| Thursday, 15th April 2021, 9:16 am

എറണാകുളത്ത് അതീവ വേഗതയില്‍ കൊവിഡ് വ്യാപിക്കുന്നുവെന്ന് ഐ.എം.എ; ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ജില്ലയില്‍ അതി തീവ്ര വേഗതയിലാണ് കൊവിഡ് വ്യാപിക്കുന്നതെന്ന റിപ്പോര്‍ട്ടുമായി ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). നൂറ് പേരെ പരിശോധിച്ചാല്‍ നാല് പേര്‍ക്കായിരുന്നു കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 100ല്‍ 12 പേര്‍ക്ക് എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഐ.എം.എ പറയുന്നു.

സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് എറണാകുളം ജില്ലയിലെ ഗുരുതര കൊവിഡ് വ്യാപനത്തെ കുറിച്ച് ഐ.എം.എ ആശങ്ക പ്രകടിപ്പിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുണ്ടാകുന്ന വര്‍ധവിന് കാരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണെന്നും ഐ.എം.എ ചൂണ്ടിക്കാണിച്ചു. വാക്‌സിനെടുത്ത 80 ശതമാനം പേര്‍ക്കും രോഗം വരുന്നില്ലെങ്കിലും കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാത്തത് രോഗം പടരാന്‍ കാരണമാകുകയാണ്.

നിയന്ത്രണങ്ങള്‍ ഇനിയും പാലിച്ചില്ലെങ്കില്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐ.എം.എ പറഞ്ഞു.

ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ രോഗികളുണ്ടായാല്‍ മരണനിരക്ക് വീണ്ടുമുയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. നാല്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ് ഗുരുതരാവസ്ഥയിലാകുന്നതില്‍ ഭൂരിഭാഗവുമെന്നതും ആശങ്കാജനകമാണ്.

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കാണ് ഉന്നതതല യോഗം നടക്കുക. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ദിവസം 8778 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യു.കെ (104), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ഈ പരിശോധന നടക്കുക. തിരുവനന്തപുരത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വാക്സിന് ക്ഷാമം നേരിടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Covid 19 is spreads very rapidly in Ernakulam says IMA

We use cookies to give you the best possible experience. Learn more