സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ് പരക്കുന്നു എന്ന് സൂചന, ഇതുവരെ സ്ഥിരീകരിച്ചത് 150 അംഗങ്ങള്‍ക്ക്
COVID-19
സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ് പരക്കുന്നു എന്ന് സൂചന, ഇതുവരെ സ്ഥിരീകരിച്ചത് 150 അംഗങ്ങള്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th April 2020, 2:52 pm

റിയാദ്: സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം  രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. റിയാദ് ഗവര്‍ണറായ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുള്‍ അസീസ് അലി നിലവില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്

രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സൗദി രാജാവ് സല്‍മാനും രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഐസൊലേഷനില്‍ കഴിയുകയാണ്. ജിദ്ദയിലെ ഒരു ഒരു കൊട്ടാരത്തിലാണ് സൗദി രാജാവ് മാറി താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജകുടുംബത്തില്‍ രോഗികളുടെ എണ്ണം കൂടാനിടയുള്ള സാഹചര്യത്തില്‍ 500 ബെഡുകളാണ് സൗദി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്.

15000 ത്തിലേറെ അംഗങ്ങളാണ് സൗദി രാജകുംടുംബത്തിലുള്ളത്. ഇവരില്‍ മിക്കവരും യൂറോപ്പില്‍ യാത്ര ചെയ്യുന്നവരാണ്. കൊവിഡ് രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് രാജ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് സൂചന.

സൗദിയില്‍ ഇതുവരെ 44 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3287 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

”അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ 10000 മുതല്‍ 200000 വരെ കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്,” സൗദി ആരോഗ്യ മന്ത്രി തൗഫിക് അല്‍ റാബിയ ഇറക്കിയ പ്രസതാവനയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ