ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിടുന്നത് അതീവ ഗുരുതരമായ സാഹചര്യം. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായി പ്രതിദിന നിരക്ക് രണ്ട് ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 200739 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1038 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം രാജ്യത്ത് വാക്‌സിന്‍ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്‌സിന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ വാക്‌സിനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്.
അമേരിക്ക, യു.കെ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്റര്‍മാരും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്‌സിനുകളെല്ലാം രാജ്യത്ത് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. നിലവില്‍ ആസ്ട്രാസെനകയുടെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്തെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.