| Saturday, 21st March 2020, 5:19 pm

എട്ട് ദിവസം- മൂന്ന് ജില്ലകള്‍, കല്യാണവും പാലുകാച്ചലും അടക്കം നിരവധി ചടങ്ങുകള്‍; കാസര്‍കോട്ടെ കൊവിഡ് 19 ബാധിതന്റെ റൂട്ട് മാപ്പ് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചില വിവരങ്ങള്‍ രോഗി വെളിപ്പെടുത്തിയിരുന്നില്ല, ഈ വിവരങ്ങള്‍ ഇല്ലാതെയാണ് റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മുപ്പതിലധികം സ്ഥലങ്ങളില്‍ കൊവിഡ് ബാധിതന്‍ സന്ദര്‍ശിച്ചതായി റൂട്ട് മാപ്പ് പറയുന്നു. ഉച്ചയ്ക്ക് 2.45ന് എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. ഇതിന് ശേഷം ഓട്ടോയില്‍ മലപ്പുറം എയര്‍പ്പോര്‍ട്ട് ജംഗ്ഷനിലെ റൂം സാഹിര്‍ റസിഡന്‍സിയിലേക്ക് പോയി.

അവിടെ 603-ാം നമ്പര്‍ മുറിയില്‍ താമസിച്ചു. അടുത്തുള്ള ചായക്കടയില്‍ നിന്ന് അന്ന് ചായകുടിക്കുകയും തിരിച്ച് ബാഗേജ് പ്രശ്‌നം പരിഹരിക്കാനായി വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്തു.

അതിന് ശേഷം മൈത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം സാഹിര്‍ റസിഡന്‍സിയില്‍ തിരിച്ചെത്തി. പിന്നീട് വീണ്ടും എയര്‍പോര്‍ട്ടിലെത്തി. അവിടെ നിന്ന് തിരിച്ചും പോയി. അടുത്ത ദിവസം ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും മാവേലി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ശേഷം ഓട്ടോയില്‍ വീട്ടിലെത്തി. അടുത്ത ദിവസം രാവിലെ 7.30നാണ് ഇയാള്‍ വീട്ടിലെത്തിയത്. അതിന് ശേഷം മൈപ്പാടിയിലെ സഹോദരന്റെ വീട്ടിലേക്ക് പോയി, വൈകിട്ട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബില്‍ ചെന്നു.

13ആം തീയതി ഇയാള്‍ കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു. ഏരിയാലിലെ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി മുറിച്ചു. ആസാദ് നഗറിലെ സുഹൃത്തിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി.

ഉച്ചയ്ക്ക് ഏരിയാല്‍ ജുമാ മസ്ജിദില്‍ നിസ്‌കരിച്ച ശേഷം സിപിസിആര്‍ഐക്ക് എതിര്‍വശത്തുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. എസ്ബിഐ ബാങ്കിലും പോയി. വൈകിട്ട് വീണ്ടും ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിലെത്തി.

14-ാം തീയതി മഞ്ഞത്തടുക്കയിലെ ഒരു കല്യാണത്തില്‍ പങ്കെടുത്തു. രാത്രി പെട്രോള്‍ പമ്പില്‍ പോയി. അതിന് ശേഷം അടൂരിലെ ഒരു വീട്ടില്‍ വിവാഹ ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുത്തു.

15-ാം തീയതി മഞ്ഞത്തടുക്കയില്‍ വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരത്തില്‍ പങ്കെടുത്തു.

16ന് ഒരു പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. അതിന് ശേഷം കുളങ്ങരയില്‍ തൊട്ടില്‍ കെട്ടല്‍ ചടങ്ങിലും പങ്കെടുത്തു. 19-ാം തീയതിയാണ് ഇയാള്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more