ഫീഡില്‍ മുഴുവന്‍ ആളുകളുടെ സഹായഭ്യര്‍ത്ഥനയും സഹായങ്ങളും; സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ടോ എന്നതല്ല, ഈ സര്‍ക്കാര്‍ നിങ്ങളെ ഒരിക്കലും അര്‍ഹിക്കുന്നില്ല; ബോളിവുഡ് താരം വീര്‍ദാസ്
മുംബൈ: കൊവിഡ് പ്രതിരോധത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരവും സ്റ്റാന്‍ഡ് അപ്പ് കോമെഡിയനുമായ വീര്‍ദാസ്.
തന്റെ സോഷ്യല്‍ മീഡിയ ഫീഡ് മുഴുവനും സഹായ അഭ്യര്‍ത്ഥനകളും സഹായങ്ങള്‍ വിവിധ വ്യക്തികളും എത്തിച്ചു നല്‍കുന്നതാണ്. ഈ സര്‍ക്കാരിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നത് അവിടെ നിക്കട്ടെ, നിങ്ങളെ ഈ സര്‍ക്കാര്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ ഓണ്‍ലെെന്‍ ഷോ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഈ തുക മുഴുവനായി കൊവിഡ് വാക്സിന്‍ വാങ്ങുന്നതിനും വാക്സിന്‍ ബോധവല്‍ക്കരണത്തിനുമായി ഉപയോഗിക്കുന്ന ചാരിറ്റിക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടന്‍ സിദ്ധാര്‍ത്ഥും ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2600 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ പത്ത് ലക്ഷത്തിനടുത്ത് (9.94 ലക്ഷം) കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കൊവിഡ് കേസില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 79,719 കേസുകളും യു.എസില്‍ 62,642 ഉം തുര്‍ക്കിയില്‍ 54,791 ഉം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യാന്തരതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം 8.9 ലക്ഷം കേസുകളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ഭീഷണിയാണ് രാജ്യത്ത് കൊവിഡ് ഉയര്‍ത്തുന്നത്.
പലസംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് എന്ന് നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 11 മുതല്‍ 15 വരെ കൊവിഡ് കേസുകള്‍ രാജ്യത്ത് ഏറ്റവും രൂക്ഷമാകുമെന്നും തുടര്‍ന്ന് കുറയുമെന്നുമാണ് സൂചിപ്പിക്കുന്നത്.
പ്രതിദിന കേസുകള്‍ നാലര ലക്ഷത്തിന് മുകളില്‍ പോകുമെന്നും സൂചനകള്‍ ഉണ്ട്. രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയിട്ടുണ്ട്. 24,331 പുതിയ കൊവിഡ് കേസുകളാണ് ദല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
32 ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. നിലവില്‍ ദല്‍ഹിയില് 92000 ആക്ടീവ് കേസുകളാണുള്ളത്. അതേസമയം മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ട് പറയുന്നത്.
ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക