്ചക്കറി കൃഷി എന്നിവയില്‍ താത്പര്യവും ഉണ്ട്. തിരുവനന്തപുരം ,തൃശൂര്‍ തുടങ്ങിയ നഗരപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ കൂടി ഉത്പാദനവും വിതരണവുമെല്ലാം നടക്കുന്നുണ്ട്.

മഴക്കാലത്ത് മാത്രമാണ് പച്ചക്കറി കൃഷിയില്‍ ഒരു പരിമിതി ഉള്ളത്. ഈ കാലയളവില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. ഇതിന് പുറമെ മഴമറകള്‍ ഉണ്ടാക്കി കൊണ്ട് തക്കാളി, വെണ്ട വഴുതന തുടങ്ങിയ വിളകളും ഉണ്ടാക്കിയെടുക്കാം.സമ്മിശ്ര കൃഷിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു.

കൃഷിയെക്കുറിച്ച് പറയുമ്പോള്‍ ഭൂമിയെക്കുറിച്ചും ഓര്‍ക്കണം

ഭൂമിക്ക് വേണ്ടിയുള്ള സാധാരണമനുഷ്യരുടെ മുറവിളി കേള്‍ക്കാതെ കേരളത്തിലെ കാര്‍ഷിക മേഖലയെക്കുറിച്ച് ഒരു ചര്‍ച്ച സാധ്യമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ എം ഗീതാനന്ദന്‍ പറയുന്നു. കേരള മോഡല്‍ വികസന സങ്കല്‍പം കേരളത്തിന്റെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൊണ്ടാടിയ വിഷയമാണ്. കൊവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ എന്ന പ്രശ്‌നം വലിയ തോതില്‍ ഉയര്‍ന്നു വരുമ്പോള്‍ പ്രൈമറി മേഖലയായ കൃഷിയെക്കുറിച്ചുള്ള വലിയ വികസന പദ്ധതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അനാവശ്യമായി കൃഷി ഭൂമി കൈവശം വെക്കുകയും തരിശായി കിടക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുകയും ആ ഭൂമി കൃഷിയോഗ്യമാക്കി മാറ്റുകയും ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളായെങ്കിലും കേരളത്തില്‍ ഭൂമിക്ക് വേണ്ടി വലിയ മുറവിളികള്‍ നടക്കുന്നുണ്ട്. ഇതിനെ കേരളത്തിലെ മുന്നണികള്‍ മോശമായ രീതിയിലാണ് സമീപിച്ചിട്ടുള്ളത്’

ഭൂമിയില്‍ കൃഷി ചെയ്യുന്ന ആളുകളുടെ ആവശ്യത്തെ വളരെ നിഷേധാത്മകമായി സമീപിച്ച സ്റ്റേറ്റാണ് കേരളം. മുത്തങ്ങ സംഭവമൊന്നും കേരളചരിത്രത്തില്‍ നിന്ന് അവഗണിക്കാന്‍ സാധിക്കില്ലല്ലോ? ഗീതാനന്ദന്‍ ചോദിക്കുന്നു. ഭൂമി പ്രശ്‌നമുള്ള പല സ്ഥലങ്ങളിലും കൃഷി നിരോധിച്ച് കൊണ്ടുള്ള ഉത്തരവുകള്‍ പോലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കൃഷിഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ പോലും ആരും കൃഷി ഭൂമി തരിശിടാന്‍ പാടില്ലെന്ന നയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയാല്‍ മാത്രമേ ഈ പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കൂ.

ഉറച്ച ഒരു രാഷ്ട്രീയ തീരുമാനം ഉണ്ടെങ്കില്‍ ഇതിനെ പെട്ടെന്ന് മറികടക്കാം. കൃഷിയുടെ വിഷയത്തില്‍ പാരമ്പര്യമായ കൃഷിചെയ്യുന്നവരെ ആ മേഖലയില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്താനുള്ള ഘടനാപരമായ ഒരു മാറ്റം കൂടി കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇനി വരുന്നത് പുതിയ സാമ്പത്തിക വര്‍ഷമാണ്. കഴിഞ്ഞ ബജറ്റൊന്നും ഈ പ്രതിസന്ധി മുന്നില്‍ കാണാതെ ഉണ്ടാക്കിയതാണ്. ബജറ്റ് സാഹചര്യത്തിനനുസൃതമായി പുനരാവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യം കൂടിയുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത് മട്ടുപ്പാവ് കൃഷിപോലുള്ളവ നടത്തുന്ന കേരളത്തിലെ മധ്യവര്‍ഗങ്ങളെയാണെന്ന് ഗീതാനന്ദന്‍ അഭിപ്രായപ്പെട്ടു. ഭൂമിയില്‍ കൃഷിചെയ്യണമെങ്കില്‍ കൃഷി ചെയ്യുന്ന ആളുകളെ പരിഗണിക്കണം. നാണ്യവിളകള്‍ക്ക് സ്ഥിരമായ ഒരു മാര്‍ക്കറ്റ് ലഭ്യമാകണമെന്നില്ല. ഇവിടെയൊക്കെയാണ് ക്യൂബയുടെ മോഡല്‍ പ്രസക്തമാകുന്നത്.

‘പരമ്പരാഗതമായി കൃഷിചെയ്യുന്ന ആളുകളെ പരിഗണിക്കാതെ കേരളത്തില്‍ ഒരു തരത്തിലുള്ള കാര്‍ഷിക വികസനവും സാധ്യമല്ല. ഇവരില്‍ കര്‍ഷക തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നിവരെല്ലാം വരും. ഇവര്‍ക്ക് വേണ്ടിയുള്ള ഒരു പുനരധിവാസം എന്ന നിലയിലുള്ള പാക്കേജുകളാണ് കേരളത്തില്‍ വേണ്ടത്. ആദിവാസികളുടെ പാക്കേജുകളൊക്കെ 2000 മുതല്‍ ചര്‍ച്ചചെയ്യുന്നതാണ്. ഇതിനൊക്കെ തന്നെ പാക്കേജുകളും ഉണ്ട്. ഇവ ശക്തിപ്പെടുത്തുന്നതില്‍ സമീപനമുണ്ടാകണം.’,- ഗീതാനന്ദന്‍ പറയുന്നു.

പുതിയ തലമുറയിലെ ചെറുപ്പക്കാരെ കൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. വയനാടൊക്കെ പൂര്‍ണമായി ഒരു ജൈവ ഹബ്ബായി മാറ്റാവുന്നതാണ്. ആയിരക്കണക്കിന് നെല്‍വയലുകള്‍ എണ്ണപ്പന കൃഷിയുടെ മറവില്‍ നികത്തുന്ന പ്രവണതയും കേരളത്തില്‍ ഉണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഭൂമി സങ്കീര്‍ണ പ്രശ്‌നം തന്നെയാണ്

ഹാരിസണ്‍ അടക്കമുള്ള തോട്ട ഉടമകളുടെ  കൈവശമുള്ള ഭൂമിയെ സംബന്ധിച്ച് വര്‍ഷങ്ങളായി അവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വയനാട്ടില്‍ ഏക്കറുകണക്കിന് ഭൂമിയാണ് ഹാരിസണ്‍ കയ്യേറിയതെന്ന പരാതി വര്‍ഷങ്ങളായിട്ടുണ്ട്. ഹാരിസണ്‍ നിയമവിരുദ്ധവും അനധികൃതവുമായി എണ്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കയ്യടിക്കിവെച്ചിരിക്കുകയാണെന്ന് നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ട്., ഡി.സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദന്‍പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ.എം.ജി രാജമാണിക്യം റിപ്പോര്‍ട്ട് എന്നിവ കണ്ടെത്തിയിട്ടും കേസ് സുപ്രീം കോടതിയില്‍ തള്ളിപ്പോകുകയാണ് ചെയ്തത്.

ഒരിഞ്ച് ഭൂമി ഇല്ലാതെ സമരം ചെയ്ത ആദിവാസികളുള്ള വയനാട്ടില്‍ ഏക്കറ് കണക്കിന് കയ്യേറ്റ ഭൂമി ഇപ്പോഴും ഉണ്ടെന്നതാണ് വസ്തുത എന്ന് ഗീതാനന്ദന്‍ പറയുന്നു. വയനാട് കളക്ടറേറ്റിന് മുന്നില്‍ ഇപ്പോഴും തൊവരിമലയിലെ ആദിവാസികള്‍ ഭൂമി അനുവദിക്കണം എന്ന ആവശ്യം ഉയര്‍ത്തി സമരത്തിലാണ്. സര്‍ക്കാര്‍ കൃഷി പ്രഥമ പരിഗണന നല്‍കി ഉയര്‍ത്തികൊണ്ടു വരുമ്പോള്‍ പരമ്പരാഗത കൃഷിയ്ക്കാരായ ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ളവരുടെ ഭൂമിയ്ക്കായുള്ള സമരവും കാണാതെ പോകരുതെന്ന് ആവശ്യവും കേരളത്തിലെ ദളിത് ചിന്തകര്‍ ഉയര്‍ത്തുന്നുണ്ട്.

തീരുമാനം നല്ലത് തന്നെ പക്ഷേ തുടര്‍ച്ചയുണ്ടാകണം

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ കൊടുക്കാനുള്ള തീരുമാനം ഒന്നാം മേഖല എന്ന നിലയില്‍ തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടു പോകാന്‍ സര്‍ക്കാരിന് സാധിക്കണം എന്ന് സി.പി.ഐ.എം.എല്‍ റെഡ്ഫ്‌ളാഗ് കേന്ദ്ര കമ്മിറ്റി അംഗം ഫ്രെഡി പറഞ്ഞു.

ഭൂപരിഷ്‌കരണം വഴി കൃഷിഭൂമി തുണ്ടുവത്കരിക്കുന്ന പ്രക്രിയയില്‍ കൂടി കേരളം കടന്നുപോയിട്ടുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ ചെറുകിട ഉടമസ്ഥതയ്ക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് ഉത്പാദന ചിലവ് കൂടുന്ന പ്രശ്‌നങ്ങളും ഉത്പാദിച്ച ചരക്കുകള്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.

വിളകള്‍ക്ക് വിലയിടിയുന്നത് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ചെറുകിട കര്‍ഷകരോട് കൃഷിചെയ്യാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഈ ഉത്പന്നങ്ങള്‍ അവര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ വിറ്റ് പോകും എന്നത് കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്.

”വിളകള്‍ വിറ്റുപോകുന്ന അവസ്ഥ ഇന്നത്തെ ദുര്‍ബലമായ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തില്‍ സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യത ഇല്ല. ഇതിന് സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. നേരിട്ട് സര്‍ക്കാരിന്റെ ബോര്‍ഡുകള്‍ വഴിയും കുത്തക സംഭരണം പ്രഖ്യാപിച്ചും ഇത് നടപ്പിലാക്കാന്‍ സാധിക്കും’ ഫ്രെഡി പറയുന്നു.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉപയോഗിച്ച് വിളകള്‍ സംഭരിക്കുകയും അവ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം ഉണ്ടാകണം. ഇപ്പോഴുള്ള സര്‍വ്വീസ് സഹകരണ സംഘങ്ങളെ ഉത്പാദന സഹകരണ സംഘങ്ങളാക്കി പരിവര്‍ത്തിപ്പിച്ച് അവയെ സംസ്ഥാന അടിസ്ഥാനത്തിലുള്ള ശൃംഖലയാക്കി ബന്ധിപ്പിക്കുകയും ചെയ്താല്‍ ഇത് പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ സാധിക്കും. ഹോര്‍ട്ടികോര്‍പ്പിന്റെയും ഫാമിങ്ങ് കോര്‍പ്പറേഷന്റയും സഹകരണം ഇതിന് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു.

കൃഷി സങ്കല്‍പങ്ങള്‍ മാറേണ്ടതുണ്ടോ

കൃഷിയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മാറേണ്ടതുണ്ട് എന്ന ചര്‍ച്ചയും കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ചെറുകിട കൃഷികൊണ്ട് ഒരു സംസ്ഥാനമെന്ന നിലയില്‍ മുന്നോട്ട് പോകുക അപ്രാപ്യമാണെന്നും ഇവിടെയുണ്ടാകേണ്ടത് വന്‍കിട രീതിയില്‍ കൃഷി ചെയ്യുന്ന സംവിധാനങ്ങളാണ് എന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.

അതേസമയം കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടെ ചെറുകിട കൃഷിയും പ്രോത്സാഹിപ്പിക്കണം എന്നാണ് കേരള കര്‍ഷക സംഘത്തിന്റെ സെക്രട്ടറി കെ.എന്‍.ബാലഗോപാലന്‍ ഡ്യൂള്‍ന്യൂസിനോട് പറഞ്ഞത്. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ 27 ശതമാനം ആളുകള്‍ മാത്രമാണ് കൃഷി ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ബാക്കിയുള്ളവര്‍ സര്‍വ്വീസ് സെക്ടറില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇവര്‍ക്ക് ഭൂമിയുണ്ട്. പക്ഷേ കൃഷി ഭൂമി റിയല്‍ എസ്റ്റേറ്റ് പോലെ ഹോള്‍ഡ് ചെയ്തുവച്ചിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യപ്പെടേണ്ടതായി തന്നെയുണ്ട്’- അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിനോടൊപ്പം തന്നെ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് കൃഷി ഒരു വിനോദമല്ല തൊഴില്‍ കൂടിയാണ് എന്ന യാഥാര്‍ത്ഥ്യം മറക്കരുത്. വരുമാനമുണ്ടാകുന്ന ഒരു മേഖലയായി കൃഷി മാറിയാലേ കാര്‍ഷിക മേഖല നിലനില്‍ക്കൂ. കൃഷി ചെയ്ത് കടം കയറുന്ന അവസ്ഥ ഉണ്ടായാല്‍ സ്വാഭാവികമായും കൃഷിക്കാരന് ഈ മേഖലയില്‍ നിന്ന് പിന്മാറേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് കൃഷിക്കാരന് മാന്യമായ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ ഉണ്ടാകണം. അത്തരം പ്രോഗ്രാമുകളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുമുണ്ട്. കൃഷിക്കാരന് വരുമാനം ഉറപ്പാക്കേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും കെ.എന്‍.ബാലഗോപാലന്‍ പറയുന്നു.

സമഗ്രമായി കൃഷി നടപ്പിലാക്കുക എന്ന സര്‍ക്കാരിന്റെ ആശയത്തിന് മുമ്പില്ലാത്ത വിധത്തില്‍ പിന്തുണ ലഭിക്കുന്ന സാഹചര്യം കൂടിയാണ് ഈ കൊവിഡ് കാലത്ത് ഉയര്‍ന്നു വന്നിരിക്കുന്നത്. ഈ ഘട്ടം ഫലപ്രദമായി ഉപയോഗിച്ച് ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഈ പ്രത്യേക സാഹചര്യത്തില്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

സമാനമായ അഭിപ്രായം തന്നെയാണ് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും പങ്കുവെക്കുന്നത്. കേരളത്തില്‍ കൃഷിയ്ക്ക് അനുകൂലമായി ഉയര്‍ന്നു വന്ന സാഹചര്യം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറയുന്നു.

ഇതോടൊപ്പം തന്നെ കേരളത്തില്‍ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ കേവലം മൗലീകവാദത്തെ അടിസ്ഥാനമാക്കിയുളളതാണെന്നും നല്ല ഭക്ഷണം ഉത്പാദിപ്പിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയായാലും ലാഭം ഉണ്ടാക്കണമെന്ന മുതലാളിത്തത്തിന്റെ എതിരെയുള്ള പ്രതിരോധം കൂടിയാണ് ജൈവ കൃഷിയെന്ന് പി.രാജീവ് ഡ്യൂള്‍ന്യൂസിനോട് പ്രതികരിച്ചു.

”കേരളത്തില്‍ കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ചവരും അവരവര്‍ക്ക് വേണ്ടിയുള്ള പച്ചക്കറി ഉത്പാദിപ്പിക്കുന്ന വിഭാഗവും ഉണ്ട്. ഈ രണ്ട് വിഭാഗത്തേയും പ്രത്യേകമായി  കാണേണ്ടതുണ്ട്.  രണ്ടും കേരളത്തിന് ആവശ്യമാണ്. വിപുലമായി കാര്‍ഷിക വൃത്തിചെയ്യുന്നവരിലേക്ക് കേരളം നല്ല രീതിയില്‍ തന്നെ ഇടപെടുന്നുണ്ട്.’ രാജീവ് പറയുന്നു.

കൃഷിഭൂമിയില്‍ വെള്ളം സംഭരിച്ച് വെക്കുന്ന കര്‍ഷകന് റോയല്‍റ്റി നല്‍കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്ന സംസ്ഥാനമാണ് കേരളം. ഇതൊരുപക്ഷേ ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കിയ പദ്ധതി ആയിരിക്കാം”- പി.രാജീവ് അഭിപ്രായപ്പെട്ടു.

യുവാക്കളും കാര്‍ഷിക മേഖലയും

യുവാക്കളെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ കൂടി കേരളത്തിലുണ്ടായാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് യുവ കര്‍ഷകനും  അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ്ങ് ബിരുദധാരിയുമായ നിതിന്‍ ജെ.ജി പറയുന്നത്. നിലവില്‍ കേരളത്തില്‍ കാര്‍ഷിക അനുബന്ധ പ്രൊസസിങ്ങ് യൂണിറ്റുകള്‍ വലിയ തോതില്‍ ഇല്ല.

ഇവ കൂടി ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും ഇത് വഴി കൃഷിയില്‍ നിന്ന് തന്നെ ലാഭം ഉണ്ടാക്കാനുമുള്ള സാഹചര്യം ഉണ്ടാകും. ഇത്തരമൊരു സൗകര്യം സംസ്ഥാനത്തിന് അകത്ത് തന്നെ ഉണ്ടായാല്‍ യുവാക്കളെ കൂടി കാര്‍ഷികവൃത്തിയിലേക്ക് വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ലോക്ക് ഡൗണിനെ തുടര്‍ന്ന് പാല്‍ വില്‍ക്കാന്‍ സാധിക്കാത്ത കര്‍ഷകര്‍ പാലൊഴുക്കി കളഞ്ഞ് പ്രതിഷേധിച്ചത് നാം കണ്ടതാണ്. പാല്‍പ്പൊടി ഉണ്ടാക്കാനുള്ള സൗകര്യം വേണമെന്നായിരുന്നു അന്ന് അവര്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഇത് കൃഷിയുമായി ബന്ധപ്പെട്ട പ്രൊസസിങ്ങ് യൂണിറ്റുകള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു’

പോസ്റ്റ് ഹാര്‍വെസ്റ്റിങ്ങ് ടെക്‌നോളജിയില്‍ ഒരു വികാസം ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഇത് കേരളത്തിനെ വലിയ രീതിയില്‍ തന്നെ സഹായിക്കുമെന്നും നിതിന്‍ പറയുന്നു. ഇങ്ങനെയൊരു സംവിധാനം രൂപപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും ഇത് സഹായകരമായിരിക്കുമെന്നും നിതിന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയെ കൂടുതല്‍ ജനകീയവത്കരിക്കുന്നത് ഉത്പാദനം കൂട്ടാന്‍ ഇടയാക്കും. മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കും സാധിക്കുന്നതാണ്. കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷം തന്നെയാണ്. ഇവ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ട് പോകണമെന്നും അതിനായി വലിയ രീതിയിലുള്ള ശ്രമം ആവശ്യമാണെന്നും തവന്നൂര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് എന്‍ജിനിയറിങ്ങ് കോളേജിലെ അധ്യാപകനായ ജിജു.പി അലക്‌സ് ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഒരു നയമാറ്റം, നേരത്തെ തന്നെ ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കൃഷി ലാഭകരമാണെന്ന സ്ഥിതി വിശേഷം വന്നാല്‍ മാത്രമേ യുവാക്കളെ അടക്കം കൃഷിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കൂ. ഇതിന് വലിയ രീതിയിലുള്ള അഴിച്ചു പണികള്‍ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള മേഖലകളില്‍ അത്യാവശ്യമാണ്.

കാര്‍ഷിക മേഖലയിലെ സമഗ്രമായ നയമാറ്റം എന്ന തീരുമാനം കര്‍ഷകരെ കൂടി പരിഗണിച്ച് നടപ്പിലാക്കിയാല്‍ കൊവിഡ് കാലത്ത് കേരളം പഠിച്ച ചെറുത്തു നില്‍പ്പിന്റെ മറ്റൊരു വലിയ പാഠമായി അത് ചരിത്രത്തില്‍ രേഖപ്പെടുത്തിയേക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more