ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ 258 പേര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ 39 പേര്‍ വിദേശികള്‍ ആണ്. 258 രോഗികളില്‍ നാലുപേരാണ് മരണപ്പെട്ടത്.
ദല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഓരോ രോഗികളാണ് മരണപ്പെട്ടത്. ഇതില്‍ 22 രോഗികളെ അസുഖം ഭേദമായ ശേഷം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇതുപ്രകാരം ഇന്ത്യയിലുടനീളം ഇതുവരെ കൊവിഡ് -19 കേസുകളുടെ എണ്ണം 231 ആണെന്ന് മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ ന്യൂമോണിയ കേസുകളും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം പശ്ചിമബംഗാളില്‍ ഇന്ന് പുതിയ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കോട്ട്‌ലന്റിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണ് ഇത്. രാജസ്ഥാനില്‍ ഇതുവരെ 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ യു.പിയിലെ മന്ത്രിമാരോട് വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യാന്‍ യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. യു.പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് ക്വാറന്റൈനില്‍ പോയ സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിമാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍േദശം നല്‍കിയത്.
അതിനിടെ യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ ആദ്യ മരണമാണിത്.
യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജനുവരി 29നാണ് ആദ്യ കോവിഡ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രഈലും ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.കൊവിഡ്19 മൂലം ജറുസലേമില്‍ 85കാരന്‍ മരിച്ചതായി ഇസ്രഈല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറ്റയില്‍ മരണസംഖ്യ 4000 കടന്നു. ഇറ്റലിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് 627 കേസുകളാണ്. ഒരോ രണ്ടര മിനുട്ടിലും ഒരാളെന്ന കണക്കിലാണ് ഇറ്റലിയിലെ മരണ നിരക്ക്.
ഇറ്റലിയിലെ മരണ സംഖ്യ ചൈനയെ മറികടന്നിട്ടുണ്ട്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇറാനില്‍ 149 പേരും ഫ്രാന്‍സില്‍ 108 പേരും മരിച്ചു. ഇറ്റലിയില്‍ മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത നാലാമത്തെ രാജ്യമായി സ്‌പെയിന്‍ മാറി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ