| Wednesday, 28th April 2021, 5:28 pm

' പരമാവധി നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്, വൈകിപ്പോയാല്‍ ക്ഷമിക്കണം'; സഹായ അഭ്യര്‍ത്ഥനകള്‍ നിറഞ്ഞ് കവിഞ്ഞ് സോനു സൂദിന്റെ ഫോണ്‍; മറുപടിയുമായി താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് കാലത്ത് ഏറെ സഹായങ്ങള്‍ ആളുകള്‍ക്ക് എത്തിച്ച വ്യക്തിയായിരുന്നു ബോളിവുഡ് താരം സോനു സൂദ്. നിരവധി സഹായങ്ങള്‍ രാജ്യം മുഴുവന്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തിലും തന്നെ കൊണ്ട് സാധിക്കുന്ന തരത്തില്‍ സഹായം എത്തിക്കാനും തന്റെ സോഷ്യല്‍ മീഡിയ വഴി പരമാവധി ആളുകള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാനും താരം ശ്രമിക്കുന്നുണ്ട്.

നിരവധി പേരാണ് സോനുവിനോട് സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നത്. പലര്‍ക്കും മറുപടി നല്‍കാന്‍ പോലും സാധിക്കുന്നില്ലെന്നും പരമാവധി ആളുകളെ ബന്ധപ്പെടുന്നതിന് ശ്രമിക്കുന്നുണ്ടെന്നും സോനു ട്വിറ്ററിലൂടെ പറഞ്ഞു.

‘പരമാവധി നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്, വൈകിപ്പോയാലോ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നാലോ എന്നോട് ക്ഷമിക്കണം’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. തന്റെ ഫോണിലേക്ക് സെക്കന്റുകള്‍ ഇടവിട്ട് എത്തുന്ന സന്ദേശങ്ങളുടെ വീഡിയോയും താരം പങ്കുവെച്ചു.

അതീവ ഗുരുതരാവസ്ഥയിലാണ് രാജ്യത്തെ കൊവിഡ് വ്യാപനം നടക്കുന്നത്. ഓക്‌സിജന്‍ ലഭ്യമല്ലാതെ നിരവധി പേര്‍ രാജ്യത്ത് മരണമടയുകയും ചെയ്തിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിനിടെ സോനു സൂദ് സഹായങ്ങള്‍ എത്തിച്ചത് തന്റെ വസ്തുക്കള്‍ ബാങ്കില്‍ പണയം വെച്ച് ലോണെടുത്തിട്ടായിരുന്നുവെന്ന്  വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

10 കോടി രൂപയാണ് സഹായങ്ങള്‍ എത്തിക്കുന്നതിനായി താരം വായ്പ എടുത്തത്. ഇതിനായി മുംബൈ ജുഹുവിലെ തന്റെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളും ബാങ്കില്‍ പണയം വെച്ചിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയും ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 10 ബസുകള്‍ വീതം എത്തിക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ വിവിധ ആശുപത്രികള്‍ക്ക് പി.പി.ഇ കിറ്റുകള്‍ എത്തിക്കുകയും, സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്ന വിവിധ വ്യക്തികളില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു.

മുംബൈയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ കൊവിഡ് ആശുപത്രി ആക്കിമാറ്റാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരം വിട്ട് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,60,960 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം രണ്ട് ലക്ഷം (2,01,187) പിന്നിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  COVID 19  India ‘Trying to contact you as much as possible, sorry for being late’; Sonu Sood’s phone full of help requests

We use cookies to give you the best possible experience. Learn more