| Wednesday, 1st April 2020, 4:45 pm

കൊവിഡ് 19 ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊറോണബാധിതരാകുന്ന സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു.പൊലീസുകാരെയും അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരെയും കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവരെല്ലാം സ്വന്തം ജീവന്‍ തൃണവത്കരിച്ചും കൊറോണയെന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നുമുള്ള ഒരു ബോധ്യം ഇപ്പോള്‍ അവര്‍ക്ക് ഉറപ്പായും നല്കേണ്ടതുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ പോലീസുകാര്‍ 24 മണിക്കൂറും തെരുവുകളില്‍ തന്നെയാണ്. പട്രോളിംഗിനും പരിശോധനയ്ക്കും ആളുകളെ ബോധവത്കരിക്കുന്നതിലും അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസരോചിതവും പ്രശംസനീയവുമാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നേരത്തെ കൊവിഡില്‍ 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേനയാണ് പാക്കേജ്.

മൂന്ന് മാസത്തേക്ക് അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നത് കൂടാതെ 5 കിലോ ധാന്യം ലഭ്യമാക്കും. പലവ്യജ്ഞനങ്ങളും പയര്‍വര്‍ഗങ്ങളും ഒരു കിലോ വീതം മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുക.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഉറപ്പാക്കുക. ആശാ വര്‍ക്കര്‍മാരും ശുചീകരണ തൊഴിലാളികളും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും.

തൊഴിലുറപ്പു പദ്ധതി പ്രകാരം 2000 രൂപ നല്‍കും. വനിതാ ജന്‍ധന്‍ ഉടമകള്‍ക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കും. 20 കോടി വനിതകള്‍ക്കാണ് തുക ലഭ്യമാകുക. രാജ്യത്തെ കര്‍ഷര്‍ക്ക് 2000 രൂപ വീതം കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായി നല്‍കും. 9 കോടി കര്‍ഷകര്‍ക്ക് രണ്ടായിരം കോടി ലഭിക്കും.

DoolNews Video

We use cookies to give you the best possible experience. Learn more